'പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ, അതിസമ്പന്നരുടെയും'! അസമത്വം നിറഞ്ഞ രാജ്യമെന്ന് പുതിയ റിപ്പോര്‍ട്ട്
മൊത്തം വരുമാനത്തിന്റെ 57 ശതമാനവും അതിസമ്പന്നരില്‍.;
'പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ' എന്ന് പണ്ടേതോ സിനിമയില്‍ പറഞ്ഞത് പോലെ അല്ല, ഏറെക്കുറെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ അത്തരത്തിലെന്ന് പുതിയ അസമത്വ റിപ്പോര്‍ട്ട്. മാത്രമല്ല, അതിസമ്പന്നരും തീരെ ആസ്തിയില്ലാത്ത പാവങ്ങളും ജനസംഖ്യ പങ്കിടുന്ന രാജ്യമെന്നും ഫ്രാന്‍സിലെ തോമസ് പിക്കറ്റി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സാമ്പത്തിക വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അവകാശപ്പെട്ടു.
രാജ്യത്തെ സമ്പന്നരില്‍ ആദ്യ ഒരു ശതമാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം മൊത്ത ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്നാണ്. സമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരിലെ 50 ശതമാനം ജനത്തിന്റെ ആകെ വരുമാനം, മൊത്തം വരുമാനത്തിന്റെ 13 ശതമാനം മാത്രമാണെന്നും ആഗോള അസമത്വ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ അതിസമ്പന്നരില്‍ ആദ്യ പത്ത് ശതമാനത്തിന്റെ വരുമാനം മൊത്തം വരുമാനത്തിന്റെ 57 ശതമാനമാണ്. ആദ്യ ഒരു ശതമാനത്തിനോ 2021 ലെ മൊത്ത ദേശീയ വരുമാനത്തിന്റെ 22 ശതമാനമാണ് വരുമാനമുണ്ട്. ഇന്ത്യയിലെ മുതിര്‍ന്ന പ്രായക്കാരുടെ ശരാശരി വരുമാനം 7400 യൂറോയോ 204200 രൂപയോ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജനതയുടെ ആസ്തിയുടെ നിലവാരമളക്കുമ്പോള്‍ അസമത്വം ഉയരത്തിലേക്ക് കുതിക്കും. സമ്പത്തില്‍ പിന്നില്‍ നില്‍ക്കുന്ന 50 ശതമാനത്തിന്റെ പക്കലുള്ള പ്രോപര്‍ട്ടികളുടെ കണക്കെടുത്താല്‍ ഒന്നുമില്ലെന്നതാണ് സത്യം.
ഇടത്തരക്കാരും താരതമ്യേന ദരിദ്രരാണ്. ഇവരുടെ പക്കല്‍ 29.5 ശതമാനം സ്വത്ത് മാത്രമാണുള്ളത്. ആദ്യ പത്ത് ശതമാനത്തിന്റെ പക്കല്‍ 65 ശതമാനം ആസ്തിയും ആദ്യ ഒരു ശതമാനത്തിന്റെ പക്കല്‍ 33 ശതമാനം ആസ്തിയുമാണ് ഉള്ളത്.
ഇന്ത്യാക്കാരുടെ ശരാശരി സമ്പത്ത് 4300 യൂറോയാണ്. ഇടത്തരക്കാരുടെ ശരാശരി സമ്പത്ത് 26400 യൂറോയാണ്, അല്ലെങ്കില്‍ 723930 രൂപ. ആദ്യ പത്ത് ശതമാനത്തിന്റെ ശരാശരി സമ്പത്ത് 231300 യൂറോയോ അല്ലെങ്കില്‍ 6354070 രൂപയാണ്. ആദ്യ ഒരു ശതമാനത്തിന്റെ ശരാശരി സമ്പത്ത് 61 ലക്ഷം യൂറോയോ 32449360 രൂപയോ ആണ്.
ഇന്ത്യയില്‍ ലിംഗ അസമത്വവും വളരെ ഉയര്‍ന്നതാണെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് ഇന്‍ ഇഖ്വാലിറ്റി ലാബ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.' സ്ത്രീ തൊഴിലാളികളുടെ വരുമാന വിഹിതം 18 ശതമാനത്തിന് തുല്യമാണ്. ഇത് ഏഷ്യയിലെ 21 ശതമാനമെന്ന ശരാശരിയേക്കാള്‍ വളരെ കുറവാണ് (ചൈന ഒഴികെ). മിഡില്‍ ഈസ്റ്റിലെ 15 ശതമാനത്തെ അപേക്ഷിച്ച് നേരിയ തോതില്‍ ഉയര്‍ന്നതാണെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു.