ട്രെയിന്‍ അട്ടിമറി തടയാന്‍ 'ചാരക്കണ്ണ്'; 1,200 കോടി രൂപയുടെ പദ്ധതിയിലൂടെ പഴുതടയ്ക്കാന്‍ റെയില്‍വേ

ട്രെയിന്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ വന്‍ പദ്ധതിയുമായി റെയില്‍വേ, ചെലവ് കോടികള്‍

Update:2024-09-12 17:53 IST

Image: Canva

അടുത്ത കാലത്ത് നടന്ന ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നുവെന്ന സംശയങ്ങള്‍ക്കിടെ സുരക്ഷ ഉറപ്പാക്കാന്‍ നീക്കവുമായി റെയില്‍വേ മന്ത്രാലയം. പാളങ്ങളിലെ സംശയാസ്പദമായ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ട്രെയിനുകളില്‍ ക്യാമറ ഘടിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് വ്യക്തമാക്കിയത്. ഈ ക്യാമറകളിലൂടെ ട്രാക്കും ചുറ്റുപാടും നിരീക്ഷിക്കാന്‍ സാധിക്കും.
ഓരോ ട്രെയിനിന്റെയും മുന്നിലും പിന്നിലും സൈഡിലും ക്യാമറ സ്ഥാപിക്കും. ഇതിനൊപ്പം ബോഗികളിലും സമാനമായ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ മൂന്നു മാസത്തിനുള്ളില്‍ വിളിക്കും. രാജ്യത്ത് ഓടുന്ന എല്ലാ ട്രെയിനുകളിലും പുതിയ സംവിധാനം ഒരുക്കുമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ അവകാശവാദം.

എ.ഐ ക്യാമറകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) അധിഷ്ഠിതമായ ക്യാമറകളാണ് ട്രെയിനുകളില്‍ സ്ഥാപിക്കുന്നത്. ഇതിനായി 75 ലക്ഷം ക്യാമറകളാകും വേണ്ടിവരിക. ഈ ക്യാമറകള്‍ ട്രാക്കിലെ അസാധാരണ വസ്തുക്കളെ കണ്ടെത്തി അടിയന്തിര ബ്രേക്കിംഗിന് ലോക്കോ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കും.

ട്രെയിനുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ഡേറ്റാ സെന്ററും റെയില്‍വേ സ്ഥാപിക്കും. അടുത്തിടെ ഉണ്ടായ ചെറുതും വലുതുമായ ട്രെയിന്‍ അപകടങ്ങളില്‍ റെയില്‍വേ അന്വേഷണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് പുതിയ സുരക്ഷ സംവിധാനവും റെയില്‍വേ നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അജ്മീറിലും ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും ട്രെയിനുകള്‍ പാളംതെറ്റിക്കാന്‍ ശ്രമം നടന്നിരുന്നു.

ട്രെയിനിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കുമോയെന്ന കാര്യത്തില്‍ മന്ത്രി പ്രതികരിച്ചില്ല. സ്ത്രീകള്‍ക്കു നേരെ അക്രമം തടയാന്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ ഉള്‍പ്പെടെ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

ട്രെയിനിന്റെ മുന്നിലും വശങ്ങളിലും ക്യാമറ സ്ഥാപിക്കാന്‍ മാത്രം 1,200 കോടി രൂപയോളമാണ് റെയില്‍വേ മാറ്റിവച്ചിരിക്കുന്നത്. കംപാര്‍ട്ട്‌മെന്റുകളില്‍ കൂടി ക്യാമറ സ്ഥാപിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നതിനാല്‍ റെയില്‍വേ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുമോയെന്ന് വ്യക്തമല്ല.

Tags:    

Similar News