വൈറസ് കാലത്ത് വാഹനം അണു വിമുക്തമാക്കണം

Update: 2020-03-18 10:10 GMT

വൈറസ് രോഗ ഭീതി രൂക്ഷമായി നില്‍ക്കുമ്പോള്‍ സ്വന്തം കാര്‍ എങ്ങനെ അണു വിമുക്തമായി സൂക്ഷിക്കാമെന്ന അന്വേഷണത്തിലാണ് എല്ലാവരും തന്നെ.കാര്‍ അണുവിമുക്തമാക്കേണ്ടതെങ്ങനെയൊക്കെയെന്ന ഗവേഷണത്തിലാണ് പലരും. കുടുംബത്തിന്റെ ആരോഗ്യ കാര്യത്തില്‍ ഉത്ക്കണ്ഠയുള്ളവര്‍ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വാഹനങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍, വെറ്റ് വൈപ്പുകള്‍, മാസ്‌ക് തുടങ്ങിയവ അടങ്ങിയ ഒരു ചെറിയ കിറ്റ് എക്കാലവും സൂക്ഷിക്കുന്നത് നല്ല കാര്യമെന്ന് വിദഗ്ധര്‍ പറയുന്നു. യാത്ര തുടങ്ങുന്നതിനു മുമ്പും ശേഷവും സ്റ്റിയറിംഗ് വീല്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഗിയര്‍ ഷിഫ്റ്റ് നോബ്, ഹാന്‍ഡ്ബ്രേക്ക് ലിവര്‍ തുടങ്ങിയ ഉപരിതലങ്ങള്‍ വൃത്തിയാക്കാന്‍ വെറ്റ് വൈപ്പുകള്‍ സഹായകമാകും.

അണുബാധ കുറയ്ക്കുന്നതിന് കാര്‍ വൃത്തിയായി സൂക്ഷിച്ചേ പറ്റൂ. വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് അഭിലഷണീയം. ഫ്‌ളോര്‍ മാറ്റുകള്‍, പെഡലുകള്‍, ലിവര്‍, കാര്‍ഗോ സ്പെയ്സിലെ മാറ്റുകള്‍ തുടങ്ങിയവ വാക്വം ചെയ്യുന്നതിനൊപ്പം തുടച്ചു വൃത്തിയാക്കുകയും വേണം. സെന്റര്‍ കണ്‍സോള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡോര്‍ ലോക്കുകള്‍ എന്നിവ കൂടെക്കൂടെ തുടയ്ക്കണം.ബാക്ടീരിയയുടെ താവളമായ ഫാബ്രിക് സീറ്റുകള്‍ അണുബാധ ഏറ്റവും കൂടുതലുള്ള ഇടമാണ്. വിദഗ്ദ്ധ തൊഴിലാളികളെക്കൊണ്ട് നീരാവി കടത്തിവിട്ടുള്ള ശുദ്ധീകരണമാണ് ഇക്കാര്യത്തില്‍ അനുയോജ്യം.

ടാബ്ലെറ്റുകള്‍, കുട്ടികള്‍ കാറില്‍ ഉപയോഗിക്കുന്ന ഹാന്‍ഡ്ഹെല്‍ഡ് ഗെയിമുകള്‍ എന്നിവയും ചൈല്‍ഡ് സീറ്റ് ഉണ്ടെങ്കില്‍ അതും വാഹനത്തില്‍ നിന്നു പുറത്തെടുത്ത് പൂര്‍ണ്ണമായും വൃത്തിയാക്കിയ ശേഷം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയാണു വേണ്ടത്.സാധനങ്ങള്‍ സൂക്ഷിക്കുന്ന ചെറിയ അറകള്‍, ട്രേകള്‍, സീറ്റ് ബെല്‍റ്റ് എന്നിവയൊക്കെ ദിവസവും വൃത്തിയാക്കണം.

വിന്‍ഡോ ഗ്ലാസ്, ഹെഡ്റെസ്റ്റ്, ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ വൃത്തിയാക്കുന്നതും പ്രധാനം. നോബുകള്‍, സ്വിച്ചുകള്‍, ബട്ടണുകള്‍, സ്‌ക്രീനുകള്‍ തുടങ്ങിയവ ക്ലീനിംഗ് ലായനികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. വൈറസ് ബാധയുടെ കേന്ദ്രങ്ങളായ എയര്‍ കണ്ടീഷന്‍ യൂണിറ്റുകളും വിട്ടുവീഴ്ചയില്ലാതെ അണുവിമുക്തമാക്കേണ്ടതുണ്ട്. എയര്‍ ഫില്‍ട്ടര്‍ നന്നായി വൃത്തിയാക്കണം. സുഗമമായി  പ്രവര്‍ത്തിക്കാനും ഈ വൃത്തിയാക്കലുകള്‍ എ.സി യൂണിറ്റിനെ സഹായിക്കും. ഫില്‍ട്ടറുകള്‍ തിരികെ വയ്ക്കുന്നതിനു മുമ്പ് അപകടകാരികളല്ലാത്ത അണുനാശിനി ഉപയോഗിച്ച് തുടയ്ക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News