ഇന്ന് നിങ്ങൾ അറിയേണ്ട 5 പ്രധാന വാർത്തകൾ; സെപ്റ്റംബർ 27

Update: 2019-09-27 04:48 GMT

1. ഇൻകം ടാക്സ് റിട്ടേണുകൾ ഒക്ടോബർ 31വരെ സമർപ്പിക്കാം

ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 30 ൽ നിന്നും ഒക്ടോബർ 31 ലേക്ക് നീട്ടി. ആദായ നികുതി വകുപ്പ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

2. വാഹനങ്ങളുടെ പുനര്‍ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂടും

15 വര്‍ഷത്തിലേറെയായ വാഹനങ്ങള്‍ പുനര്‍രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ഫീസ് പത്തിരട്ടി മുതല്‍ 40 ഇരട്ടി വരെയാകാന്‍ സാധ്യത. കാറിന് 15000 രൂപയും ബൈക്കിന് 2000 രൂപയും ആയേക്കും. പഴയ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും അതുവഴി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

3. എസ്ബിഐ യുടെ യോനോ ആപ്പ് സേവനങ്ങൾ ഇനി വിദേശത്തും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിങ് ആപ് ആയ യോനോ, യുകെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. യോനോ ആപ് ആഗോള തലത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ച എസ്ബിഐ അതിന് യുകെയില്‍ നിന്നു തുടക്കം കുറിച്ചിരിക്കുകയാണ്.

4. മരട് ഫ്‌ളാറ്റ്; ഒഴിപ്പിക്കല്‍ നടപടി തുടങ്ങി

മരട് ഫ്‌ളാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ ഒഴിപ്പിക്കല്‍ നടപടി ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ആദ്യഘട്ടമായി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകളിലെ വൈദ്യുതിയും വെള്ളവും നിര്‍ത്തി വയ്ക്കുകയും ഗ്യാസ്, ടെലിഫോണ്‍ ലാന്‍ഡ് ലൈന്‍ എന്നിവ വിച്ഛേദിക്കാന്‍ അറിയിപ്പു നല്‍കുകയും ചെയ്തു.

5. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറഞ്ഞു

രാജ്യത്തെ ക്രൂഡ് ഓയിലിന്റെയും പ്രകൃതി വാതകത്തിന്റെയും ഉല്‍പ്പാദനം, ലക്ഷ്യമിട്ടതിനേക്കാള്‍ 6.04 കുറഞ്ഞതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കഴിഞ്ഞ ഏപ്രില്‍- ഓഗസ്റ്റ് കാലഘട്ടത്തില്‍ 5.44 ശതമാനം കുറവാണ് ക്രൂഡിന്റെ ഉല്‍പ്പാദനത്തില്‍ വന്നത്.

Similar News