ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് 'മാമാങ്കം' നവംബര്‍ 28 മുതല്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ പ്ലാനുള്ളവര്‍ക്ക് സുവര്‍ണാവസരം
സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് നവംബര്‍ 28,29,30 തീയതികളില്‍ കോവളം ലീല റാവിസില്‍ നടക്കും
രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിന്റെ ആറാമത് എഡിഷന്‍ നവംബര്‍ 28,29,30 തീയതികളില്‍ കോവളം ലീല റാവിസില്‍ നടക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടി, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ തുടക്കക്കാരെയും സംരംഭകരെയും നിക്ഷേപകരെയും ഒരേ വേദിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം സംരംഭം തുടങ്ങുന്നതിനുള്ള പ്രക്രിയ എളുപ്പമാക്കാനും ഇത് സഹായകമാകും.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഹഡില്‍ ഗ്ലോബല്‍ ഉദ്ഘാടനം ചെയ്യുക. ലോകമെമ്പാടുമുള്ള നൂറ്റമ്പതോളം നിക്ഷേപകരും മൂവായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളും നൂറിലധികം മാര്‍ഗ നിര്‍ദേശകരും പരിപാടിയില്‍ പങ്കെടുക്കും. പതിനായിരത്തിലധികം പേര്‍ ഹഡില്‍ ഗ്ലോബലിന്റെ ഭാഗമാകും.കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവയും ഹഡില്‍ ഗ്ലോബലിലൂടെ ലക്ഷ്യമിടുന്നു.
ആര്‍ക്കൊക്കെ പങ്കെടുക്കാം
എഡ്യൂടെക്, ഓഗ്‌മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്‌പേസ്‌ടെക്, ഹെല്‍ത്ത്‌ടെക്, ബ്ലോക്ക്ചെയ്ന്‍, ഐഒടി, ഇ-ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിംഗ് മേഖലകളിലെ സംരംഭങ്ങള്‍ക്ക് ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കാം. ആഗോളപ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ അനുഭവങ്ങള്‍ പരിപാടിയില്‍ പങ്കുവെയ്ക്കും. സംരംഭങ്ങള്‍ക്കുള്ള ആശയ രൂപകല്‍പ്പന, ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്‍ക്കരണം തുടങ്ങിയവയില്‍ യുവ സംരംഭകര്‍ക്ക് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശം നല്‍കും. വ്യവസായ പ്രമുഖര്‍, ഗവേഷണ സ്ഥാപന മേധാവികള്‍, സര്‍വകലാശാലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാം
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കുന്നതിനുമുള്ള അവസരം ഹഡില്‍ ഗ്ലോബലിലുണ്ടാകും. നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ലഭിക്കും. സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, നിക്ഷേപക സംഗമങ്ങള്‍, ശില്‍പ്പശാലകള്‍, മെന്റര്‍ മീറ്റിംഗുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം സ്റ്റേജ് പരിപാടികളും ഇത്തവണത്തെ സംഗമത്തിന്റെ സവിശേഷതകളാണ്.
മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, നയകര്‍ത്താക്കള്‍ തുടങ്ങിയവര്‍ ഹഡില്‍ ഗ്ലോബലില്‍ സംസാരിക്കും.
150 നിക്ഷേപകരുള്ള ഇന്‍വെസ്റ്റര്‍ ഓപ്പണ്‍ പിച്ചുകള്‍, ഐഇഡിസി ഹാക്കത്തോണ്‍, ദേശീയ രാജ്യാന്തര സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്ന വിദഗ്ധരുമായുള്ള പാനല്‍ ചര്‍ച്ചകള്‍, നിക്ഷേപ അവസരങ്ങള്‍ മനസിലാക്കാന്‍ നിക്ഷേപകരുമായുള്ള പാനല്‍ ചര്‍ച്ചകള്‍, നെറ്റ്വര്‍ക്കിംഗ്, മെന്റര്‍ സ്പീഡ് ഡേറ്റിംഗ്, നിക്ഷേപക കഫേ, കോര്‍പ്പറേറ്റ് നിക്ഷേപ പ്രഖ്യാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടല്‍, മറ്റ് ബിസിനസ്-നിക്ഷേപ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഹഡില്‍ ഗ്ലോബലിന്റെ സവിശേഷതയാണ്. വെബ്സൈറ്റ്: https://huddleglobal.co.in/