₹1.6 ലക്ഷം കോടിയുടെ സമ്പത്ത്, ജോലിക്കാര്‍ക്ക് നല്‍കിയത് ₹680 ശമ്പളം; ബ്രിട്ടണിലെ ഇന്ത്യന്‍ സമ്പന്ന കുടുംബത്തിന് തടവുശിക്ഷ
18 മണിക്കൂര്‍ ജോലി, ഉറങ്ങുന്നത് നിലത്ത്, ശമ്പളം ഇന്ത്യന്‍ രൂപയില്‍ - ക്രൂരത വിവരിച്ച് ഇരകള്‍
ഇന്ത്യക്കാരായ വീട്ടുജോലിക്കാരെ ജനീവയിലെ വില്ലയില്‍ വച്ച് ഉപദ്രവിച്ചുവെന്ന കേസില്‍ ഹിന്ദുജ ഗ്രൂപ്പ് കുടുംബത്തിലെ നാല് പേര്‍ക്ക് നാലര വര്‍ഷം വീതം തടവുശിക്ഷ വിധിച്ച് സ്വിസ് കോടതി. ജനീവയിലെ ആഡംബര വില്ലയില്‍ ജോലി ചെയ്യിക്കാനായി ഇന്ത്യയില്‍ നിന്നും ആളുകളെ മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ ഇവരെ കോടതി കുറ്റവിമുക്തരാക്കി. വിധി കേള്‍ക്കാന്‍ ഹിന്ദുജ കുടുംബത്തിലെയാരും കോടതിയിലെത്തിയിരുന്നില്ല. കേസിലെ അഞ്ചാം പ്രതിയും ഫാമിലി ബിസിനസ് മാനേജരുമായ നജീബ് സിയാസി മാത്രമാണ് കോടതിയിലെത്തിയത്. ഇയാള്‍ക്ക് കോടതി 18 മാസത്തെ തടവുശിക്ഷ വിധിച്ചു.
ഇന്ത്യന്‍ വംശജനും പ്രമുഖ വ്യവസായിയുമായ പ്രകാശ് ഹിന്ദുജ, അദ്ദേഹത്തിന്റെ ഭാര്യ, മകന്‍, മകന്റെ ഭാര്യ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. നിയമവിരുദ്ധമായി തൊഴില്‍ ചെയ്യിപ്പിച്ചു, ജോലിക്കാരെ ഉപദ്രവിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തങ്ങള്‍ ജോലി ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് പരാതിക്കാരായ ജീവനക്കാര്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മനുഷ്യക്കടത്ത് കേസില്‍ ഇവരെ കുറ്റവിമുക്തരാക്കിയത്.
കേസ് ഇങ്ങനെ
പതിറ്റാണ്ടുകളായി സ്വിറ്റ്‌സര്‍ലന്റില്‍ കഴിയുന്ന ഹിന്ദുജ കുടുംബത്തിനെതിരെ തൊഴില്‍ പീഡനം ആരോപിച്ച് ജീവനക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ജീവനക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുക, സ്വിസ് ഫ്രാങ്കിന് പകരം ഇന്ത്യന്‍ രൂപയില്‍ ശമ്പളം നല്‍കുക, പുറത്തേക്ക് പോകാന്‍ അനുവദിക്കാതിരിക്കുക, ചെറിയ ശമ്പളത്തില്‍ നീണ്ട നേരം ജോലി ചെയ്യിക്കുക തുടങ്ങിയവയായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. 2007ല്‍ സമാന കേസില്‍ പ്രകാശ് ഹിന്ദുജയെ ശിക്ഷിച്ചിരുന്നെങ്കിലും പ്രതി തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം തുടര്‍ന്നതായി കോടതി ചൂണ്ടിക്കാട്ടി. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വത്തുക്കളില്‍ ഒരു ഭാഗം ഇതിനോടകം സ്വിസ് അധികൃതര്‍ കണ്ടുകെട്ടി. ഇത് നിയമച്ചെലവുകള്‍ക്കും പിഴയടക്കാനും ഉപയോഗിക്കും.
ജീവനക്കാരെ ദിവസവും 18 മണിക്കൂര്‍ വരെ വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സ്വിസ് നിയമങ്ങള്‍ അനുശാസിക്കുന്ന വേതനത്തിന്റെ പത്തിലൊന്ന് പോലും ശമ്പളമായി നല്‍കിയിരുന്നില്ല. ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ മതിയായ സൗകര്യവും ഒരുക്കിയിരുന്നില്ല. ഭയത്തിന്റെ അന്തരീക്ഷത്തിലാണ് എല്ലാവരും ജോലി ചെയ്തിരുന്നത്. ഹിന്ദി മാത്രം സംസാരിക്കാന്‍ അറിയാവുന്നവര്‍ക്ക് നാട്ടിലെ ബാങ്ക് അക്കൗണ്ടില്‍ ഇന്ത്യന്‍ രൂപയിലാണ് ശമ്പളം നല്‍കിയിരുന്നത്. 660 രൂപയായിരുന്നു ശമ്പളം. വീട്ടിലെ വളര്‍ത്തുനായയ്ക്ക് വേണ്ടി ചെലവിടുന്ന പണത്തിന്റെ അത്രപോലും ജീവനക്കാര്‍ക്ക് വേണ്ടി മാറ്റിവയ്ക്കാറില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
20 ബില്യന്‍ ഡോളര്‍ സമ്പാദ്യം
ഫോബ്‌സ് മാഗസിന്റെ കണക്ക് പ്രകാരം പ്രകാശും മൂന്ന് സഹോദരന്മാരും അടങ്ങുന്ന ഹിന്ദുജ കുടുംബത്തിന് 20 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് 1.6 ലക്ഷം കോടി രൂപ) സമ്പാദ്യമുണ്ട്. മീഡിയ & എന്റര്‍ടെയിന്‍മെന്റ്, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, ട്രേഡിംഗ്, ഐ.ടി, എനര്‍ജി, ഓട്ടോമോട്ടീവ്, ഓയില്‍, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ബാങ്കിംഗ്, ഫിനാന്‍സ് തുടങ്ങി 11 മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പ് ബിസിനസ് ചെയ്യുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും സമ്പന്നരായ 20 കുടുംബങ്ങളിലൊന്നാണ് ഹിന്ദുജ.