13 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ സെന്‍സസ് വരുന്നു, അടുത്ത മാസം തുടങ്ങിയേക്കും

ജനസംഖ്യ എത്രയെന്നറിയാന്‍ ഒന്നര വര്‍ഷം കൂടി കാത്തിരിക്കണം, അന്തിമ റിപ്പോര്‍ട്ട് 2026ല്‍

Update:2024-08-23 11:06 IST

13 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ സെന്‍സസ് നടത്തുന്നതിനുള്ള നടപടികള്‍ സജീവം. 2021ല്‍ അവസാനിക്കേണ്ടിയിരുന്ന ജനസംഖ്യാ കണക്കെടുപ്പാണ് മൂന്നുവര്‍ഷത്തിന് ശേഷം ആരംഭിക്കാനിരിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് 2021ല്‍ സെന്‍സസ് നടക്കാതെ പോയത്. രാജ്യത്ത് പത്തുവര്‍ഷത്തിലൊരിക്കലാണ് സെന്‍സസ് നടക്കുന്നത്. 2011ലായിരുന്ന അവസാനത്തെ സെന്‍സസ്. അന്നത്തെ കണക്കുകളാണ് രാജ്യത്തിന്റെ സാമ്പത്തിക,സാമൂഹിക സ്ഥിതികള്‍ വിലയിരുത്താന്‍ നിലവില്‍ അവലംബിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാം സ്ഥാനത്താണ്.

പൂര്‍ത്തിയാക്കാന്‍ 18 മാസം

രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ 18 മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 ഓടെ മാത്രമേ പുതിയ ഡാറ്റകളുടെ ക്രോഡീകരണം പൂര്‍ത്തിയാകു. ഇന്ത്യയില്‍ സെന്‍സസ് വൈകുന്നതിനെതിരെ സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 13 വര്‍ഷം മുമ്പത്തെ കണക്കുകളെ അടിസ്ഥാനമാക്കി രാജ്യത്തിന്റെ സാമ്പത്തിക ഘടകങ്ങളെ വിലയിരുത്തുന്നതും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതും  അശാസ്ത്രീയമാണെന്ന വിമര്‍ശനമാണ് ശക്തമായിരുന്നത്. സാമ്പത്തിക ഡാറ്റ, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ കാര്യങ്ങള്‍ പഴയ കണക്കുകളുമായി ബന്ധപ്പെടുത്തി കണക്കാക്കുന്നത് തെറ്റാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടാക്കാട്ടുന്നുണ്ട്.

അന്തിമ റിപ്പോര്‍ട്ട് 2026 മാര്‍ച്ചില്‍?

അടുത്ത മാസം ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കാനായാല്‍ 2026 മാര്‍ച്ചില്‍ അന്തിമ റിപ്പോര്‍ട്ട് പുറത്തിറക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടക്കുക. സെന്‍സസ് നടത്തുന്നതിന് മന്ത്രാലയങ്ങള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ്.

Tags:    

Similar News