പണം മുടക്കാന്‍ മടി, ഉയര്‍ന്ന പ്രതിഫലം; മലയാളത്തിലെ സിനിമ നിര്‍മാണം കുറയുന്നു

കഴിഞ്ഞ വര്‍ഷം മലയാള സിനിമയ്ക്ക് നഷ്ടം കോടികള്‍

Update:2024-07-29 14:04 IST

image credit : canva

മലയാള സിനിമാ നിര്‍മാണം കുറയുന്നു. താരങ്ങളും ടെക്‌നീഷ്യന്‍മാരും പ്രതിഫലം ഉയര്‍ത്തിയതും കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുണ്ടായിരുന്ന പ്രസക്തി കുറഞ്ഞതും വിദേശ മലയാളികള്‍ സിനിമാ നിര്‍മാണത്തിന് മടിക്കുന്നതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത സിനിമകളുടെ എണ്ണം പകുതിയായി.  ഒരു മാസം 20 സിനിമകള്‍ വരെ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്യുമായിരുന്നു. എന്നാലിപ്പോള്‍ സിനിമകളുടെ തള്ളിക്കയറ്റമില്ലെന്ന് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് ധനം ഓണ്‍ലൈനോട് പറഞ്ഞു.
കാരണമെന്ത്?
ഈ വര്‍ഷത്തിന്റെ തുടക്കത്തിലിറങ്ങിയ മലയാള സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. കോടികള്‍ വരുമാനം നേടിയ സിനിമകള്‍ തുടരെ വന്നതോടെ താരങ്ങളും ടെക്‌നീഷ്യന്‍മാരും പ്രതിഫലം കൂട്ടി. ഇത് സിനിമയുടെ മൊത്തം ചെലവിനെ സാരമായി ബാധിച്ചു.
150-200 വരെ സിനിമകള്‍ ഓരോ വര്‍ഷവും മലയാളത്തില്‍ ഇറങ്ങാറുണ്ടെങ്കിലും പത്തോളം സിനിമകള്‍ മാത്രമേ സാമ്പത്തികമായ വിജയം നേടാറുള്ളൂ. ബാക്കി സിനിമകള്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടം വരുത്താറാണ് പതിവ്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള വരുമാനവും കോവിഡ് കാലം കഴിഞ്ഞതോടെ ഗണ്യമായി കുറഞ്ഞു. ഓവര്‍സീസ്, സാറ്റലൈറ്റ് റൈറ്റ്‌സും ടിവി ചാനലുകളില്‍ നിന്നുള്ള വരുമാനവും ഇടിഞ്ഞു. അടുത്തിടെ നിര്‍മാതാക്കള്‍ക്ക് നല്‍കിയ പണം തിരികെ കിട്ടാന്‍ പലര്‍ക്കും നിയമപാലകരെ സമീപിക്കേണ്ടി വന്നിരുന്നു. ഇതോടെ സാമ്പത്തിക ഇടപാടുകാരും സിനിമാ രംഗത്തുനിന്നും പിന്മാറിയെന്നാണ് കരുതേണ്ടത്. 
കുറയുന്നത് നല്ലതെന്ന് തിയറ്ററുടമകള്‍
അതേസമയം, സിനിമകളുടെ എണ്ണം കുറയുന്നത് നല്ലതാണെന്നാണ് തിയറ്റര്‍ ഉടമകളും സിനിമാ അണിയറ പ്രവര്‍ത്തകരും പറയുന്നത്. ഒരുപാട് സിനിമകള്‍ ഒരുമിച്ചെത്തുന്നത് തിയറ്ററുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇതരഭാഷാ ചിത്രങ്ങളുമെത്തുന്നത് സിനിമയുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെയും സ്വാധീനിക്കും.
വേണ്ടത് പുതിയ മാറ്റം
സിനിമയില്‍ നിന്ന് പരമ്പരാഗതമായി ലഭിക്കുന്ന വരുമാന മാര്‍ഗങ്ങള്‍ക്ക് പുറമെ പുതിയ ധനാഗമന മാര്‍ഗങ്ങള്‍ കണ്ടെത്തണം. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അന്താരാഷ്ട്ര തലത്തില്‍ കാഴ്ച്ചക്കാരെ സൃഷ്ടിക്കുന്ന തരത്തിലുള്ള സിനിമകള്‍ നിര്‍മിക്കണം. സിനിമാ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും സിനിമാ രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നു.
Tags:    

Similar News