World Bicycle day Special : കേരളം ചവിട്ടിത്തീര്‍ത്ത വഴികളും മാറുന്ന സൈക്കിള്‍ ട്രെന്‍ഡും

കേരളത്തിന്റെ സാമുഹ്യമാറ്റത്തെ അടയാളപ്പെടുത്തുന്നതില്‍ പോലും സൈക്കിളുകള്‍ക്ക് വലിയ പങ്കുണ്ട്. കുട്ടിയെ മുന്നിലും ഭാര്യയെ പിന്നിലും ഇരുത്തി ജീവിതം ചവിട്ടിത്തുടങ്ങിയ പലരും നമുക്ക് ചുറ്റുമുണ്ട്‌.

Update:2022-06-03 14:52 IST

സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന ഒരാളാണ് നിങ്ങളെങ്കില്‍, തീര്‍ച്ചയായും ജീവിതത്തെ രണ്ടായി തിരിക്കാം. സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതിന് മുമ്പും ശേഷവും. ജീവിതത്തില്‍ സഞ്ചാര സ്വാതന്ത്ര്യം എന്താണെന്ന് പലരും തിരിച്ചറിഞ്ഞത് ഒരുപക്ഷെ സൈക്കിള്‍ യാത്രകളിലൂടെയാവും. ഇന്ന് ലോക സൈക്കിള്‍ ദിനമാണ്. 2018 മുതല്‍ സൈക്കിള്‍ ചവിട്ടുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനാണ് ഐക്യരാഷ്ടസഭ ജൂണ്‍ 3, ലോക ബൈസൈക്കിള്‍ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

കേരളത്തിന്റെ സാമുഹ്യമാറ്റത്തെ അടയാളപ്പെടുത്തുന്നതില്‍ പോലും സൈക്കിളുകള്‍ക്ക് വലിയ പങ്കുണ്ട്. ഹെര്‍ക്കുലീസ് സൈക്കിളിന്റെ മുമ്പിലുള്ള കമ്പിയില്‍ ഘടിപ്പിച്ച കുഞ്ഞു സീറ്റും പുറകിലെ ക്യാരിയറും സൈഡിലെ പെട്ടിയും ഒരു സാധാരണ കുടുംബത്തിന്റെ അടയാളമായിരുന്നു. കുട്ടിയെ മുന്നിലും ഭാര്യയെ പിന്നിലും ഇരുത്തി ജീവിതം ചവിട്ടിത്തുടങ്ങിയ പലരും നമുക്ക് ചുറ്റുമുണ്ട്‌. സൈക്കിൾ  ഒരു ആഢംബരമായും ശേഷം സൈക്കിളില്‍ നിന്ന് സ്‌കൂട്ടറിലേക്കുള്ള മാറ്റം പുരോഗതിയായി വിലയിരുത്തപ്പെടുകയും ചെയ്ത രണ്ട് കാലഘട്ടങ്ങള്‍ രണ്ടായിരത്തിന് മുമ്പ് കേരളത്തിലുണ്ടായിരുന്നു.

സൈക്കിള്‍ റാലി പോലൊരു ലോറി റാലി

മുതിര്‍ന്നവര്‍ സ്‌കൂട്ടറുകളിലേക്കും ബൈക്കുകളിലേക്കും ചേക്കേറിയപ്പോള്‍ അന്നും ഇന്നും സൈക്കിളുകളെ സ്‌നേഹിച്ചത് കുട്ടികളാണ്. രാവിലെ എണീറ്റാല്‍ ട്യൂഷന്‍ സെന്ററിലേക്ക് തുടങ്ങുന്ന സൈക്കിള്‍ യാത്ര തിരികെ വീട്ടില്‍ അവസാനിക്കുമ്പോള്‍ സൂര്യന്‍ അസ്തമിക്കാറായിട്ടുണ്ടാവും. ബിഎസ്എ എസ്എല്‍ആറും പിന്നീട് എംടിബി റേസര്‍ബാക്കും ഒക്കെ ട്രെന്‍ഡായിരുന്ന കാലത്ത് നിന്ന് സൈക്കിളുകള്‍ ഒരുപാട് മാറി. ആ മാറ്റത്തിന് തുടക്കമിട്ടതാകട്ടെ ഹെര്‍കുലീസ് റോഡിയോയും.

ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റുപോവുന്നത് ക്യാരിയറുകളില്ലാത്ത മോഡല്‍ സൈക്കിളുകളാണ്. മുതിര്‍ന്നവര്‍ക്ക് വേണ്ടി എത്തിയിരുന്ന വലിയ റോഡ്‌സ്റ്റര്‍ സൈക്കിളുകളുടെ വില്‍പ്പന ഗ്രാമ പ്രദേശങ്ങളില്‍ മാത്രമായി ചുരുങ്ങി. മുതിര്‍ന്നവര്‍ പോലും ഡിസ്‌ക് ബ്രേക്കും ഗിയറും ഒക്കെയുള്ള മോഡലുകളിലേക്ക് മാറി. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ലേഡിബേര്‍ഡ് പോലുള്ള മോഡലുകളുടെ കച്ചവടവും കുറഞ്ഞു. ഇന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ മോഡല്‍ സൈക്കിളുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. പഴയ പട്ടുപാവാടയില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്ത ന്യുജെന്‍ കുട്ടികള്‍ക്ക് ഏത് സൈക്കിളും ഒരുപോലെ ചവിട്ടാമെന്നായി.

കോവിഡ് എത്തിയതോടെ ആരോഗ്യപരിപാലനത്തിനായി സൈക്കിള്‍ ചവിട്ടുന്നവരുടെ എണ്ണം കൂടി. പെട്രോള്‍ വില,  ലോക്കല്‍ ഓട്ടങ്ങള്‍ക്ക് സൈക്കിളെടുക്കാന്‍ പലരെയും നിര്‍ബന്ധിതരാക്കി. ഇതിനിടയില്‍ സൈക്കിള്‍ ചിവിട്ടി കശ്മീരില്‍ പോയി തിരിച്ചെത്തിയ മിടുക്കന്മാരും കേരളത്തില്‍ ധാരാളം. സൈക്കിള്‍ യാത്ര പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നത് കൊണ്ടാവാം, സൈക്കിള്‍ റാലികളുടെ എണ്ണം നാട്ടില്‍ കൂടുന്നത്. പെട്രോള്‍ വിലവര്‍ധനവിലെ പ്രതിഷേധം ആയിക്കോട്ടെ പുകയില വിരുദ്ധ ദിനത്തിലെ ബോധവല്‍ക്കരണം ആയിക്കോട്ടെ ഒരു സൈക്കിള്‍ റാലി നിര്‍ബന്ധമാണ്.

സൈക്കിള്‍ വര്‍ക്ക്‌ഷോപ്പിലെ ജീവിതങ്ങള്‍

ഭൂപ്രകൃതി അനുസരിച്ച് കേരളത്തിലെ സൈക്കിള്‍ വിപണിയിലും വ്യത്യാസമുണ്ട്. ഭൂരിഭാഗവും നിരപ്പായ വഴികളുള്ള ആലപ്പുഴ പോലുള്ള ജില്ലകളില്‍ സൈക്കളിള്‍ വില്‍പ്പന കൂടുകയാണെന്നാണ് ഡീലര്‍മാര്‍ പറയുന്നത്. അതേ സമയം എറണാകുളത്തെ കവിതാ സൈക്കിള്‍സിന്റെ ഉടമകളില്‍ ഒരാളായ ധര്‍മേഷ് ഷാ പറയുന്നത് കോവിഡിന് ശേഷം വില്‍പ്പന കുറവാണെന്നാണ്. ഓണ്‍ലൈന്‍ വഴി സൈക്കിള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയതും നാട്ടിലെ വില്‍പ്പനക്കാരെ ബാധിച്ചു. ഡെക്കാത്‌ലോണില്‍ മാത്രം ലഭിക്കുന്ന ബി-ട്വിന്‍ ബ്രാന്‍ഡിനും അത്യാവശ്യം വില്‍പ്പനയുണ്ട്.

ഇതിനിടയില്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷമാവുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ട്, സൈക്കിള്‍ നന്നാക്കുന്നവര്‍. ഇന്ന് നഗരങ്ങളില്‍ ഒരു സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് കണ്ടെത്തുക പ്രയാസമാണ്. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പുതുതലമുറ ഈ മേഖലയിലേക്ക് എത്തുന്നില്ല എന്നത് തന്നെയാണ് കാരണം. അന്യസംസ്ഥാനത്തൊഴിലാളികള്‍ ആണെങ്കില്‍ പണിപഠിച്ച് സ്വന്തം നാട്ടില്‍ വര്‍ക്ക്‌ഷോപ്പിടാന്‍ തുടങ്ങി. സൈക്കിള്‍ നന്നാക്കാന്‍ പലരും ഇപ്പോള്‍ ഷോറൂമുകളെ തന്നെയാണ് ആശ്രയിക്കുന്നത്. ഒരു സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് നടത്തി ജീവിതം മുന്നോട്ട് കൊണ്ടു പോവാന്‍ ബുദ്ധിമുട്ടാണെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

Tags:    

Similar News