ഐഎംഡിയ്ക്ക് പ്രശംസ: 'ഫോനി'യെ കൃത്യതയോടെ  പ്രവചിച്ചതെങ്ങനെ?

Update:2019-05-06 12:17 IST

യാതൊരു ഉറപ്പുമില്ലാത്ത ഒരു കാര്യം കേൾക്കുമ്പോൾ പണ്ട് ആളുകൾ സ്ഥിരം പറയുന്ന ഒരു വാചകമുണ്ടായിരുന്നു; 'ഒരുമാതിരി കാലാവസ്ഥാ പ്രവചനം പോലെ'യെന്ന്. എന്നാൽ ഇപ്പോൾ കഥയാകെ മാറി. ഐഎംഡി ഇപ്പൊൾ പഴയ ഐഎംഡിയേ അല്ല.

20 വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു കഴിഞ്ഞ ദിവസം ഒഡീഷയിൽ സംഹാരതാണ്ഡവമാടിയ ഫോനി. കൃത്യമായ മുന്നറിയിപ്പും ഫോനിയുടെ ദിശ മാറുന്നതിനെക്കുറിച്ചുള്ള അറിയിപ്പുകളും നാശനഷ്ടങ്ങൾ കുറക്കുന്നതിന് സഹായിച്ചു എന്നുമാത്രമല്ല, ഇത് ഐഎംഡിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ വരെ പ്രശംസ നേടിക്കൊടുത്തു.

എങ്ങനെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇത്ര കൃത്യതയോടെ 'ഫോനി'യെ പ്രവചിച്ചത്?

  • ഫോനി ഒഡിഷയിൽ ആഞ്ഞടിക്കുന്നതിന് 13 ദിവസം മുൻപ്, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടുകൊണ്ടിരുന്ന ന്യൂനമർദ്ദത്തെക്കുറിച്ച് ഐഎംഡി ചില ആശങ്കകൾ പങ്കുവെച്ചിരുന്നു. ഈ ന്യൂനമർദം ഒരു കൊടുങ്കാറ്റായി മാറാമെന്ന സൂചനകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതോടെ ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ അവർ ആരംഭിച്ചു.
  • ഏപ്രിൽ 21-ന്, പല കേന്ദ്രങ്ങളിൽ നിന്നുള്ള ഡേറ്റ സമാഹരിച്ച്, ബംഗാൾ ഉൾക്കടലിലും ഇക്വേറ്റോറിയൽ ഇന്ത്യൻ ഓഷ്യാനിലും ന്യൂനമർദ്ദം രൂപപ്പെട്ടക്കാമെന്ന മുന്നറിയിപ്പ് പുറത്തുവിട്ടു. ചുഴലിക്കാറ്റിന്റെ ആദ്യ ഘട്ടമാണ് ന്യൂനമർദ്ദം.
  • മിനിസ്ട്രി ഓഫ് എർത്ത് സയൻസസിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടേയും കാലാവസ്ഥാ വിദഗ്ധരുടെയും സഹായത്തോടെ ന്യൂനമർദ്ദം ഏതൊക്കെ വിധത്തിൽ രൂപം മാറാം എന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി.
  • 10 തരം മോഡലുകൾ ഉപയോഗിച്ച് ഇതിന്റെ സാധ്യതകളും ഗതിയും പഠിച്ചു. എല്ലാ മോഡലുകളും കൈചൂണ്ടിയത് ഇതൊരു ചുഴലിക്കാറ്റായി മാറുമെന്ന സാധ്യതയിലേക്കാണ്.
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയ്ക്ക് (NIOT) ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി 20 ബോയ്കളുണ്ട്. ഇവയിൽ നിന്നും മഴ, താപനില, കാറ്റിന്റെ വേഗത തുടങ്ങിയവയുടെ ഡേറ്റ ശേഖരിച്ചു.

    കൂടാതെ, മേഘങ്ങളുടെ ചിത്രങ്ങളും മറ്റ് ഡേറ്റകളും വിവിധ സാറ്റലൈറ്റുകളിൽ നിന്നും ലഭ്യമാക്കി.

  • ദ്വീപുകളിൽ സ്ഥാപിച്ചിട്ടുള്ള ഐലന്റ് ഒബ്സർവേറ്ററികളിൽ നിന്നും ഡേറ്റ ലഭിച്ചു.
  • പുണെയിലെ IITM, നോയിഡയിലെ NCMRWF എന്നിവയുടെ സൂപ്പർ കംപ്യൂട്ടറുകൾ ഉപയോഗിച്ച് ഈ ഡേറ്റ ഏകോപിപ്പിച്ചാണ് വിവിധ മോഡലുകൾ തയ്യാറാക്കിയത്.
  • ചെന്നൈ, കാരിക്കൽ, മച്ചിലിപട്ടണം, വിശാഖപട്ടണം, ഗോപാൽപൂർ, പരാദീപ്, കൊൽക്കത്ത, അഗർത്തല എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഐഎംഡിയുടെ റഡാറുകളും മുഴുവനായും പ്രയോജനപ്പെടുത്തി.
  • ചുഴലിക്കാറ്റുണ്ടായാൽ താഴ്ന്ന സ്ഥലങ്ങളിൽ ഇതിന്റെ ഇമ്പാക്ട് എത്രമാത്രം ഉണ്ടാകുമെന്ന് പ്രവചിച്ചത് ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവിസ്സ് (INCOIS) നൽകിയ പഠന റിപ്പോർട്ട് അനുസരിച്ചാണ്.
  • ചുഴലിക്കാറ്റ് എത്തുന്നതിന് 12 മണിക്കൂർ മുൻപുതന്നെ ഓരോ സംസ്ഥാനങ്ങളിലും ഏതൊക്കെ സ്ഥലങ്ങളിൽ എപ്പോഴൊക്കെ കാറ്റ് വീശിയടിക്കുമെന്നുള്ള അപ്‌ഡേറ്റുകൾ ഓരോ അര മണിക്കൂർ കൂടുമ്പോഴും നൽകിക്കൊണ്ടിരുന്നു.

ഏപ്രിൽ 27 നാണ് ഫോനി cyclone ആയി രൂപം കൊണ്ടത്. ഏപ്രിൽ 29 ന് 'severe cyclonic storm' ആയി മാറി. ഏപ്രിൽ 30ന് 'very severe cyclone'. തൊട്ടടുത്ത ദിവസം 'extremely severe cyclone' ആയിമാറിയ ഫോണി മെയ് 3 ന് ഒഡിഷ തീരത്താഞ്ഞടിച്ചപ്പോഴേക്കും അതിന്റെ വേഗം മണിക്കൂറിൽ 175 കിലോമീറ്ററായിരുന്നു.

Similar News