കാനഡയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് 'ശനിദശ'; ട്രൂഡോയുടെ ഉള്ളിലിരുപ്പിന്റെ അനന്തരഫലമെന്ത്?
കാനഡയില്‍ പഠിക്കുന്ന മലയാളികളില്‍ ഭൂരിഭാഗവും അടുത്തിടെ എത്തിയവരാണ്. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ശക്തമാകുന്നത് മലയാളികള്‍ അടക്കമുള്ളവരെ ബാധിക്കുന്നുണ്ട്
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യ-കാനഡ ബന്ധം വഷളാകുമ്പോള്‍ ആശങ്കയിലായി വിദ്യാര്‍ത്ഥികളും. പതിനായിരത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ കാനഡയിലുണ്ട്. ഇവരില്‍ നല്ലൊരു പങ്കും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കാനഡയിലെത്തിയവരാണ്. പുതിയ സംഭവവികാസങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കാനഡ വാസത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഓഗസ്റ്റ് വരെയുള്ള വിവരമനുസരിച്ച് 4.27 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ ഉണ്ടെന്നാണ് കണക്ക്. കാനഡയിലെ ആകെ വിദേശ വിദ്യാര്‍ത്ഥികളുടെ 41 ശതമാനം വരുമിത്. കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഭാവന വളരെ വലുതാണ്. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ട്രൂഡോ സര്‍ക്കാര്‍ കൊണ്ടുവന്നതോടെ കാനഡയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ട്.
2023നെ അപേക്ഷിച്ച് ഈ വര്‍ഷം കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കില്‍ 37 ശതമാനത്തിന്റെ കുറവുണ്ട്. പുതിയ സംഭവവികാസങ്ങള്‍ ഈ ട്രെന്റ് തുടരുന്നതിന് ഇടയാക്കും. 2023 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സ്റ്റഡി പെര്‍മിറ്റില്‍ 86 ശതമാനത്തിന്റെ കുറവുണ്ട്. മുന്‍വര്‍ഷത്തെ 1,08,940ല്‍ നിന്ന് 14,901 ആയി കുറഞ്ഞു. ഇന്ത്യ-കാനഡ ബന്ധം വഷളായതിനു പിന്നാലെയാണ് എണ്ണത്തിലെ കുറവെന്നത് ശ്രദ്ധേയമാണ്.
വിദ്യാര്‍ത്ഥികളുടെ ഭാവിയെന്ത്?
കാനഡയില്‍ പഠിക്കുന്ന മലയാളികളില്‍ ഭൂരിഭാഗവും അടുത്തിടെ എത്തിയവരാണ്. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ശക്തമാകുന്നത് മലയാളികള്‍ അടക്കമുള്ളവരെ ബാധിക്കുന്നുണ്ട്. അടുത്തിടെ ട്രൂഡോ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവന്നിരുന്നു. ഇതിനെതിരേ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്.
കാനഡയില്‍ ട്രൂഡോ സര്‍ക്കാരിന്റെ ജനപ്രീതി ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞു വരികയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡ നിലംതൊടില്ലെന്നാണ് അഭിപ്രായസര്‍വേകള്‍ വരുന്നത്. കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ വരവ് മൂലം തദ്ദേശീയരുടെ തൊഴില്‍ നഷ്ടപ്പെടുകയും വീട്ടുവാടക വന്‍തോതില്‍ ഉയരുകയും ചെയ്തുവെന്ന വികാരമാണുള്ളത്. ഇന്ത്യ വിരുദ്ധ നിലപാട് കൈക്കൊള്ളുന്നതിലൂടെ ഈ വികാരത്തെ അനുകൂലമാക്കി എടുക്കാമെന്ന കണക്കുകൂട്ടല്‍ ട്രൂഡോയ്ക്കുണ്ട്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് കാനഡ ഇനിയുള്ള കാലം അത്ര സുഖകരമായ ഇടമായിരിക്കില്ല. തൊഴിലവസരങ്ങള്‍ കുറഞ്ഞതിനൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതയും ഇന്ത്യാവിരുദ്ധത ശക്തിപ്പെടാന്‍ ഇടയാക്കും. കാനഡയിലേക്ക് പോകാന്‍ താല്പര്യപ്പെട്ടിരുന്ന വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ജര്‍മനിയും ഓസ്‌ട്രേലിയയുമാണ് പുതിയ ലക്ഷ്യസ്ഥാനങ്ങളായി കാണുന്നത്.