₹1,923 കോടി അടിച്ചുമാറ്റി: ഇന്ത്യന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചില്‍ വന്‍ സുരക്ഷാ വീഴ്ച, പിന്നില്‍ വടക്കന്‍ കൊറിയ?

കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സി - ആര്‍.ജി.ബിയുടെ നിയന്ത്രണത്തിലുള്ള ലസാറസാണ് പിന്നില്‍

Update:2024-07-19 15:50 IST

image credit : canva , wazirX 

ഇന്ത്യന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ വാസിര്‍എക്‌സില്‍ (WazirX) വന്‍ സുരക്ഷാ വീഴ്ച. എക്‌സ്‌ചേഞ്ചിന്റെ സൈബര്‍ സുരക്ഷാ കവചം ഭേദിച്ച ഹാക്കര്‍, ഉപയോക്താക്കളുടെ ഫണ്ടുകള്‍ അടിച്ചുമാറ്റുകയും 230 മില്യന്‍ ഡോളര്‍ (ഏകദേശം 1,923 കോടി രൂപ) വരുന്ന ക്രിപ്‌റ്റോ കറന്‍സികള്‍ മറ്റൊരു വാലറ്റിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ മാസം കമ്പനി പുറത്തുവിട്ട കണക്കുപ്രകാരം ആകെ റിസര്‍വിന്റെ 45 ശതമാനവും തട്ടിപ്പുകാര്‍ കൈക്കലാക്കി. സംഭവം സ്ഥിരീകരിച്ച വാസിര്‍എക്‌സ്, ഇന്ത്യന്‍ കറന്‍സിയിലുള്ള ക്രിപ്‌റ്റോ ഇടപാടുകള്‍ താത്കാലിമായി മരവിപ്പിച്ചു. കേന്ദ്രബജറ്റില്‍ ക്രിപ്‌റ്റോ, ഡിജിറ്റല്‍ നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കുമെന്ന പ്രതീക്ഷയ്ക്കിടെയുണ്ടായ സംഭവം നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
പിന്നില്‍ നോര്‍ത്ത് കൊറിയ
അതേസമയം, ഡിജിറ്റല്‍ അസറ്റ് വിപണിയെ ആശങ്കയിലാഴ്ത്തിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ വടക്കന്‍ കൊറിയന്‍ സംഘമായ ലസാറസ് (lazarus) ആണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ സ്വഭാവം, രീതി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് ഇത്തരമൊരു നിരീക്ഷണം. വടക്കന്‍ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ആര്‍.ജി.ബി (reconnaissance bureau of the general staff department -RGB) യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണ് ലസാറസ്. ആക്രമണത്തിന് പിന്നില്‍ ലസാറസ് ആണെന്ന് ബ്രിട്ടീഷ് ബ്ലോക്ക് ചെയിന്‍ ഡാറ്റ കമ്പനി എലിപ്റ്റികും (Eliptic), ഈ രംഗത്തെ സൈബര്‍ സുരക്ഷാ സംഘങ്ങളും നിരീക്ഷിച്ചു.
ഭേദിച്ചത് വന്‍ സുരക്ഷാ കവചം
ഇന്ത്യയുടെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് എന്ന് സ്വയം വിശേഷിപ്പിക്കുന്ന വാസിര്‍എക്‌സ് ഒരുക്കിയിരുന്ന വന്‍ സുരക്ഷാ കവചം ഭേദിച്ചാണ് ഹാക്കര്‍മാര്‍ വാലറ്റുകളില്‍ നിന്ന് ഡിജിറ്റല്‍ നിക്ഷേപങ്ങള്‍ അടിച്ചുമാറ്റിയത്. ഇടപാടുകള്‍ നടത്തുന്നതിന് ഒന്നിലധികം ഓഹരി ഉടമകളുടെ അനുമതി ആവശ്യമാവുന്ന മള്‍ട്ടി-സിഗ്‌നേച്ചര്‍ സുരക്ഷാ സംവിധാനമാണ് വാസിര്‍എക്‌സ് ഒരുക്കിയിരുന്നത്. എന്നാല്‍ ടൊര്‍ണാഡോ കാഷ് (Tornado cash) എന്ന ക്രിപ്‌റ്റോ കറന്‍സി മിക്‌സിംഗ് സംവിധാനം ഉപയോഗിച്ച് ഹാക്കര്‍മാര്‍ വാലറ്റുകള്‍ കൈവശപ്പെടുത്തുകയായിരുന്നു.
മൂല്യം ഇടിഞ്ഞു
ക്രിപ്‌റ്റോകറന്‍സികളായ ഷിബ ഇനു(Shiba Inu), എതേറിയം (Ethereum), പോളിഗണ്‍ (polygon), പെപെ (pepe) തുടങ്ങിയവയുടെ ടോക്കണുകളാണ് നഷ്ടമായത്. ഹാക്കിംഗ് വാര്‍ത്ത പുറത്തായതോടെ ഈ കറന്‍സികളുടെ മൂല്യം കുത്തനെയിടിഞ്ഞു. ഷിബ ഇനു 10 ശതമാനവും പോളിഗണ്‍ 5 ശതമാനവുമാണ് ഇടിഞ്ഞത്.
വാസിര്‍എക്‌സ്
ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (എഫ്.ഐ.യു) അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചാണ് വാസിര്‍എക്‌സ്. 2018ല്‍ മുംബയ് ആസ്ഥാനമായി നിശ്ചല്‍ ഷെട്ടി, സമീര്‍ മാത്രേ, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് എക്‌സ്‌ചേഞ്ച് സ്ഥാപിക്കുന്നത്. ബിറ്റ്‌കോയിന്‍, ഇതേറിയം, റിപ്പിള്‍ തുടങ്ങിയ 200ലധികം ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനും, വില്‍ക്കാനും, ട്രേഡിംഗ് ചെയ്യാനുമുള്ള പ്ലാറ്റ്‌ഫോമാണ് ഇവര്‍ ഒരുക്കിയത്. ഇന്ത്യന്‍ രൂപയിലും സ്വന്തം ക്രിപ്‌റ്റോ കറന്‍സി ടോക്കണായ ഡബ്ല്യൂആര്‍എക്‌സിലു (WRX)മാണ് ഉപയോക്താക്കളില്‍ നിന്നും ഇടപാടുകള്‍ക്കുള്ള ഫീസ് ഈടാക്കിയിരുന്നത്.
ക്രിപ്‌റ്റോ കറന്‍സികള്‍ എത്രത്തോളം സുരക്ഷിതം?
വലിയ തോതിലുള്ള സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് അവകാശപ്പെട്ട വാസിര്‍എക്‌സിന്റെ വാലറ്റുകളിലുണ്ടായ സുരക്ഷാ വീഴ്ച ഡിജിറ്റല്‍ നിക്ഷേപ മേഖലയെ ആശങ്കയിലാഴ്ത്തി. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും ഈ രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നു. ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മാണം തുടങ്ങിയെന്ന സൂചനകള്‍ക്കിടയിലാണ് ഞെട്ടിച്ച ഹാക്കിംഗ് വാര്‍ത്ത.
Tags:    

Similar News