ഇന്ത്യ ട്രംപിനൊപ്പമോ, കമലക്കൊപ്പമോ?

കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ പിന്മാറ്റം പ്രഖ്യാപിച്ച് ജോ ബൈഡന്‍; ട്രംപ്-കമല പോരിലേക്ക്

Update:2024-07-22 12:22 IST
നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറ്റം പ്രഖ്യാപിച്ചത് വലിയ അമ്പരപ്പിന് ഇട നല്‍കുന്നില്ല. അത്തരമൊരു തീരുമാനം നിര്‍ബന്ധിതമായിരുന്നു. ഒപ്പം, പ്രതീക്ഷിച്ചതുമാണ്. ജോ ബൈഡന്റെ പിന്മാറ്റം ഇന്ത്യ എങ്ങനെ കാണുന്നു?
81കാരനായ ജോ ബൈഡന്‍ പിന്മാറുമ്പോള്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്ന് മിക്കവാറും ഉറപ്പാണ്. ജോ ബൈഡൻ്റെ  പിന്മാറ്റത്തോടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥിയും (ഡൊണള്‍ഡ് ട്രംപ് 81) ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയും (കമല ഹാരിസ് 59) തമ്മിലുള്ള പോരിന് കൂടിയാണ് വഴി തുറക്കുന്നത്. 
ജയിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റാകാന്‍ പോകുന്ന ആദ്യ വനിതയാവും കമല ഹാരിസ്. കമല  ഹാരിസിൻ്റെ ഇന്ത്യന്‍ ബന്ധം, ഇന്ത്യയുമായുള്ള ബന്ധങ്ങളില്‍ പുതിയൊരു ഊഷ്മളത ഉണ്ടാക്കിയേക്കാം. അതേസമയം, യു.എസിന്റെ നയനിലപാടുകളില്‍ പ്രത്യേകമായൊരു മാറ്റം പ്രതീക്ഷിക്കാനില്ല. അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധം മുമ്പെന്നത്തേക്കാള്‍ ശക്തമായി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍, അത് പുതിയ ഉണര്‍വോടെ മുന്നോട്ടു കൊണ്ടുപോകാനാവും രണ്ടിടത്തെയും ഭരണകൂടങ്ങള്‍ ശ്രമിക്കുക.

മോദി-ട്രംപ് ബന്ധം, അത് വേറെ ലെവല്‍

അതേസമയം, വീണ്ടും പ്രസിഡന്റാകാന്‍ സാധ്യത കൂടുതല്‍ പ്രവചിക്കപ്പെടുന്ന ഡൊണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര
മോദിക്ക് പ്രത്യേക
 അടുപ്പമുണ്ട്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പു വേളയില്‍ മോദി അമേരിക്കയിലെത്തി ഇന്ത്യന്‍ പ്രവാസി സമൂഹത്തോട് ട്രംപിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചതുമാണ്. ഇത് ജോ ബൈഡനെ അസ്വസ്ഥനാക്കുകയും ചെയ്തിരുന്നു. വീണ്ടും ട്രംപ് പ്രസിഡന്റാകുന്നത് മോദി സര്‍ക്കാര്‍ അതീവ താല്‍പര്യത്തോടെ കാണുമെന്ന് പഴയ ചങ്ങാത്തത്തില്‍ നിന്ന് വ്യക്തമാണ്. ഇതിനു പുറമെ, ട്രംപിന്റെ വ്യവസായ താല്‍പര്യങ്ങളില്‍ ഇന്ത്യക്കുമുണ്ട് സ്ഥാനം.

കമല ഹാരിസിന്റെ തമിഴ്‌നാട് ബന്ധം

കമല ഹാരിസിന്റെ ഇന്ത്യ കണക്ഷന്‍ തമിഴ്‌നാട്ടിലേക്ക് നീളുന്നതാണ്. തമിഴ്‌നാട്ടിലെ തുളസേന്ദ്രപുരത്താണ് അമ്മയുടെ മുത്തച്ഛന്‍ കഴിഞ്ഞത്. അഞ്ചു വയസുള്ളപ്പോള്‍ കമല തമിഴ്‌നാട്ടില്‍ വന്നു പോയിട്ടുണ്ട്. കമല വൈസ് പ്രസിഡന്റായപ്പോള്‍ തുളസേന്ദ്രപുരത്തു മാത്രമല്ല, ഇന്ത്യയില്‍ പലേടത്തും ആഘോഷങ്ങള്‍ നടന്നിരുന്നു. അതേസമയം, ചെറുപ്പത്തിലെ യാത്രയല്ലാതെ 12,900 കിലോമീറ്റര്‍ അകലെയുള്ള തമിഴ്‌നാട്ടില്‍ കമല പോയിട്ടില്ല.

അമേരിക്കന്‍ പ്രസിഡന്റായാലും ബ്രിട്ടീഷ് പ്രധാനമന്ത്രിയായാലും, സ്വന്തം നാടിന്റെ താല്‍പര്യങ്ങളാണ് ഏതു ഭരണാധികാരിക്കും പ്രധാനം. കമല ഹാരിസും ഋഷി സുനകും അത് ഇതിനകം തെളിയിച്ചിട്ടുമുണ്ട്. ബന്ധങ്ങളുടെ ഊഷ്മളത കൂടുമെന്ന മെച്ചം പ്രതീക്ഷിക്കുകയുമാവാം.


Tags:    

Similar News