ഓന്‍കാര്‍ ബാത്ര; ഇന്ത്യയുടെ ആദ്യ ഓപ്പണ്‍- സോഴ്‌സ് സാറ്റലൈറ്റിന് പിന്നിലെ പന്ത്രണ്ടാം ക്ലാസുകാരന്‍

ഒരു കിലോഗ്രാമാണ് ഓന്‍കാര്‍ വികസിപ്പിച്ച ഇന്‍ക്യൂബിന്റെ ഭാരം. ഇന്ത്യയില്‍ ഇത്തരം ഉപഗ്രഹങ്ങള്‍ 20-80 ലക്ഷം രൂപ ചെലവില്‍ വിക്ഷേപിക്കാമെന്നും അതുകൊണ്ടാണ് ഐഎസ്ആര്‍ഒയുടെ സഹായം തേടിയതെന്നും ഓന്‍കാര്‍ പറയുന്നു

Update: 2022-12-06 12:02 GMT

Source: Onkar Singh Batra/linkedin

ഈ മാസം ഐസ്ആര്‍ഒ വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ഒരു കുഞ്ഞന്‍ ഉപഗ്രഹം ആണ് ഇന്‍ക്യൂബ് (InQube). രാജ്യത്തെ ആദ്യ ഓപ്പണ്‍- സോഴ്‌സ് സാറ്റലൈറ്റ് എന്നതാണ് ഇന്‍ക്യൂബിന്റെ പ്രത്യേകത. അത് നിര്‍മിച്ചതാകട്ടെ പന്ത്രണ്ടാം ക്ലാസുകരനായ ഓന്‍കാര്‍ ബാത്രയുടെ നേതൃത്വത്തിലുള്ള പാരഡോക്‌സ് സോണിക് സ്‌പേസ് ഏജന്‍സിയും. ജമ്മുവിലെ ബിഎസ്എഫ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഓന്‍കാര്‍ ബാത്ര.

എല്ലാവര്‍ക്കും ലഭ്യമാവുന്ന പ്ലാറ്റ്‌ഫോം ഡിസൈന്‍, കസ്റ്റമസൈസ് ചെയ്ത് ഉപയോഗിക്കാനുള്ള അവസരം തുടങ്ങിയവയൊക്കെയാണ് ഓപ്പണ്‍- സോഴ്‌സ് സാറ്റലൈറ്റുകളുടെ പ്രത്യേകത. ഒരു കിലോഗ്രാമാണ് ഓന്‍കാര്‍ വികസിപ്പിച്ച ഇന്‍ക്യൂബിന്റെ ഭാരം. ഭാരം കുറഞ്ഞ ഉപഗ്രഹങ്ങളുടെ സാധ്യത, മേഖലയിലെ താപനില തുടങ്ങിയവ പരിശോധിക്കുകയാണ് ഉപഗ്രത്തിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ഇത്തരം ഉപഗ്രഹങ്ങള്‍ 20-80 ലക്ഷം രൂപ ചെലവില്‍ വിക്ഷേപിക്കാമെന്നും അതുകൊണ്ടാണ് ഐഎസ്ആര്‍ഒയുടെ സഹായം തേടിയതെന്നും ഓന്‍കാര്‍ പറയുന്നു.

കോവിഡ് കാലത്ത് രോഗികള്‍ക്ക് ഡോക്ടര്‍മാരുമായി ചാറ്റ് ചെയ്യുന്നതിനായി വെബ്‌സൈറ്റ് തയ്യാറാക്കിയ ഓന്‍കാറിന് 2020ലെ ദേശീയ ബാല്‍ശക്തി അവാര്‍ഡ് ലഭിച്ചിരുന്നു. ഏഴാം വയസില്‍ ആദ്യ വെബ്‌സൈറ്റ് തയ്യാറാക്കി ഗിന്നസ് ബുക്കിലും ഓന്‍കാര്‍ ഇടം നേടിയിട്ടുണ്ട് (Worlds youngest webmaster-male). ബാത്ര ടെക്‌നോളജീസ് (2018), യുണൈറ്റഡ് ഇന്ത്യ പബ്ലിഷിംഗ് (2019) എന്നീ കമ്പനികളും ഈ പന്ത്രണ്ടാം ക്ലാസുകാരന്‍ നടത്തുന്നുണ്ട്. തന്റെ പന്ത്രണ്ടാം വയസില്‍ ഓന്‍കാര്‍ When the time stops എന്ന പുസ്‌കതകം എഴുതിയിരുന്നു. കഴിഞ്ഞ മാസം നവംബര്‍ 18ന് ആയിരുന്നു രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് ആണ് വിക്രം എസ് വികസിപ്പിച്ചത്. 

Tags:    

Similar News