വിമാനത്താവള നിര്‍മിതികളുടെ കെട്ടുറപ്പ് പരിശോധനയ്ക്ക് അടിയന്തര നിര്‍ദേശം
ഡല്‍ഹി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
രാജ്യത്തെ വിമാനത്താവള നിര്‍മിതികളുടെ കെട്ടുറപ്പ് പരിശോധനയ്ക്ക് (സ്ട്രക്ചറല്‍ ഓഡിറ്റ്) നടത്താന്‍ വ്യോമയാന മന്ത്രാലയം അടിയന്തര നിര്‍ദേശം നല്‍കി. അഞ്ചു ദിവസത്തിനകം വിമാനത്താവള അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണം. ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച്ച പെയ്ത ശക്തമായ കാറ്റിലും മഴയിലും മേല്‍ക്കൂര തകര്‍ന്ന സംഭവത്തെ തുടര്‍ന്നാണ് നിര്‍ദേശം. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തു.
വിമാനത്താവളത്തിലെ അപകടത്തെ കുറിച്ച് പ്രത്യേക ഉന്നത തല അന്വേഷണം നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും കെട്ടിടങ്ങളുടെ ഉറപ്പ് പരിശോധിക്കാനും പ്രത്യേക ഓഡിറ്റ് നടത്താനും നിര്‍ദേശിച്ചതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹല്‍ പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവും ഡല്‍ഹി വിമാനത്താവളം സന്ദര്‍ശിച്ചു. തകര്‍ന്ന ടെര്‍മിനലിന്റെ പുനര്‍ നിര്‍മാണം വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഐ. ഐ. ടി യിലെ വിദഗ്ദര്‍ പരിശോധിക്കും.
യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കും
ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കും. കേന്ദ്ര വ്യോമയാന മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പണം തിരികെ നല്‍കുകയോ ടിക്കറ്റ് റീബുകിംഗ് നടത്തുകയോ ചെയ്യാമെന്ന് മന്ത്രി പറഞ്ഞു. പണം തിരികെ നല്‍കാന്‍ വാര്‍ റൂം തുറന്നിട്ടുണ്ട്. ഏഴ് ദിവസത്തിനകം റീഫണ്ട് നല്‍കും.ഡല്‍ഹിയില്‍ നിന്നുള്ള വിമാന യാത്ര നിരക്ക് കൂടുതലാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ജബല്‍പൂര്‍ അപകടം പാഠമായില്ല
ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്നതിന്റെ രണ്ട് നാള്‍ മുമ്പാണ് ജബല്‍പൂര്‍ വിമാനത്താവളത്തില്‍ സമാനമായ അപകടം ഉണ്ടായത്. അവിടെ ഒരു കാര്‍ തകര്‍ന്നിരുന്നു. ഡല്‍ഹി അപകടത്തിനു കാരണം അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ മഴ ആണെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. ഡൊമെസ്റ്റിക് ടെര്‍മിനലിന്റെ നടത്തിപ്പ് സ്വകാര്യ പങ്കാളിത്ത കരാര്‍ പ്രകാരം ജി.എം.ആര്‍ ഇന്‍ഫ്രാ കമ്പനിക്കാണ്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് ഉദ്ഘാടനം നടത്തിയതായി ആരോപണമുണ്ട്.