ഇന്ത്യക്ക് വേണം, പ്രതിവര്‍ഷം 78.5 ലക്ഷം പുതിയ തൊഴില്‍

മൂലധനത്തിന് ആനുപാതികമായി തൊഴില്‍ നല്‍കാന്‍ കമ്പനികള്‍ ശ്രദ്ധിക്കണം

Update:2024-07-22 15:53 IST
തൊഴിലില്ലായ്മ രൂക്ഷമാകുന്നുവെന്ന മുറവിളികളോടെ നാളത്തെ കേന്ദ്രബജറ്റിലേക്ക് എല്ലാവരും കണ്ണും കാതും കൂര്‍പ്പിക്കുന്നതിനിടയില്‍ മുന്നറിയിപ്പുമായി സാമ്പത്തിക സര്‍വേ. കാര്‍ഷിക മേഖലക്കു പുറത്ത് ഓരോ വര്‍ഷവും ഇന്ത്യ 78.5 ലക്ഷം തൊഴിലവസരം ലഭ്യമാക്കേണ്ടതുണ്ടെന്ന് സര്‍വേ ഓര്‍മിപ്പിച്ചു. തൊഴില്‍ തേടുന്നവരുടെ എണ്ണത്തിനൊത്ത് ഇത്രത്തോളം അവസരങ്ങള്‍ പ്രതിവര്‍ഷം യുവാക്കള്‍ക്ക് നല്‍കിയേ തീരൂ.
കൃഷിക്കു പുറത്ത് അതിവേഗ വളര്‍ച്ചക്ക് ഉതകുന്ന ഉല്‍പാദനക്ഷമമായ തൊഴിലുകള്‍ സൃഷ്ടിക്കണം. പ്രത്യേകിച്ച് നിര്‍മാണ, സേവന മേഖലകളില്‍ ഇക്കാര്യം പ്രധാനമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതലായി ഉപയോഗപ്പെടുന്നുണ്ട്. മത്‌സരക്ഷമത കുറയുന്നതിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്നു. ഇതിനിടയില്‍ തൊഴില്‍ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കണം. സാമൂഹിക സ്ഥിരതക്ക് അത് പ്രധാനമാണ്. തൊഴില്‍-മൂലധന വിന്യാസത്തില്‍ സന്തുലനം സൂക്ഷിക്കാന്‍ കമ്പനികള്‍ ശ്രദ്ധിക്കണം.
തൊഴിലാളികള്‍ക്കിടയില്‍ ഓട്ടോമേഷന്റെ പ്രത്യാഘാതം സങ്കീര്‍ണവും അനിശ്ചിതത്വം സൃഷ്ടിക്കുന്നതുമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുള്ള മാറ്റത്തിനിടയില്‍ നൈപുണ്യം വികസിപ്പിക്കാന്‍ തൊഴിലാളികളും തൊഴിലന്വേഷകരും ഒരുപോലെ ശ്രമിക്കേണ്ടതുണ്ട് -സര്‍വേ പറഞ്ഞു.
Tags:    

Similar News