വിശപ്പ് സൂചികയില്‍ ഇന്ത്യ 'ഗുരുതര' പട്ടികയില്‍; ബംഗ്ലദേശിനും നേപ്പാളിനും താഴെ 105-ാം സ്ഥാനത്ത്

പട്ടിണി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ചൈന, ബലാറസ്, ചിലി തുടങ്ങിയവ

Update:2024-10-14 10:56 IST
ഇക്കൊല്ലത്തെ ആഗോള വിശപ്പ് സൂചിക (Global Hunger Index) യില്‍ ഇന്ത്യ വീണ്ടും പുറകില്‍. 127 രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലദേശിനും നേപ്പാളിനും താഴെ 105-ാം സ്ഥാനമാണ് ഇന്ത്യക്ക്. സൂചികയില്‍ ഇന്ത്യയുടെ സ്‌കോര്‍ 27.3 ആണ്. കഴിഞ്ഞ വര്‍ഷം 125 രാജ്യങ്ങളില്‍ 111-ാം സ്ഥാനമായിരുന്നു. പട്ടിണി കുറഞ്ഞ 22 രാജ്യങ്ങളുടെ പട്ടികയില്‍ ചൈന, ബലാറസ്, ചിലി, ബോസ്‌നിയ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളാണ് ആദ്യം. സൊമാലിയ, യെമന്‍, ചാഡ്, മഡഗാസ്‌കര്‍, കോംഗോ എന്നിവയാണ് പട്ടിണി കഠിനമായി നേരിടുന്ന രാജ്യങ്ങള്‍.
രാജ്യാന്തര സന്നദ്ധസംഘടനകളായ കണ്‍സേണ്‍ 
വേള്‍ഡ് വൈഡ്,
 വെല്‍ത് ഹംഗര്‍ ലൈഫ് എന്നിവ സംയുക്തമായി പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ മോശം സ്ഥിതി വിശദീകരിക്കുന്നത്. പോഷകാഹാരക്കുറവ്, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ വളര്‍ച്ചമുരടിപ്പ്, ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് സൂചിക. ഏറ്റവും മികച്ച സ്‌കോര്‍ പൂജ്യവും ഏറ്റവും മോശം സ്‌കോര്‍ നൂറും ആണ്. ഇന്ത്യക്ക് ലഭിച്ചത് 27.3 ആണ്. ഗുരുതര പട്ടിണി നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ലോകത്തിലെ പല ദരിദ്ര രാജ്യങ്ങളിലും പട്ടിണിയുടെ അളവ് പതിറ്റാണ്ടുകളായി ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വിശപ്പു രഹിത ലോകം വെറും സ്വപ്നം

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയ്ക്കൊപ്പം 'സീരിയസ്' വിഭാഗത്തിലാണ് ഇന്ത്യ ഉള്‍പ്പെടുന്നത്. ഇന്ത്യയെക്കൂടാതെ 42 രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ 'മോഡറേറ്റ്' വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 13.7 % പേര്‍ക്ക് പോഷകാഹാരം ലഭിക്കുന്നില്ല, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനം വളര്‍ച്ച ഇല്ലാത്തവരാണ്, 2.9% കുട്ടികള്‍ അഞ്ച് വയസ് ആകുന്നതിനു മുമ്പ് മരിക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ജിഎച്ച്‌ഐയുടെ റാങ്കിങ് റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ 2030-ഓടെ 'സീറോ ഹംഗര്‍' എന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുക അസാധ്യമാണെന്നാണ് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്. ആവശ്യമായ ഭക്ഷണത്തിനുള്ള അവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്ത നിരവധി പേരുണ്ടെന്ന് റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു. ആഗോളതലത്തില്‍ പ്രതിദിനം 73.3 കോടി ആളുകള്‍ പട്ടിണി അനുഭവിക്കുന്നുവെന്നും, അതേസമയം ഏകദേശം 280 കോടി ആളുകള്‍ക്ക് നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭീകരമായ പട്ടിണിയാണ് നേരിടുന്നത്. ഗാസയിലെയും സുഡാനിലെയും യുദ്ധങ്ങള്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഹെയ്തി, മാലി, സിറിയ എന്നീ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും ആഭ്യന്തര കലഹങ്ങളും അസാധാരണമായ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നയിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

Similar News