ഓസ്‌ട്രേലിയ അതികഠിനം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ലക്ഷ്യമായി ഈ ഗള്‍ഫ് രാജ്യം

2025ഓടെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 50 ശതമാനം കുറയ്ക്കാനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പദ്ധതി

Update: 2024-05-10 10:02 GMT

Image: Canva

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ലക്ഷ്യകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍ വിദ്യാര്‍ത്ഥി വീസ അനുവദിക്കുന്നതില്‍ കര്‍ശന നിബന്ധനകള്‍ കൊണ്ടുവന്നതോടെ പലരും ഓസ്‌ട്രേലിയന്‍ സ്വപ്‌നങ്ങള്‍ അവസാനിപ്പിക്കുകയാണ്.
2025ഓടെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 50 ശതമാനം കുറയ്ക്കാനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പദ്ധതി. പഠനവും ജോലിയുമായി ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്ന പലരും മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ മാറ്റിയിട്ടുണ്ട്.
ഇത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധാകേന്ദ്രമായി യു.എ.ഇ മാറിയിരിക്കുന്നുവെന്നതാണ് കൗതുകം. 15 മുതല്‍ 20 ദിവസം കൊണ്ട് വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദുബൈയിലേക്ക് പോകുന്നവര്‍ക്ക് സാധിക്കും. താമസസൗകര്യത്തിനുള്ള ചെലവ് 30,000 മുതല്‍ 68,000 രൂപ വരെയാണ്.
അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇന്‍ ദുബൈ, മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ദുബൈ, വൂളോഗോംഗ് യൂണിവേഴ്‌സിറ്റി എന്നിവയെല്ലാം നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നുണ്ട്. നാട്ടിലേക്കുള്ള യാത്രനിരക്ക് പൊതുവേ കുറവാണെന്നതും ദുബൈയുടെ അനുകൂല ഘടകമാണ്.
ജര്‍മ്മനിയിലേക്ക് ഒഴുക്ക്
ഓസ്‌ട്രേലിയയും യു.കെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്യമായതോടെ ജര്‍മ്മനിയിലേക്കുള്ള ഒഴുക്ക് കൂടിയിട്ടുണ്ട്. വളരെ എളുപ്പത്തില്‍ വീസ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതും പാര്‍ട്ട്‌ടൈം ജോലി കിട്ടാനുള്ള സാധ്യതകളുമാണ് ജര്‍മ്മനിയുടെ പ്രത്യേകത.
49,000 മുതല്‍ 58,000 രൂപ വരെയാണ് താമസത്തിനായി ചെലവാകുന്നത്. താമസത്തിനും ചെലവിനുമുള്ള തുക പാര്‍ട്ട്‌ടൈം ജോലിയിലൂടെ കണ്ടെത്താമെന്നത് ജര്‍മ്മനിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 107 ശതമാനം വര്‍ധനയാണ് ഈ യൂറോപ്യന്‍ രാജ്യത്തില്‍ ഉണ്ടായത്.
സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍, മാള്‍ട്ട, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വലിയതോതില്‍ ആകര്‍ഷിക്കുന്നുണ്ട്. പഠനശേഷം അവിടെ തന്നെ ജോലി കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നതാണ് പലരെയും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
Tags:    

Similar News