മിന്നുന്ന ഒളിമ്പിക്‌സ് സ്വര്‍ണ മെഡലില്‍ പൊന്ന് വെറും ആറു ശതമാനം; എത്ര പേര്‍ക്ക് അറിയാം?

മെഡലുകള്‍ കടിച്ചു നോക്കുന്നത് സ്വര്‍ണം തന്നെയാണെന്ന് പരിശോധിക്കാനാണോ?

Update:2024-07-29 16:26 IST

image credit : olympics website

പാരീസ് ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരത്തില്‍ ഇന്ത്യക്കാരിയായ മനു ഭക്കര്‍ വെങ്കല മെഡല്‍ നേടിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇനിയും ഇന്ത്യന്‍ അത്‌ലറ്റുകള്‍ മെഡല്‍ നേടുമെന്ന പ്രതീക്ഷയുമുണ്ട്. എന്നാല്‍ ഒളിമ്പിക്‌സ് മത്സര വിജയികള്‍ക്ക് സമ്മാനിക്കുന്ന സ്വര്‍ണ മെഡലുകളില്‍ എത്ര ശതമാനം സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് എത്ര പേര്‍ക്കറിയാം.
അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മെഡലുകളാണ് വിജയികള്‍ക്ക് സമ്മാനിക്കുന്നത്. കൂട്ടത്തില്‍ സ്വര്‍ണ മെഡല്‍ കാഴ്ചയില്‍ മുഴുവന്‍ സ്വര്‍ണമാണെന്ന് തോന്നിപ്പിക്കും. എന്നാല്‍ വെറും ആറ് ശതമാനം മാത്രമാണ് ഇതിലെ സ്വര്‍ണമുള്ളത്. 92.5 ശതമാനവും വെള്ളിയായിരിക്കും. ആറ് ശതമാനം പരിശുദ്ധ സ്വര്‍ണം ഇതില്‍ പൂശുകയാണ് ചെയ്യുന്നത്. ഇക്കാര്യം 2021ല്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി സമ്മതിച്ചതാണ്. വെങ്കല മെഡലുകള്‍ 95 ശതമാനം ചെമ്പും (copper) അഞ്ച് ശതമാനം സിങ്കും (Zinc) അടങ്ങിയതാണ്.
വിലയെത്ര?

 

സ്വര്‍ണം പൂശിയ ഒളിമ്പിക്‌സ് മെഡലുകള്‍ക്ക് അതില്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥങ്ങളുടെ അടിസ്ഥാനത്തില്‍ മൂല്യം നിശ്ചയിക്കുമ്പോള്‍ കുറഞ്ഞ വിലയാണ് ലഭിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ മെഡലുകള്‍ തയ്യാറാക്കിയിരിക്കുന്നത് ആഡംബര ബ്രാന്‍ഡ് നിര്‍മാതാക്കളായ എല്‍.വി.എം.എച്ച് ഗ്രൂപ്പിന് കീഴിലുള്ള ചൗമെറ്റ് (Chaumet) എന്ന കമ്പനിയാണ്. ഈഫല്‍ ടവറുമായി ബന്ധപ്പെട്ട ഡിസൈന്‍ ആയതിനാല്‍ ഇത്തവണ ഒളിമ്പിക്‌സ് മെഡലുകള്‍ക്ക് മൂല്യമേറെയാണ്.
എന്നാലും എത്ര കിട്ടും?
750 മുതല്‍ 850 വരെ ഡോളര്‍ (ഏകദേശം 70,000 രൂപ) ആണ് സ്വര്‍ണ മെഡലിന്റെ മൂല്യം. ഇതില്‍ ഏകദേശം 30,000 രൂപ വില വരുന്ന സ്വര്‍ണവും ബാക്കി തുകയ്ക്കുള്ള വെള്ളിയുമാണ് അടങ്ങിയിരിക്കുന്നത്. വെള്ളിമെഡലുകള്‍ക്ക് ഏകദേശം 37,000 രൂപയും വെങ്കല മെഡലുകള്‍ക്ക് ഏകദേശം 400 രൂപയുമാണ് വില വരുന്നത്. അതേസമയം, ചരിത്ര പ്രാധാന്യം ഏറെയുള്ള ഒളിമ്പിക്‌സ് മെഡലുകളുടെ മൂല്യനിര്‍ണയം നടത്തുന്നത് അസാധ്യമാണെന്ന് കായിക രംഗത്തുള്ളവരും പറയുന്നു.
സെക്കന്റ് ഹാന്റ് മാര്‍ക്കറ്റില്‍ എത്ര കിട്ടും

 

ഭൂരിഭാഗം അത്‌ലറ്റുകളും തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ വില്‍ക്കാറില്ലെങ്കിലും ലേലത്തില്‍ വച്ചാല്‍ റെക്കോര്‍ഡ് തുകയ്ക്കാണ് മെഡലുകള്‍ വിറ്റുപോകുന്നത്. 2000 സിഡ്‌നി ഒളിമ്പിക്‌സില്‍ 50 ഫ്രീസ്റ്റൈല്‍ ജേതാവായ അമേരിക്കന്‍ നീന്തല്‍ താരം ആന്റണി ഇര്‍വിന്‍ തന്റെ സ്വര്‍ണ മെഡല്‍ 2005ല്‍ സുനാമി ദുരിത ബാധിതര്‍ക്ക് സഹായം നല്‍കാനായി ലേലത്തില്‍ വച്ചു. 17,000 ഡോളറിനാണ് (ഏകദേശം 14 ലക്ഷം രൂപ) അന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഇ-ബേയില്‍ വിറ്റുപോയത്.
റെക്കോര്‍ഡ് തുക
എന്നാല്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിറ്റ ഒളിമ്പിക് മെഡലിന്റെ റെക്കോര്‍ഡ് വേറെയാണ്. 1936 ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണ മെഡലുകള്‍ നേടിയ ജെസി ഓവന്‍സിന്റെ പേരിലാണ് ഈ റെക്കോര്‍ഡുള്ളത്. ഓവന്‍സിന്റെ മരണ ശേഷം 2013ല്‍ നടത്തിയ ലേലത്തില്‍ ഒരു മെഡലിന് 1.4 മില്യന്‍ ഡോളറും (ഏകദേശം 11.72 കോടി രൂപ) മറ്റൊന്നിന് 6,15,000 ഡോളറും (ഏകദേശം 5.14 കോടി രൂപ) ലഭിച്ചതായി സ്‌പോര്‍ട്‌സ് വെബ്‌സൈറ്റുകള്‍ പറയുന്നു.
അന്ന് മുഴുവന്‍ സ്വര്‍ണവും കൊടുത്തു
1904 വരെ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് വെള്ളിയും രണ്ടാം സ്ഥാനക്കാര്‍ക്ക് വെങ്കലവും മെഡലുകളാണ് നല്‍കിയിരുന്നത്. 1904, 1908, 1912 ഒളിമ്പിക്‌സുകളില്‍ സ്വര്‍ണത്തില്‍ തീര്‍ത്ത മെഡലുകളാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണത്തിന് വലിയ രീതിയിലുള്ള ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ സംഘാടകര്‍ മാറിച്ചിന്തിക്കുകയായിരുന്നു. വിജയികളുടെ സ്വര്‍ണ മെഡല്‍ തട്ടിയെടുക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചേക്കുമെന്ന ഭയവും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.
മെഡലുകള്‍ കടിച്ചുനോക്കുന്നതെന്തിന്

 

മിക്ക അത്‌ലറ്റുകളും മെഡല്‍ കിട്ടിയാലുടന്‍ കടിച്ചു നോക്കുന്ന ഫോട്ടോ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. കിട്ടിയത് സ്വര്‍ണം തന്നെയാണെന്ന് ഉറപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ചില വിരുതന്മാരുടെ കണ്ടെത്തല്‍. എന്നാല്‍ അത്‌ലറ്റുകളെക്കൊണ്ട് ഫോട്ടോഗ്രാഫര്‍മാരാണ് ഇത് ചെയ്യിക്കുന്നതെന്നാണ് ഒളിമ്പിക് ചരിത്രകാരന്മാര്‍ പറയുന്നത്. നല്ലൊരു ഷോട്ട് കിട്ടാന്‍ വേണ്ടി ഫോട്ടോഗ്രാഫര്‍ നടത്തുന്ന ചെറിയൊരു നമ്പര്‍ മാത്രമാണിതെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നു ഇവര്‍ വിശദീകരിക്കുന്നു.
Tags:    

Similar News