ഉപ്പുതൊട്ട് വിമാനം വരെ, വെറുമാരു കമ്പനിയില്‍നിന്ന് ബ്രാന്‍ഡ് ടാറ്റ വളര്‍ത്തിയ പ്രതിഭ; രത്തന്‍ ടാറ്റയുടെ വരവും ടാറ്റ ഗ്രൂപ്പിന്റെ പരിണാമവും

യു.എസിലെ ഏഴുവര്‍ഷ കലാലയ ജീവിതത്തിനുശേഷം 1962ലാണ് രത്തന്‍ ടാറ്റ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്

Update:2024-10-10 10:50 IST
ലോകമെങ്ങും വളര്‍ന്നു പന്തലിച്ച ടാറ്റ ഗ്രൂപ്പിന്റെ തലവര മാറ്റിയെഴുതപ്പെടുന്നത് രത്തന്‍ നവല്‍ ടാറ്റ താക്കോല്‍സ്ഥാനം ഏറ്റെടുക്കുന്നതോടെയാണ്. ഉപ്പു മുതല്‍ സ്റ്റീല്‍ വരെയും സാധാരണക്കാരന് സഞ്ചരിക്കാന്‍ നാനോ കാറെന്ന വിപ്ലവവും രത്തന്‍ ടാറ്റയുടെ തലയില്‍ വിരിഞ്ഞ ആശയങ്ങളായിരുന്നു. പ്രത്യേക മേഖലകളില്‍ മാത്രം ശ്രദ്ധയൂന്നിയിരുന്ന കമ്പനിയെ ഒരു മനുഷ്യന് ജീവിതത്തില്‍ ആവശ്യമായ എല്ലാ മേഖലകളിലും സാന്നിധ്യമറിയിച്ച പ്രസ്ഥാനമാക്കി മാറ്റിയത് ടാറ്റയുടെ ദീര്‍ഘവീക്ഷണമായിരുന്നു.
യു.എസിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഴുവര്‍ഷത്തെ കലാലയ ജീവിതത്തിനുശേഷം 1962ലാണ് രത്തന്‍ ടാറ്റ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. തുടക്കത്തില്‍ ടാറ്റ ഗ്രൂപ്പിലെ ഒട്ടുമിക്ക കമ്പനികളിലും ജോലി ചെയ്ത ശേഷം ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ രൂപമായ ടാറ്റ ലോക്കോമോട്ടീവ് കമ്പനിയില്‍ ട്രെയ്‌നിയായി ചേര്‍ന്നു. 1963ലാണ് അദ്ദേഹം ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയില്‍ (ടിസ്‌കോ) ചേരുന്നത്.

രത്തന്റെ വരവും ടാറ്റയുടെ മാറ്റവും

ജംഷഡ്പൂരില്‍ രണ്ടുവര്‍ഷം ചെലവഴിച്ച ശേഷം 1965ല്‍ ടിസ്‌കോയുടെ എന്‍ജിനിയറിംഗ് ഡിവിഷന്റെ ടെക്‌നിക്കല്‍ ഓഫീസറായി ചുമതലയേറ്റു. ടാറ്റ ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലും വിദേശ പഠനത്തിലുമായി സമയം ചെലവഴിച്ച രത്തന്‍ ടാറ്റ 1981ലാണ് ടാറ്റ ഗ്രൂപ്പിന്റെ തലവര മാറ്റിയെഴുതാന്‍ നിയുക്തനാകുന്നത്. ടാറ്റ ഇന്‍സ്ട്രീസിന്റെ ചെയര്‍മാനായി മാറിയതോടെ കമ്പനിയെ പുതിയ പാതകളിലൂടെ വഴിനടത്താന്‍ ശ്രമം തുടങ്ങി.
ടെക്‌നോളജിയിലും ഓട്ടോമൊബൈല്‍ രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനിയെ സാധാരണക്കാരുടെ നിത്യജീവിതത്തിലേക്ക് എത്തിച്ചത് 1983ല്‍ ടാറ്റ സാള്‍ട്ട് അവതരിപ്പിച്ചു കൊണ്ടാണ്. രാജ്യത്തെ ആദ്യ ഉപ്പ് ബ്രാന്‍ഡിന്റെ പിറവി രത്തന്‍ ടാറ്റയുടെ ആശയമായിരുന്നു. ടാറ്റയുടെ സാന്നിധ്യം ഏറ്റവും സാധാരണക്കാരായ ആളുകളിലേക്ക് എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം.

ഉദാരവല്‍ക്കരണത്തിനൊപ്പം ടാറ്റയും

1991ലാണ് ജെ.ആര്‍.ഡി ടാറ്റയില്‍ നിന്ന് ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി രത്തന്‍ ടാറ്റ സ്ഥാനമേറ്റെടുക്കുന്നത്. ഈ സമയത്താണ് ഇന്ത്യ ഉദാരവല്‍ക്കരണത്തിന്റെ വാതിലുകള്‍ ലോകത്തിനു മുന്നില്‍ തുറന്നിടുന്നതും. പി.വി നരസിംഹറാവു സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ച് ടാറ്റ ഗ്രൂപ്പിനെ പുതിയ തലങ്ങളിലേക്ക് വളര്‍ത്തുന്നതില്‍ രത്തന്‍ ടാറ്റ വിജയിക്കുന്നു.
2000ത്തിലാണ് ടാറ്റയെ തേടി പത്മഭൂഷണ്‍ എത്തുന്നത്. ഈ കാലഘട്ടത്തില്‍ ചില വലിയ ഏറ്റെടുക്കലുകളും ടാറ്റ ഗ്രൂപ്പ് നടത്തി. ടാറ്റ ഗ്രൂപ്പ് അന്നുവരെ കൈവയ്ക്കാത്ത മേഖലകളില്‍ നിലവിലുള്ള കമ്പനികളെ ഏറ്റെടുത്ത് വിപണിയിലേക്ക് പ്രവേശിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. 2004ല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ (ടി.സി.എസ്) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു.
2006ലാണ് ടാറ്റ ഗ്രൂപ്പും യു.കെയിലെ സ്‌കൈ നെറ്റ്‌വര്‍ക്കും ചേര്‍ന്ന് സംയുക്ത ഡി.ടി.എച്ച് (ഡയറക്ട് ടു ഹോം) സംരംഭം 'ടാറ്റസ്‌കൈ' ആരംഭിക്കുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ വ്യവസായത്തില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ ഈ നീക്കത്തിന് സാധിച്ചു. 2008ലാണ് രാജ്യത്തെ സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാന്‍ പറ്റിയ ടാറ്റ നാനോ എന്ന കാര്‍ പുറത്തിറക്കുന്നത്. കേവലം ഒരു ലക്ഷം രൂപയ്ക്ക് ഒരു കാറെന്ന ആശയം വലിയ സ്വീകാര്യത നേടി. ടാറ്റ ഗ്രൂപ്പിനെ മാറ്റിമറിച്ച 50 വര്‍ഷങ്ങള്‍ക്കുശേഷം 2012ല്‍ രത്തന്‍ ടാറ്റ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതിനാണ് 2012 ഡിസംബര്‍ സാക്ഷ്യംവഹിച്ചത്.
Tags:    

Similar News