കേരളത്തിലെ ഇറച്ചിക്കോഴികളില്‍ മരുന്ന് പോലും ഫലിക്കാത്ത സൂക്ഷ്മജീവികള്‍! ഐ.സി.എം.ആറിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍
ഇറച്ചിക്കോഴികളില്‍ അതിമാരക ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി നേരത്തെയും ആരോപണമുണ്ടെങ്കിലും ഇപ്പോഴാണ് ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുന്നത്
കേരളത്തിലും തെലങ്കാനയിലും വില്‍ക്കുന്ന ഇറച്ചിക്കോഴികളില്‍ മരുന്നുകളെപ്പോലും അതിജീവിക്കുന്ന സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്തി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). ആന്റിബയോട്ടിക് പ്രതിരോധം എന്ന പേരില്‍ അറിയപ്പെടുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍) ബാക്ടീരിയകളുടെ ജീന്‍ പ്രൊഫൈലാണ് ഇവയില്‍ കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളര്‍ത്തല്‍ ആരംഭിച്ചതോടെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചതാണ് വില്ലനായത്. ഐ.സി.എം.ആറിന് കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ ഡ്രഗ് സേഫ്റ്റി ഡിവിഷന്‍ നടത്തിയ പഠനത്തിലാണ് ഇത് വെളിപ്പെട്ടത്.
ആരോപണം നേരത്തെയും, തെളിഞ്ഞത് ആദ്യം
തെക്കേ ഇന്ത്യയിലെ ഇറച്ചിക്കോഴികളില്‍ അതിമാരക ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി നേരത്തെയും ആരോപണമുണ്ടെങ്കിലും ഇപ്പോഴാണ് ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുന്നത്. പഠനത്തിന്റെ ആവശ്യത്തിന് മധ്യ-തെക്കേ ഇന്ത്യയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗ്രാം നെഗറ്റീവ്, അനോര്‍ബിക് സ്പീഷിസുകളുടെ സാന്നിധ്യം കണ്ടെത്തി. ഏറ്റവും അപകടകാരികളാണ് ഗ്രാം നെഗറ്റീവ് വിഭാഗത്തിലുള്ളത്. മരുന്നുകളെ പ്രതിരോധിക്കാനുള്ള ബാഹ്യചര്‍മമുള്ളവയാണിവ. ഇവക്ക് ആന്റിബയോട്ടിക് പ്രതിരോധം കൂടി ആര്‍ജിക്കാനായാല്‍ സ്ഥിതി ഗുരുതരമാകും. ന്യൂമോണിയ, കോളറ, ഭക്ഷ്യവിഷബാധ തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിനുള്ള ചികിത്സക്ക് ഇത് കനത്ത വെല്ലുവിളിയാണ്. ആന്റിബയോട്ടിക് പ്രതിരോധമെന്ന് അറിയപ്പെടുന്ന ഈ അവസ്ഥക്കെതിരെ ആരോഗ്യ വകുപ്പ് തീവ്രയജ്ഞം നടത്തുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്.
കണ്ടെത്തിയത് മാരക ബാക്ടീരിയകള്‍
ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന ഗുരുതര സ്വഭാവത്തിലുള്ള പകര്‍ച്ച രോഗാണുക്കളായ (High Priority Pathogens) ഇ.കോളി, ക്ലോസ്റ്റിറിഡിയം പെര്‍ഫ്രിന്‍ജെന്‍സ്, ക്ലെബ്‌സില്ല ന്യൂമോണിയ സ്റ്റഫൈലോകോക്കസ് ഓറിയസ്, എന്റെറോകോക്കസ് ഫൈക്കാലിസ് തുടങ്ങിയവയും ഇറച്ചിക്കോഴികളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂമോണിയക്ക് കാരണമാകുന്ന രോഗാണുവാണ് ക്ലെബ്‌സില്ല ന്യൂമോണിയ സ്റ്റഫൈലോകോക്കസ് ഓറിയസ്. ഇ.കോളി വയറിളക്കത്തിന് കാരണമാകുന്നു. ത്വക്ക് രോഗം, മൂത്രാശയ അണുബാധ, ഉദരസംബന്ധമായ അണുബാധ തുടങ്ങിയവക്ക് കാരണമാകുന്ന രോഗാണുക്കളും ഇതിലുണ്ട്.
എന്താണ് ആന്റിബയോട്ടിക് പ്രതിരോധം
ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങള്‍ തുടങ്ങിയ സൂക്ഷ്മജീവികള്‍ ജീവകോശങ്ങളെ ആക്രമിക്കുമ്പോഴാണ് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും രോഗമുണ്ടാകുന്നത്. ഇവയെ ചെറുക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് ആന്റി ബയോട്ടിക് എന്നറിയപ്പെടുന്ന ആന്റി മൈക്രോബിയല്‍ മരുന്നുകള്‍. കാലക്രമത്തില്‍ ഈ മരുന്നുകളെ ചെറുക്കാനുള്ള കഴിവ് രോഗാണുക്കള്‍ ആര്‍ജിക്കുന്ന അവസ്ഥയാണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (എ.എം.ആര്‍). 2019ല്‍ ഈ രോഗാവസ്ഥ മൂലം 12.7 ലക്ഷം ആളുകള്‍ മരിച്ചെന്നാണ് കണക്ക്. 2050 എത്തുമ്പോള്‍ ആഗോളതലത്തില്‍ ഒരു കോടിയാളുകള്‍ ഇത്തരത്തില്‍ മരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നവംബര്‍ 18 മുതല്‍ 24 വരെയുള്ള തീയതികളിലാണ് ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നത്.
കൂടുതലും തെക്കന്‍ ജില്ലകളില്‍
രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലെ ഇറച്ചിക്കോഴികളിലാണ് എ.എം.ആര്‍ ജീനുകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. കേരളത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഇതില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട തെക്കന്‍ മേഖലയിലാണ് ഇത്തരം ബാക്ടീരയകളുടെ സാന്നിധ്യം കൂടുതലായി സ്ഥിരീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.