ഇറാന്റെ മിസൈല്‍ ഫാക്ടറികളില്‍ ഇസ്രയേല്‍ മിന്നലാക്രമണം, തിരിച്ചടിക്കാന്‍ ഇറാന്‍; മിഡില്‍ ഈസ്റ്റില്‍ സംഭവിക്കുന്നതെന്ത്?

യു.എസ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഇറാനിലെ ആണവ-ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമണത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് വിവരം

Update:2024-10-26 11:13 IST

image Credit : IDF

ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. മാസങ്ങളോളമായി ഇസ്രയേലിനെതിരെ ഇറാന്റെ നേതൃത്വത്തില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയാണ് ഇപ്പോഴത്തെ തിരിച്ചടിയെന്ന് ഇസ്രയേല്‍ സേന വിശദീകരിച്ചു. യു.എസ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഇറാനിലെ ആണവ-ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമണത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് വിവരം. ഒക്ടോബര്‍ ഒന്നിന് ഇസ്രയേലില്‍ നടത്തിയ മിസൈലാക്രമണത്തിന് ഇറാന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണം സ്ഥിരീകരിച്ച ഇറാന്‍ എന്നാല്‍ ഭാഗികമായ നാശനഷ്ടമാണ് സംഭവിച്ചതെന്നും പ്രതികരിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ഇറാനില്‍ ആക്രമണം നടത്തുന്നതായി ഇസ്രയേല്‍ സൈന്യം അറിയിച്ചത്. ഇതിന് പിന്നാലെ ഇറാനിലെ തെഹ്‌റാനില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തെഹ്‌റാന്‍, ഖുസേസ്ഥാന്‍, ഇലാം എന്നീ പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലി സൈന്യത്തിന്റെ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി ചെറുത്തതായും ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടന്നെങ്കിലും പ്രദേശത്തെ ജനജീവിതം സാധാരണ പോലെയാണെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു.

ഇറാന്‍ പ്രതികരിച്ചാല്‍ വീണ്ടും തിരിച്ചടിയെന്ന് ഇസ്രയേല്‍

മൂന്ന് റൗണ്ട് ആക്രമണത്തിന് ശേഷം ഇറാനെതിരെയുള്ള പ്രതികാരം തത്കാലികമായി അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇനിയും ഇറാന്‍ പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടി ഭയാനകമായിരിക്കും. ഒരു വര്‍ഷത്തോളമായി ഇറാനും സഖ്യകക്ഷികളും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയാണ് ഇതെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇറാന്റെ മിസൈല്‍ നിര്‍മാണ കേന്ദ്രം, വ്യോമകേന്ദ്രങ്ങള്‍, മിസൈല്‍ സംഭരണ കേന്ദ്രം എന്നിവ തകര്‍ത്തതായും ഇസ്രയേല്‍ സേന കൂട്ടിച്ചേര്‍ത്തു. യു.എസ് അധികൃതരുടെ അറിവോടെയായിരുന്നു ആക്രമണം. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് അധികൃതര്‍ പ്രതികരിച്ചു.

മിഡില്‍ ഈസ്റ്റിലെന്ത് സംഭവിക്കും?

അതേസമയം, പതിറ്റാണ്ടുകളായി നിഴല്‍ യുദ്ധം തുടരുന്ന ആണവശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ പരസ്പരം യുദ്ധത്തിലേര്‍പ്പെടുന്നത് മിഡില്‍ ഈസ്റ്റില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇറാനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റിലെ ഒരു രാജ്യവും കൂട്ടുനില്‍ക്കരുതെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിന് ഏതെങ്കിലും അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇസ്രയേല്‍ സേനയുടെ ദൗത്യത്തില്‍ പങ്കാളിയായിട്ടില്ലെന്ന് യു.എസ് സൈന്യവും വിശദീകരിച്ചു. അതേസമയം, ഇസ്രയേലിന്റെ ആക്രമണം നിയന്ത്രിതവും ആളപായം ഉണ്ടാക്കാത്തതും ആണെങ്കില്‍ തിരിച്ചടിക്കില്ലെന്ന് ഇറാന്‍ നിലപാടെടുത്തതായി സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്. ഇസ്രയേല്‍ ആക്രമണത്തിന് ഇറാന്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുകയാണെന്ന് ചില ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Tags:    

Similar News