സൈബര്‍ തട്ടിപ്പുകാര്‍ക്ക് ഇരട്ടപ്പൂട്ട്; ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി ഇനി ചെലവാകില്ല
ആറുലക്ഷം മൊബൈല്‍ നമ്പറുകള്‍ ഇതിനോടകം 14 സി ബ്ലോക്ക് ചെയ്തു
സൈബര്‍ കുറ്റകൃത്യങ്ങള്‍ അടുത്തിടെയായി വലിയ തോതില്‍ വര്‍ധിച്ചു വരികയാണ്. സൈബര്‍ തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നതിന് മുമ്പ് ഭീഷണിപ്പെടുത്താനായി പറയുന്നത് നിങ്ങളെ ഡിജിറ്റല്‍ അറസ്റ്റിലാക്കി എന്നാണ്. ഇരകളെ അനങ്ങാന്‍ അനുവദിക്കാതെ സമ്മര്‍ദത്തിലാക്കി പണം വാങ്ങുന്നതിനാണ് ഇത്തരത്തില്‍ ഭീഷണി മുഴക്കുന്നത്.
ഈ വര്‍ഷം ഇതിനോടകം 6000 ലധികം ഡിജിറ്റല്‍ അറസ്റ്റ് പരാതികളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇതിന് പരിഹാരം എന്ന നിലയില്‍ ഡിജിറ്റല്‍ അറസ്റ്റ് പരാതികളും മറ്റ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. സൈബര്‍ കേസുകളില്‍ അടിയന്തര നടപടികള്‍ എടുക്കുക, കുറ്റവാളികളെ വേഗത്തില്‍ കണ്ടെത്തുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യം.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക എന്നാണ് പ്രാഥമികമായി പുറത്തുവരുന്ന സൂചനകള്‍. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ പ്രധാന സൈബര്‍ കേസുകളും ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള 14 സി എന്നു വിളിക്കുന്ന സൈബര്‍ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററിന് കൈമാറാനാണ് നീക്കമുളളത്. ഇതിനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പോലീസ് മേധാവികളുമായി 14 സി ബന്ധപ്പെട്ടു വരികയാണ്.
ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് ആറുലക്ഷം മൊബൈല്‍ നമ്പറുകള്‍ ഇതിനോടകം 14 സി ബ്ലോക്ക് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന്, കള്ളപ്പണം തുടങ്ങിയവ കടത്തി എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുസംഘങ്ങള്‍ ഇരകളെ ഫോണിലൂടെ കെണിയില്‍ വീഴ്ത്തി വന്‍ തുകകള്‍ കവരുന്നത്. വിവിധ സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇതിനോടകം 3.25 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.