കുട്ടികള്‍ കുറയുന്നു, വയോജനം കൂടുന്നു; 12 വര്‍ഷത്തിനപ്പുറത്തെ കണക്കുമായി സര്‍ക്കാര്‍
സെന്‍സസ് മുടങ്ങി നില്‍ക്കേ, 2036ല്‍ രാജ്യത്ത് ജനസംഖ്യ 152.2 കോടിയെന്ന് പ്രവചനം
ഇന്ത്യയുടെ ജനസംഖ്യ 2036ല്‍ 152.2 കോടിയില്‍ എത്തുമെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സ്ത്രീ-പുരുഷ അനുപാതം 2011ല്‍ 943 ആയിരുന്നത് 12 വര്‍ഷങ്ങള്‍ക്കു ശേഷം 952 ആയി ഉയരുമെന്നും റിപ്പോര്‍ട്ട് പ്രവചിച്ചു.
സ്ഥിതിവിവര-പദ്ധതി നടത്തിപ്പ് മന്ത്രാലയം പുറത്തിറക്കിയ സ്ത്രീ-പുരുഷ ജനസംഖ്യ സംബന്ധിച്ച കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. സ്ത്രീ-പുരുഷ അനുപാതം എന്നാല്‍ 1000 പുരുഷന്മാര്‍ എന്ന കണക്കില്‍ സ്ത്രീകളുടെ എണ്ണമാണ് സൂചിപ്പിക്കുന്നത്. 2036ല്‍ ജനസംഖ്യയില്‍ 48.8 ശതമാനം സ്ത്രീകളായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2011ല്‍ ഇത് 48.5 ശതമാനമായിരുന്നു.
2011ല്‍ 121.08 കോടി
2011ലാണ് ഏറ്റവുമൊടുവില്‍ സെന്‍സസ് നടന്നത്. 121.08 കോടിയാണ് ജനസംഖ്യയെന്നാണ് 2011ല്‍ കണക്കാക്കിയത്. 2036ല്‍ 15ല്‍ താഴെ പ്രായമുള്ള കുട്ടികളുടെ അനുപാതം കുറയുമെന്നാണ് പ്രവചനം. ഗര്‍ഭധാരണ തോത് കുറയുന്നതാണ് കാരണം. 60 കഴിഞ്ഞവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകും.
2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കോവിഡ് മൂലം നീണ്ടു. കോവിഡ് കാലം പിന്നിട്ടെങ്കിലും അടുത്ത സെന്‍സസിന്റെ ഒരുക്കങ്ങളിലേക്ക് ഇനിയും സര്‍ക്കാര്‍ കടന്നിട്ടില്ല. ഇത് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജാതി സെന്‍സസ് സംബന്ധിച്ച വിവാദങ്ങളുടെ അകമ്പടിയോടെയാണ് സെന്‍സസ് പ്രവര്‍ത്തനം നീണ്ടുപോയത്.