ഇന്ത്യയും പാക്കിസ്ഥാനുമായി ക്രിക്കറ്റ് ചങ്ങാത്തം? എങ്കില്‍ പിച്ചില്‍ കോടികള്‍ ഒഴുകും

ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ ഇന്ത്യ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല

Update:2024-10-17 13:59 IST

image credit : ICC

വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ പാക് സന്ദര്‍ശനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം പുനരാരംഭിക്കുമെന്ന് അഭ്യൂഹം. ഷാങ്ഹായ് സഹകരണ കൗണ്‍സിലിന്റെ യോഗത്തിനായി ഇസ്ലാമാബാദിലെത്തിയ ജയശങ്കര്‍ പാക് വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ഇസഹാഖ് ധറുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ 2015ന് ശേഷം ചര്‍ച്ച നടത്തുന്നത് ഇതാദ്യമാണ്. അതേസമയം, ക്രിക്കറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിശദീകരണം.

ഫെബ്രുവരിയില്‍ ചാമ്പ്യന്‍സ് ട്രോഫി

അടുത്ത ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. മറ്റേതെങ്കിലും വേദി അനുവദിക്കുന്ന കാര്യത്തിലും വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇരുനേതാക്കളും ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത് ശുഭസൂചനയാണെന്നാണ് വിലയിരുത്തല്‍. 2008ലെ ഏഷ്യാകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. എന്നാല്‍ 2023ലെ ലോകകപ്പ് മത്സരങ്ങള്‍ക്കായി പാക് ടീം ഇന്ത്യയിലെത്തിയിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ ആഭ്യന്തര മന്ത്രി സെയിദ് മുഹസിന്‍ റാസയും ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നാണ് വിവരം.

ഇന്ത്യ-പാക് മത്സരം കോടികളുടെ ബിസിനസ്

ലോകത്ത് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള മത്സരങ്ങളിലൊന്നാണ് ഇന്ത്യ-പാക് ക്രിക്കറ്റ്. ചിരവൈരികള്‍ ഏറ്റുമുട്ടുന്നത് പരസ്യ - ബ്രോഡ്കാസ്റ്റിംഗ് കമ്പനികള്‍ക്കും ചാകരയാണ്. അടുത്തിടെ നടന്ന ലോകകപ്പ് ടി-20 ലീഗിലെ ഇന്ത്യ-പാക് മത്സരത്തില്‍ 10 സെക്കന്റ് പരസ്യം കാണിക്കാന്‍ 40 ലക്ഷം രൂപ വരെയാണ് ഈടാക്കിയത്. സാധാരണ നിരക്കിനേക്കാള്‍ ഇരട്ടിയാണിത്. ടിക്കറ്റ് വരുമാനത്തിലും വലിയ വര്‍ധനയാണ് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ക്കുണ്ടാകുന്നത്. കഴിഞ്ഞ ലോകകപ്പിലെ ടിക്കറ്റിന് കരിഞ്ചന്തയില്‍ 200 മടങ്ങ് വരെ വിലയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ പോയില്ലെങ്കില്‍ കോടികളുടെ നഷ്ടം

ഇന്ത്യ പങ്കെടുക്കാത്ത ചാമ്പ്യന്‍സ് ട്രോഫി മത്സരം അര്‍ത്ഥമില്ലാത്തതാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു. ബ്രോഡ്കാസ്റ്റിംഗ് - പരസ്യ കമ്പനികള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാകാനും ഇത് ഇടയാക്കും. ഇന്ത്യക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ കഴിയില്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നും ഇംഗ്ലണ്ട് ആവശ്യപ്പെട്ടു.
Tags:    

Similar News