ചുങ്കം കൂട്ടിയപ്പോള്‍ ലക്ഷം ടണ്‍ പാമോയില്‍ ഓര്‍ഡര്‍ റദ്ദാക്കി ഇന്ത്യന്‍ കമ്പനികള്‍; വെളിച്ചെണ്ണ വില കൂടിയത് 50 രൂപ

അടുത്ത മാസങ്ങളിലുള്ള ഡിമാന്‍ഡ് കണക്കിലാക്കാന്‍ സാധിക്കാത്തതും ഓര്‍ഡര്‍ പിന്‍വലിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍

Update:2024-09-24 17:51 IST

image credit : canva

ഭക്ഷ്യയെണ്ണയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ ഒരുലക്ഷം മെട്രിക് ടണ്‍ പാമോയില്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കി ഇന്ത്യന്‍ കമ്പനികള്‍. പാമോയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വാങ്ങുന്ന പാമോയില്‍ ചെറിയ തീരുവ നല്‍കിയാണ് ഇന്ത്യയിലെത്തിയിരുന്നത്.
എന്നാല്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ ഇറക്കുമതി തീരുവയില്‍ 20 പോയിന്റ് വര്‍ധന ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഇവയുടെ ഇറക്കുമതി തീരുവ 5.5 ശതമാനത്തില്‍ നിന്നും 27.5 ശതമാനമായി വര്‍ധിച്ചു. ഇതിന് പിന്നാലെ മലേഷ്യയിലെ പാം ഓയില്‍ വില വര്‍ധിച്ചതും ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി. ഓരോ മാസവും 7.5 ലക്ഷം ടണ്‍ പാം ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒരുലക്ഷം ടണ്‍ വെട്ടിയപ്പോള്‍ 13.3 ശതമാനം കുറവുണ്ടായി. അടുത്ത മാസങ്ങളിലെ ഡിമാന്‍ഡ് കണക്കിലാക്കാന്‍ സാധിക്കാത്തതും ഓര്‍ഡര്‍ പിന്‍വലിക്കാന്‍ കാരണമായി. തണുപ്പുകാലത്ത് പാമോയില്‍ ഉപയോഗം കുറയുന്നതാണ് പതിവ്. 
അതേസമയം, പാമോയിലിന്റെ ലഭ്യത കുറയുന്നത് രാജ്യത്ത് വിവിധ ഉത്പന്നങ്ങളുടെ വില വര്‍ധിക്കാന്‍ ഇടയാക്കും. സോപ്പ് മുതല്‍ ക്രീം വരെയുള്ള ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത അസംസ്‌കൃത വസ്തുവാണ് പാമോയില്‍.

വെളിച്ചെണ്ണ വില

അതിനിടെ പൊതുവിപണിയില്‍ വെളിച്ചെണ്ണ വിലയില്‍ വന്‍ കുതിച്ചുചാട്ടം. ഓണത്തിന് മുമ്പ് 170-220 വരെയായിരുന്ന വെളിച്ചെണ്ണയുടെ വില ഇപ്പോള്‍ 220-250 രൂപ വരെയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 50 രൂപയോളമാണ് വര്‍ധിച്ചത്. വെളിച്ചെണ്ണ ഉത്പാദകര്‍ പ്രധാനമായും ആശ്രയിക്കുന്ന തമിഴ്‌നാട് കൊപ്രയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നേരത്തെ വന്നിരുന്ന കൊപ്രയുടെ നാലിലൊന്ന് മാത്രമേ നിലവില്‍ വരുന്നുള്ളൂ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞതോടെ തേങ്ങ ഉത്പാദനവും കാര്യമായി കുറഞ്ഞിരുന്നു. നവരാത്രി ആഘോഷങ്ങള്‍ക്കായി ഉത്തരേന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിച്ചതും വില വര്‍ധനവിന് കാരണമായി. ദിവസങ്ങള്‍ക്ക് മുമ്പ് വരെ 112 രൂപയ്ക്ക് ലഭിച്ചിരുന്ന കൊപ്ര ഇപ്പോള്‍ 140 രൂപയ്ക്കാണ് നിലവില്‍ വ്യാപാരം നടത്തുന്നത്.
Tags:    

Similar News