പ്രവാസികള്‍ക്ക് സന്തോഷ വാർത്ത; സൗദിയില്‍ ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഒരു വര്‍ഷം വരെ ഉപയോഗിക്കാം
കേരളത്തിലെ ആര്‍.ടി ഓഫീസുകളില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലൈസന്‍സ് എടുക്കുന്നത് എങ്ങനെ
ഇന്ത്യയിലെ വിവിധ ആര്‍.ടി ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന അന്താരാഷ്ട്ര ലൈസന്‍സ് ഉപയോഗിച്ച് സൗദി അറേബ്യയില്‍ ഒരു വര്‍ഷം വരെ വാഹനം ഓടിക്കാം. സൗദി ട്രാഫിക് ഡയരക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ കുറഞ്ഞ കാലയളവില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് സൗദി ലൈസന്‍സ് ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ട്രാഫിക് ഡയരക്ടറേറ്റിന് ലഭിച്ച കത്തിലാണ് സൗദിയിലെ നിയമത്തെ കുറിച്ച് ഡയരക്ടേറ്റ് അധികൃതര്‍ വ്യക്തമാക്കിയത്. ഏത് രാജ്യത്ത് നിന്ന് അനുവദിക്കുന്ന അന്താരാഷ്ട്ര ലൈസന്‍സ് ഉപയോഗിച്ചും ഒരു വര്‍ഷം വരെയോ ആ ലൈസന്‍സിന്റെ കാലാവധി കഴിയുന്നതുവരെയോ (ഏതാണ് ആദ്യമെങ്കില്‍) സൗദിയില്‍ വാഹനം ഓടിക്കാന്‍ അനുമതിയുണ്ട്.
അന്താരാഷ്ട്ര ലൈസന്‍സ് എങ്ങനെ കിട്ടും
ഇന്ത്യന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് വിദേശത്ത് പോകുമ്പോള്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന അന്താരാഷ്ട്ര ലൈസന്‍സ് കേരളത്തിലെ ആര്‍.ടി ഓഫീസുകളിലും ലഭിക്കും. ലൈസന്‍സിനായി പരിവാഹന്‍ വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോമിന്റെ മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. അതോടൊപ്പം, സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ വിസ, സ്വന്തം പാസ്‌പോര്‍ട്ട്, യാത്രക്കുള്ള വിമാന ടിക്കറ്റ് എന്നിവ ആര്‍.ടി ഓഫീസില്‍ ഹാജരാക്കണം. സന്ദര്‍ശിക്കുന്ന രാജ്യം, അവിടെ തങ്ങുന്ന സമയം തുടങ്ങിയ കാര്യങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. ആയിരം രൂപയാണ് ഫീസ്. മോട്ടോര്‍ ബൈക്കുകള്‍, പരമാവധി എട്ടു സീറ്റുള്ള യാത്രാ വാഹനങ്ങള്‍, 3500 കിലോഗ്രാമില്‍ കൂടാത്ത ചരക്ക് വാഹനങ്ങള്‍ തുടങ്ങിയവക്ക് പെര്‍മിറ്റ് കിട്ടും. മുമ്പ് റോഡ് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിഴയടക്കുകയോ മറ്റു രീതികളില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തവര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് വിലക്കാന്‍ ആര്‍.ടി.ഒ ക്ക് അധികാരമുണ്ട്.