ഇറാനില്‍ ഇന്ത്യന്‍ റെയില്‍വേ സംരംഭത്തിന് 'റെഡ് സിഗ്നല്‍'

Update: 2020-07-15 07:12 GMT

തന്ത്രപ്രധാനമായ ഛബഹാര്‍- സഹെദാന്‍ റെയില്‍ പദ്ധതിയില്‍ നിന്ന് ഇറാന്‍ ഇന്ത്യയെ ഒഴിവാക്കിയത് ചൈനയുടെ താല്‍പ്പര്യ പ്രകാരമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍. ചൈനയുമായി 25 വര്‍ഷകാലത്തേക്ക് 30 ലക്ഷം കോടി രൂപയുടെ തന്ത്രപരമായ പങ്കാളിത്ത കരാര്‍ ഉറപ്പിച്ചതിനു പിന്നാലെയാണ് റെയില്‍ പദ്ധതിയില്‍ ഇറാന്‍ ഇന്ത്യയുമായുള്ള സഹകരണം വേണ്ടെന്നു വച്ചത്.

പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനില്‍നിന്ന് ബദല്‍ വ്യാപാരമാര്‍ഗം തുറക്കുന്ന റെയില്‍ പദ്ധതി നിര്‍മാണവുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഉപരോധം ഭയന്ന് ഇന്ത്യ മടിച്ചതിനാലാണ് ഒറ്റയ്ക്കു മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നാണ് ഇറാന്‍ പറയുന്നതെങ്കിലും ചൈനയെ പ്രീതിപ്പെടുത്തുന്ന നടപടിയാണിതെന്ന് നിരീക്ഷകര്‍ പറയുന്നു. ഛബഹാറിനോട്  ചേര്‍ന്ന് പാകിസ്ഥാനിലുള്ള ഗ്വദര്‍ തുറമുഖവുമായി ഇറാന്‍ സഹകരിക്കുന്നുണ്ട്. ചൈന നടത്തുന്ന തുറമുഖമാണിത്. ഛബഹാറിലെ തീരുവ രഹിത മേഖലയിലും ചൈനീസ് നിക്ഷേപമുണ്ടാകും.

ഛബഹാറില്‍നിന്ന് 350 കിലോ മീറ്റര്‍ മാറി ഇറാനിലെ ബന്ദറെ ജസ്‌ക് തുറമുഖത്തുമുണ്ട് ചൈനയുടെ സഹകരണം.ശ്രീലങ്ക,ബംഗ്‌ളാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി ചൈന വിവിധ പദ്ധതികളിലൂടെ സഹകരണ മേഖല തുറക്കുന്നതിന്റെ അനുബന്ധമാണ് ഇറാനിലും അരങ്ങേറുന്നത്.ഇന്ത്യയുടെ സഹായമില്ലാതെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇറാനിയന്‍ നാഷനല്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍നിന്ന് 400 മില്യണ്‍ യുഎസ് ഡോളര്‍ ഉപയോഗിക്കുമെന്നും ഇറാന്‍ ഭരണകൂടം അറിയിച്ചിരുന്നു.അതേസമയം, ഛബഹാര്‍ തുറമുഖം ഇറാന്‍ ചൈനയ്ക്ക് പാട്ടത്തിന് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. തുറമുഖത്തിലെ ഒരു ടെര്‍മിനലിന്റെ നടത്തിപ്പ് ചുമതല കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യ ഏറ്റെടുത്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 മേയില്‍ ഇറാന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യ, ഇറാന്‍, അഫ്ഗാന്‍  ത്രികക്ഷി കരാറിന്റെ ഭാഗമായി ഛബഹാര്‍- സഹെദാന്‍ റെയില്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചത്. ഛബഹാര്‍ തുറമുഖത്തുനിന്ന് അഫ്ഗാന് അടുത്തുള്ള സഹെദാന്‍വരെ 628 കിലോ മീറ്റര്‍ റെയില്‍പാളം നിര്‍മിക്കാനായിരുന്നു പദ്ധതി. ഇറാന്‍ അതിര്‍ത്തിക്കപ്പുറം അഫ്ഗാനിലെ സരാഞ്ചുവരെ പാത നീട്ടാനും ലക്ഷ്യമിട്ടു. 2022 മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം.

അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും മറ്റൊരു വ്യാപാര റൂട്ട് കൂടി പണിയാനുള്ള ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളുമായുള്ള ത്രികക്ഷി കരാറിന്റെ ഭാഗമാണ് ഛബഹാര്‍ കരാറും. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ റെയില്‍വേസ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് (ഇര്‍കോണ്‍) ആണ് 1.6 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവു വരുന്ന പദ്ധതിയുടെ ഫണ്ടിങ് ഉള്‍പ്പെടെയുള്ള ചുമതലകളേറ്റത്.ഇര്‍ക്കോണ്‍ എന്‍ജിനിയര്‍മാര്‍ പലവട്ടം പദ്ധതിപ്രദേശം സന്ദര്‍ശിച്ചെങ്കിലും യുഎസ് ഉപരോധം ഭയന്ന് ഇന്ത്യ കൂടുതല്‍ നീക്കത്തിനു തയ്യാറായില്ലെന്നാണ് ആരോപണം.അതേസമയം, ഇന്ത്യയെ പിന്തള്ളി ചൈനയുടെ കൈപിടിക്കാനുള്ള ഇറാന്റെ ശ്രമമായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 25 വര്‍ഷത്തെ സാമ്പത്തിക, സുരക്ഷാ പങ്കാളിത്തമാണ് ചൈന ഇറാന് വാഗ്ദാനം ചെയ്തത്. 400 ബില്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനവുമുണ്ട്. ഈ കരാര്‍ യാഥാര്‍ഥ്യത്തിലെത്തുന്നതിനു മുന്നോടിയായാണ് ഇന്ത്യയെ ഒഴിവാക്കാന്‍ ഇറാന്‍ നീക്കം നടത്തിയത്.

കരാറിലൂടെ ബാങ്കിങ്, ടെലികമ്യൂണിക്കേഷന്‍സ്, തുറമുഖങ്ങള്‍, റെയില്‍വേ തുടങ്ങി നിരവധി പദ്ധതികളിലും ചൈനീസ് സാന്നിധ്യമുണ്ടാകും.പകരമായി ഇറാനില്‍നിന്ന് ചൈനയ്ക്ക് എണ്ണ ലഭിക്കം.യുഎസിന്റെ ഉപരോധം നില്‍ക്കുന്നതിനാല്‍ ഇറാന്റെ എണ്ണവില്‍പ്പനയില്‍ വലിയ ഇടിവു സംഭവിച്ചിരുന്നു. ഇതു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും താളംതെറ്റിച്ചു. ഈ അവസ്ഥയിലാണ് രക്ഷകരായി ചൈന ഇറാനു മുന്നില്‍ അവതരിച്ചത്.ഉപരോധത്തെത്തുടര്‍ന്ന് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യ നിര്‍ത്തിയിരിക്കുകയാണ്.

മേഖലയില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍ ചൈനയ്ക്ക് ആവശ്യമായ സൈനിക സഹകരണം ഉള്‍പ്പെടെയുള്ള ധാരണകളുമുണ്ട് ഇറാനുമായുള്ള കരാറില്‍.മേഖലയിലെ ഇന്ത്യയുടെ നീക്കങ്ങള്‍ക്കു തിരിച്ചടിയാണിത്. ഛബഹര്‍ തുറമുഖത്തിനും റെയില്‍വേപ്പാതയ്ക്കും ഒഴിവു നല്‍കിയാണ് യുഎസ് ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പണി തുടങ്ങുന്നതിന് ആവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ വിതരണക്കാര്‍ക്ക് സാധിച്ചില്ല.യുഎസ്സില്‍നിന്ന് പ്രതികാരമുണ്ടാകുമെന്ന ഭീതിയാല്‍ പണം നല്‍കാന്‍ വിവിധ ബാങ്കുകളും മടിച്ചു. വിഷയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ഇര്‍കോണും വിസമ്മതിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News