2070 നെറ്റ് സീറോ എമിഷന്‍ ലക്ഷ്യം; ആവശ്യം 10 ട്രില്യണ്‍ ഡോളര്‍ നിക്ഷേപം
2060-ഓടെ ചൈനയും, 2050-ഓടെ യൂറോപ്യന്‍ യൂണിയനും യുഎസും ഈ ലക്ഷ്യം കൈവരിക്കാന്‍ പദ്ധതിയുണ്ട്;
ഗ്ലാസ്ഗോയില്‍ 2021 നവംബര്‍ 1 ന് നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടി COP 26-ല്‍, 2070-ഓടെ ഇന്ത്യ നെറ്റ് സീറോ എമിഷന്‍ ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ട് 2023 ആരംഭിക്കാന്‍ പോകുമ്പോള്‍ ചൈനയ്ക്കും യുഎസിനും ശേഷം ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന മൂന്നാമത്തെ വലിയ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.
അതിനാല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഫണ്ട് ശേഖരണവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകളും ഇന്ത്യയ്ക്ക് നല്‍കേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല ഇവര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുതല്‍ തന്നെ 10 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമായി വരും. നിലവിലെ സമയപരിധി 2050-ലേക്ക് നീട്ടിയാല്‍ തുക 13.5 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നേക്കാം.
മാത്രമല്ല ഈ ലക്ഷ്യം കൈവരിക്കുന്നതിന് മറ്റ് ചില പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഇതിനായി നിരവധി ഹ്രസ്വകാല ലക്ഷ്യങ്ങളും, മേഖല തിരിച്ചുള്ള ശക്തമായ ലക്ഷ്യങ്ങളും സജ്ജീകരിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുഎസും ചൈനയും കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യങ്ങള്‍ ഇന്ത്യയേക്കാള്‍ വളരെ നേരത്തെ കൈവരിക്കാന്‍ ലക്ഷ്യമിടുന്നതായി കാണണം. 2060-ഓടെ ചൈനയും, 2050-ഓടെ യൂറോപ്യന്‍ യൂണിയനും യുഎസും ഈ ലക്ഷ്യം കൈവരിക്കാന്‍ പദ്ധതിയുണ്ട്.
2070-ഓടെ സീറോ എമിഷന്‍ ലക്ഷ്യം കൈവരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ധിക്കുന്നതിന് സഹായിക്കുമെന്ന് ഹൈ-ലെവല്‍ പോളിസി കമ്മീഷന്‍ ഓണ്‍ ഗെറ്റിംഗ് ഏഷ്യ ടു നെറ്റ് സീറോ ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറക്കിയ 'ഗെറ്റിംഗ് ഇന്ത്യ ടു നെറ്റ് സീറോ' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 2036-ഓടെ വാര്‍ഷിക ജിഡിപിയില്‍ 4.7 ശതമാനം വരെ വര്‍ധനയും 2047 ഓടെ 15 ദശലക്ഷം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും പറയുന്നു. 2050-ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുകയാണെങ്കില്‍ ഇന്ത്യക്ക് വാര്‍ഷിക ജിഡിപി 7 ശതമാനം വര്‍ധിപ്പിക്കാനും 2032 ഓടെ ഏകദേശം 20 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്നും അത് കൂട്ടിച്ചേര്‍ത്തു.