40 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ വേണമെന്ന് ലാബുകള്‍, ഉടനില്ലെന്ന് കേന്ദ്രം

നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ തടയാന്‍ കഴിയില്ലെന്നതിന്‌ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

Update: 2021-12-04 08:30 GMT

കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്‍സകോഗ്. കൊവിഡ് വകഭേദങ്ങളെക്കുറിച്ച് പഠിക്കുന്ന 28 ലബോറട്ടറികളുടെ കൂട്ടായ്മയാണ് ഇന്‍സകോഗ്. 40 വയസിന് മുകളില്‍ കൊവിഡ് അപകടകരമാകാന്‍ ഇടയുള്ളവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കണമെന്നാണ് സംഘടന പ്രതിവാര ബുള്ളറ്റിനില്‍ ആവശ്യപ്പെട്ടത്. ഇതുവരെ വാക്‌സിന്‍ ലഭിക്കാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കാനും സംഘടന നിര്‍ദ്ദേശിച്ചു.

വാക്‌സിനുകളുടെ ഒമിക്രോണിനെതിരെയുള്ള പ്രതിരോധത്തില്‍ സംശയം ഉയര്‍ന്ന സാഹതര്യത്തിലാണ് ബൂസ്റ്റര്‍ വാക്‌സിന്‍ എന്ന നിര്‍ദ്ദേശം സംഘടന മുന്നോട്ടുവെച്ചത്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ബൂസ്റ്റര്‍ വാക്‌സിനുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം ബൂസ്റ്റര്‍ വാക്‌സിനുകളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെ ബൂസ്റ്റര്‍ വാക്‌സിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ അറിയിച്ചു. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുന്നതിനാണ് പ്രാധാന്യം.
കുട്ടികളുടെ വാക്‌സിന്റെ കാര്യത്തിലും കേന്ദ്രം ആലോചിച്ചേ തീരുമാനം എടുക്കുകയുള്ളു. നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ തടയാന്‍ കഴിയില്ല എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചില വകഭേദങ്ങള്‍ വാക്‌സിന്റെ ഫലപ്രാപ്തി കുറച്ചേക്കാം. ഒമിക്രോണ്‍ സംബന്ധിച്ച പഠനങ്ങളുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.



Tags:    

Similar News