പൊറുതി മുട്ടിക്കുന്ന ലോണ്‍ റിക്കവറി ഏജന്റുമാരുടെ 'ചെവിക്കു പിടിക്കാന്‍' വഴികളുണ്ട്
വായ്പ എടുത്തയാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് നിയമവിരുദ്ധം
ചികിത്സ, വീടു പണി, വിവാഹം തുടങ്ങിയ പല അവശ്യ കാര്യങ്ങള്‍ക്കുമായി വായ്പ എടുക്കാന്‍ ബാങ്കുകളാണ് പ്രധാന ആശ്രയം. ലോണ്‍ തിരിച്ചടവില്‍ പ്രയാസം നേരിടുക പതിവ്. തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്ക് പ്രതിനിധികള്‍ ക്രൂരമായി പെരുമാറുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ട്. സ്വകാര്യ ബാങ്കുകളുടെ വരവോടെ റിക്കവറി നടത്തുന്ന ഉദ്യോഗസ്ഥര്‍ ചിലപ്പോള്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
എച്ച്.ഡി.എഫ്.സി ബാങ്കിന് 1 കോടി രൂപ പിഴ
റിക്കവറി ഏജന്റുമാരുടെ ഇടപെടലുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് എച്ച്.ഡി.എഫ്.സി ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ഒരു കോടി രൂപ പിഴ ചുമത്തിയത് അടുത്തയിടെയാണ്. ബാങ്കിന്റെ പ്രവര്‍ത്തന രീതി പരിശോധിച്ച ആര്‍.ബി.ഐ, ലോണ്‍ എടുത്തവരെ സമീപിക്കാനുളള അനുവദനീയമായ സമയത്തല്ല അവരെ ശല്ല്യപ്പെടുത്തിയതെന്ന് വ്യക്തമായി കണ്ടെത്തി.
രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ് റിക്കവറി ഏജന്റുമാര്‍ക്ക് ഉപയോക്താക്കളെ സമീപിക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. ഈ നിയന്ത്രണം പാലിക്കാനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എച്ച്.ഡി.എഫ്.സി ബാങ്ക് പാടെ അവഗണിച്ചതായി കണ്ടെത്തി.
നിയമപരമായ മാര്‍ഗങ്ങള്‍
റിക്കവറി ഏജന്റുമാരില്‍ നിന്നുമുളള വലിയ ഉപദ്രവങ്ങളില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ വഴികളുണ്ട്.
സംഭാഷണത്തിന് വരുന്ന ബാങ്ക് ഏജന്റുമാരുടെ ഐ.ഡി കാര്‍ഡ് പരിശോധിക്കാന്‍ ഉപയോക്താവിന് അവകാശമുണ്ട്. ബാങ്കോ അല്ലെങ്കില്‍ എന്‍.ബി.എഫ്.സിയോ നല്‍കിയ ഐ.ഡി കാര്‍ഡ് അവരുടെ കൈവശം ഉണ്ടാകേണ്ടതാണ്.
ഒരാളുടെ കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ റിക്കവറി ഏജന്റുമാര്‍ നിയമപ്രകാരം ബാധ്യസ്ഥരാണ്. അവര്‍ക്ക് ഒരാളുടെ വായ്പാ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ അവകാശമില്ല.
അനുചിതമായ സന്ദേശം അയക്കുക, ഭീഷണിപ്പെടുത്തുന്ന വിധം കോള്‍ ചെയ്യുക, അവഹേളിക്കുക, സ്വകാര്യതയിലേക്ക് കടന്നുകയറുക തുടങ്ങിയവ നിയമവിരുദ്ധമാണ്.
കടം വാങ്ങുന്നവരുമായി ഇടപെടുമ്പോള്‍ റിക്കവറി ഏജന്റുമാര്‍ കര്‍ശനമായി മനുഷ്യത്വപരമായ പെരുമാറ്റച്ചട്ടം പാലിക്കേണ്ടതുണ്ട്. അവരുടെ സമീപനം മാന്യവും പരിഷ്‌കൃതവുമായിരിക്കണം. രാവിലെ 7 നും വൈകുന്നേരം 7 നും ഇടയില്‍ മാത്രം ബന്ധപ്പെടണം.
പൊലീസില്‍ പരാതിപ്പെടാം: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 506ാം വകുപ്പ് പ്രകാരം, ഭീഷണിപ്പെടുത്തലിനെതിരെ ലോക്കല്‍ പോലീസില്‍ പരാതിപ്പെടാന്‍ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ട്.
കോടതിയില്‍ ഇന്‍ഞ്ചക്ഷന്‍ ഫയല്‍ ചെയ്യാം: കൂടുതല്‍ ഉപദ്രവം തടയാന്‍ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാം.
ഓംബുഡ്‌സ്മാന് പരാതി നല്‍കാം: പരാതികള്‍ പരിഹരിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടാല്‍ ആര്‍.ബി.ഐ ഓംബുഡ്‌സ്മാനെ സമീപിക്കാവുന്നതാണ്.
ഉപഭോക്തൃ കോടതി: എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ പോലീസ് വിസമ്മതിക്കുകയാണെങ്കില്‍, ഉപഭോക്തൃ കോടതിയില്‍ പരാതി കൊടുക്കാം.
നിയമപരമായ പ്രാതിനിധ്യം ഉറപ്പാക്കുക: ഉചിതമായ നിയമ നടപടിയെക്കുറിച്ചുള്ള ഉപദേശത്തിനായി ഒരു അഭിഭാഷകനെ സമീപിക്കാം.
എല്ലാം രേഖപ്പെടുത്തുക: തീയതികള്‍, സമയം, ആശയവിനിമയ ഉള്ളടക്കം തുടങ്ങിയവ ഉള്‍പ്പെടെ റിക്കവറി ഏജന്റുമാരുമായുള്ള എല്ലാ ഇടപെടലുകളുടെയും റെക്കോര്‍ഡ് സൂക്ഷിക്കണം.
ബാങ്കുമായി ചര്‍ച്ച നടത്തുക: ലോണ്‍ സംബന്ധിച്ച കൂടുതല്‍ പ്രതിസന്ധി ഒഴിവാക്കാനായി ബാങ്കുമായി സംസാരിച്ച് ഒരു തിരിച്ചടവ് പ്ലാന്‍ തയ്യാറാക്കാന്‍ ശ്രമിക്കുക.