വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി: യാത്രാ വിലക്ക് അടക്കം കടുത്ത നടപടികളുമായി കേന്ദ്രം
കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ നൂറോളം ബോംബ് ഭീഷണികള്‍
ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്ക് കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ നൂറോളം ബോംബ് ഭീഷണികളാണ് ലഭിച്ചത്. വ്യാജ ബോംബ് ഭീഷണി ഉയരുന്ന സാഹചര്യങ്ങളില്‍ വലിയ ബുദ്ധിമുട്ടുകളാണ് യാത്രക്കാര്‍ നേരിടുന്നത്.
സിഖ് കൂട്ടക്കൊലയുടെ 40ാം വാർഷികത്തിൽ എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ ഭീഷണിയാണ് ഈ സംഭവങ്ങളിലെ ഏറ്റവും പുതിയത്. നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്നാണ് പന്നുവിന്റെ ഭീഷണിയുളളത്. 2023 നവംബറിലും പന്നു സമാനമായ ഭീഷണി മുഴക്കിയിരുന്നു.
നിയമനിര്‍മ്മാണം ഉടനെ
വ്യാജ ബോംബ് ഭീഷണികള്‍ നേരിടാന്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി. വ്യാജ ബോംബ് ഭീഷണികള്‍ ഗുരുതര കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. കുറ്റവാളികള്‍ക്ക് ആജീവനാന്ത യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ആലോചിക്കുന്നത്.
എയര്‍ക്രാഫ്റ്റ് സെക്യൂരിറ്റി നിയമത്തിലും ചട്ടത്തിലും കര്‍ശന വ്യവസ്ഥകള്‍ കൊണ്ടു വരും. 1982 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യോമയാന സുരക്ഷാ നിയമത്തിലും ഭേദഗതികള്‍ കൊണ്ടു വരും.
വ്യാജ ബോംബ് ഭീഷണികള്‍ വിമാന കമ്പനികള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നത് കൂടാതെ യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടും പ്രയാസവുമാണ് സൃഷ്ടിക്കുന്നത്.