ഭൂഗര്‍ഭ ഖനി മാനേജര്‍മാരായ ഇന്ത്യയിലെ ആദ്യ വനിതകള്‍ ഇവരാണ്
ആശംസകള്‍ അറിയിച്ച് സര്‍ക്കാര്‍
രാജ്യത്തെ ആദ്യത്തെ രണ്ട് വനിത ഭൂഗർഭ ഖനി മാനേജർമാരായ സന്ധ്യ രസകതല, യോഗേശ്വരി റാണെ എന്നിവർ ലോകത്തെ പ്രമുഖ വെള്ളി, ഈയം, നാകം എന്നീ ലോഹങ്ങൾ ഖനനം ചെയ്യുന്ന ഹിന്ദുസ്ഥാൻ സിങ്കിലെ ഉദ്യോഗസ്ഥരാണ്. ഇരുവരെയും അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രി ഭുപേന്ദർ യാദവ്, സഹ മന്ത്രി രാമേശ്വർ റ്റെലി കൂടാതെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും അഭിനന്ദിച്ചു.
സന്ധ്യയും യോഗേശ്വരിയും കഴിഞ്ഞ വർഷം ഫസ്റ്റ് ക്‌ളാസ് മയിൻസ് മാനേജർ യോഗ്യത സർട്ടിഫിക്കറ്റ് നേടി ചരിത്രം കുറിച്ചവരാണ്. തുടര്ന്നാണ് ഹിന്ദുസ്ഥാൻ സിങ്കിൽ ഭൂഗർഭ ഖനന മാനേജർ മാരായി നിയമനം ലഭിക്കുന്നത് . 2019 മുതൽ വനിതകളെ ഖനികളിൽ പ്രവർത്തിക്കാൻ അനുവദിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം വിപ്ലവകരമാണെന്നു, കമ്പനി സീ ഇ ഒ അരുൺ മിശ്ര അഭിപ്രായപ്പെട്ടു.
എല്ലാകാലവും സ്ത്രീകൾക്ക് തുല്യപരിഗണന നൽകിയിട്ടുള്ള കമ്പനിയാണ് ഹിന്ദുസ്ഥാൻ സിങ്ക്. സന്ധ്യയും, യോഗേശ്വരിയും ഭൂഗർഭ ജോലികൾ സ്വീകരിച്ചത് പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുവരും 2018 മുതൽ ഹിന്ദുസ്ഥാൻ സിങ്കിൽ ജോലി ചെയ്യുന്നു. ഫസ്റ്റ് ക്‌ളാസ് മെയിൻസ് മാനേജർ യോഗ്യത സർട്ടിഫിക്കറ്റ് നിയന്ത്രിത വിഭാഗത്തിലും അനിയന്ത്രിത വിഭാഗത്തിലും ആദ്യം ലഭിച്ചത് യോഗേശ്വരിക്കാണ്. രണ്ടാം ക്‌ളാസ് മയിൻസ് മാനേജർ സർട്ടിഫിക്കറ്റ് ആദ്യം ലഭിച്ചത് സന്ധ്യക്കും.