ദുബായിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 74.5 ശതമാനത്തിൻ്റെ വളര്‍ച്ചയാണ്
ദുബായിയുമായി ഏറ്റവും അധികം വ്യാപാരം നടത്തുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. 2021ൻ്റെ ആദ്യ പകുതിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആകെ ഇടപാട് 38.5 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 74.5 ശതമാനത്തിൻ്റെ വളര്‍ച്ചയാണ് വ്യാപാരത്തില്‍ ഉണ്ടായത്.
നിലവില്‍ ദുബായിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണ്. ഈ വര്‍ഷം ഇതുവരെ 86.7 ബില്യണ്‍ ദിര്‍ഹത്തിൻ്റെ ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയത്. ഇന്ത്യക്ക് പിന്നില്‍ മൂന്നാമതാണ് നിലവില്‍ അമേരിക്കയുടെ സ്ഥാനം. സൗദി അറേബ്യയാണ് നാലാമത്. സ്വിട്സസർലാൻഡിനാണ് അഞ്ചാം സ്ഥാനം.
ഈ വര്‍ഷത്തെ ആദ്യപാദ കണക്കുകള്‍ പ്രകാരം ദുബായിയുടെ വിദേശ വ്യാപാരത്തില്‍ 19.2 ശതമാനം വിഹിതവും സ്വര്‍ണത്തിനാണ്. ടെലികോം അനുബന്ദ മേഖലയാണ് (13 ശതമാനം) രണ്ടാമത്. മൂന്നാമത് വജ്ര വ്യാപാരമാണ്.
എണ്ണ ഇതര വ്യാപാരത്തില്‍ വലിയ വളര്‍ച്ചയാണ് ദുബായി രേഖപ്പെടുത്തിയത്. 31 ശതമാനം വര്‍ധനവോടെ 722.3 ബില്യണ്‍ ദിഹത്തിൻ്റെ ഇടപാടാണ് ഈ മേഖലയില്‍നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 550.6 ബില്യണ്‍ ദിര്‍ഹത്തിൻ്റെതായിരുന്നു വ്യാപാരം.
കയറ്റുമതിയില്‍ 45 ശതമാനത്തിൻ്റെ വളര്‍ച്ചയാണ് ഈ വര്‍ഷം പ്രകടമായത്. ലോകത്തെ പ്രധാനപ്പെട്ട 10 ആഗോള മാര്‍ക്കറ്റുകളിലേക്കുള്ള കയറ്റുമതിയില്‍ പ്രതിവര്‍ഷം 10 ശതമാനത്തിന്റെ വളര്‍ച്ചയാണ് രാജ്യം ലക്ഷ്യമിടുന്നത്. നിലവിലെ സമുദ്ര -വ്യോമ ശൃംഖല 200 പുതിയ നഗരങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ വിപുലീകരിക്കാനും ദുബായി ഭരണകൂടത്തിന് പദ്ധതിയുണ്ട്.