പൂ വേണ്ട, പൂക്കൂട വേണ്ട; മലയാളിക്ക് പൂക്കളവും ഓണ്‍ലൈനില്‍

ഓര്‍ഡര്‍ ചെയ്യാം ഓണത്തപ്പനും സദ്യ വിഭവങ്ങളും

Update:2024-09-12 11:05 IST

amazon.in

പൂക്കൂടയുമായി കുട്ടികള്‍ ഓണക്കാലത്ത് പൂപറിക്കാന്‍ പോകുന്നതൊക്കെ പഴങ്കഥ. ഇപ്പോള്‍ പൂക്കളവും ഓണ്‍ലൈനില്‍ കിട്ടും. മലയാളിക്ക് ഓണം കളറാക്കാന്‍ ഇ-കോമേഴ്‌സ് വെബ് സൈറ്റുകളും ഈ ഓണക്കാലത്തും നേരത്തെ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളം മുതല്‍ ഓണസദ്യക്കുള്ള വിഭവങ്ങള്‍ വരെ ഓണ്‍ലൈനില്‍ വില്‍പ്പനക്കുണ്ട്. അത്തം മുതല്‍ തിരുവോണം വരെ വീട്ടില്‍ പൂക്കളമൊരുക്കാന്‍ ആമസോണിനെയും ഫ്ളിപ് കാര്‍ട്ടിനെയും ആശ്രയിച്ച മലയാളികളുടെ എണ്ണം ഇത്തവണ വര്‍ധിച്ചിട്ടുണ്ട്. ഓണത്തിന് കൂടുതല്‍ ഉല്‍പ്പന്നങ്ങളുമായി ഇ-കോമേഴ്‌സ്  വെബ് സൈറ്റുകളും നേരത്തെ ഒരുങ്ങി.

വ്യത്യസ്ത ഡിസൈനുകള്‍

വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള പൂക്കളങ്ങളുടെ വില്‍പ്പന ഓണ്‍ലൈന്‍ വിപണിയില്‍ സജീവമാണ്. കൃത്രിമ പൂക്കള്‍, വര്‍ണ്ണ കടലാസുകള്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ചവയാണ് ഏറെയും. കൃത്രിമ പൂക്കള്‍ കൊണ്ടുള്ള ഒരു പൂക്കളമുണ്ടെങ്കില്‍ ഓണത്തിന്റെ പത്തു ദിവസവും ഉപയോഗിക്കാം. ചിലവ് കുറയും. 300 രൂപ മുതലാണ് വില. നഗരങ്ങളിലാണ് ഇവക്ക് കൂടുതല്‍ ഡിമാന്റ്. ഓഫീസുകളില്‍ പൂക്കളമൊരുക്കാന്‍ ഇത്തരം റെഡിമെയ്ഡ് പൂക്കളങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഓണ സദ്യക്കുള്ള വിഭവങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. ഓരോ വിഭവങ്ങളും വ്യത്യസ്ത പായ്ക്കുകളായാണ് എത്തുന്നത്. പായസം, ശര്‍ക്കര വരട്ടി, പപ്പടം, രസം മികിസ്,.ചിപ്‌സ്, കൊണ്ടാട്ടം തുടങ്ങി വിവിധ വിഭവങ്ങള്‍ക്ക് ഓണക്കാലത്ത് ഓണ്‍ലൈനില്‍ ഡിമാന്റുണ്ട്. കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ ഇത്തരം ഉല്‍പ്പന്നങ്ങളുമായി സജീവമായി രംഗത്തുണ്ട്.

ഓണത്തപ്പനും ഓണ്‍ലൈനില്‍

ഓണവിശ്വാസങ്ങളില്‍ പ്രധാനപ്പെട്ട ഓണത്തപ്പന്‍ അഥവാ തൃക്കാക്കരയപ്പന്‍ ഓണ്‍ലൈനിലുണ്ട്. മരം, കളിമണ്ണ് തുടങ്ങിയവയില്‍ നിര്‍മ്മിച്ച ഓണത്തപ്പന് 400 രൂപ മുതലാണ് വില. ഡിജിറ്റല്‍ കാലത്ത് പൂക്കളമല്‍സരവും ഓണ്‍ലൈനില്‍ നടക്കുന്നു. വിവിധ സംഘടനകളും സ്ഥാപനങ്ങളും ഓണാഘോഷങ്ങളുടെ ഭാഗമായി ഇ-പൂക്കള മല്‍സരങ്ങള്‍ നടത്തുന്നു. സ്വന്തമായ ഡിസൈനുകളില്‍ പൂക്കളങ്ങള്‍ വരച്ച് മല്‍സരങ്ങളില്‍ പങ്കെടുക്കാം. യഥാര്‍ത്ഥ പൂക്കള്‍ ഉപയോഗിച്ചുള്ള പൂക്കള മല്‍സരങ്ങളിലും ഡിസൈനുകള്‍ക്കായി മല്‍സരാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. 

Tags:    

Similar News