24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യാനുറച്ച് ഇറാൻ, എന്തിനും തയ്യാറെന്ന് നെതന്യാഹു: പശ്ചിമേഷ്യയിൽ ബഹുരാഷ്ട്രയുദ്ധ ഭീഷണി
മലയാളികൾ ഏറെയുള്ള ഗൾഫ് മേഖലയിലേക്ക് യുദ്ധം വ്യാപിക്കുമോ എന്നും ആശങ്ക
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധഭീതി പരക്കുന്നു. പലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, യെമനിലെ ഹൂതി വിഭാഗം, ലെബനനിലെ ഹിസ്ബുള്ള, ഇറാഖി പ്രതിരോധ സേന എന്നിവരെ ചേര്‍ത്തുള്ള ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി ഇസ്രയേലിൽ സൈബർ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. അടുത്ത 24 - 48 മണിക്കൂറിനുള്ളിൽ ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്.
എന്തിനും റെഡിയെന്ന് ഇസ്രയേൽ
അതേസമയം, ഏത് ആക്രമണത്തെയും നേരിടാൻ തയ്യാറാണെന്നും ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാന്റെ ആക്രമണത്തെ ചെറുക്കാൻ വിവിധ തരത്തിലുള്ള തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്. രാജ്യത്തിനെതിരെയുള്ള എന്ത് തരം ആക്രമണങ്ങളെയും ശക്തമായി പ്രതിരോധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആക്രമണത്തെ നേരിടാനുള്ള മാർഗങ്ങൾ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിൽ നെതന്യാഹു പരിശോധിച്ചു. ഇറാന്റെ നീക്കങ്ങൾ മണത്തറിയാൻ മേഖലയിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനവും ശക്തമാക്കിയിട്ടുണ്ട്.
ഓഹരി വിപണിയിൽ തകർച്ച
യുദ്ധഭീതിയെ തുടർന്ന് ലോകത്തിലെ ഭൂരിഭാഗം ഓഹരി വിപണികളും നഷ്ടത്തിലായി. ആഗോള വിപണിയിലെ മാന്ദ്യ സൂചനകളും ഇറാനിൽ നിന്നുള്ള തുടർച്ചയായ ഭീഷണിയുമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കൻ, യൂറോപ്യൻ ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ഇത് വരുന്ന കുറച്ച് ദിവസത്തേക്ക് തുടരുമെന്നാണ് മുന്നറിയിപ്പ്.
രണ്ടും കൽപ്പിച്ച് ഇറാൻ
സുരക്ഷാവേലി ഭേദിച്ച് ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതിൽ ഇസ്രയേലിന് തക്ക മറുപടി കൊടുക്കുന്നതിൽ കുറഞ്ഞതൊന്നും വേണ്ടെന്ന നിലപാടിലാണ് ഇറാൻ. യുദ്ധമൊഴിവാക്കാൻ ശ്രമിച്ച അറബ് രാജ്യങ്ങളിലെ പ്രതിനിധികളോട് ഇറാൻ ഇക്കാര്യം വ്യക്തമാക്കി. ഇസ്രയേലിനെ ആക്രമിക്കുന്നത് പശ്ചിമേഷ്യയെ മൊത്തത്തിൽ യുദ്ധത്തിലേക്ക് തള്ളിവിട്ടാലും പ്രതികാരത്തിൽ നിന്നും പിന്മാറില്ല. ആക്രമണ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്താനും ഇറാൻ തയ്യാറായിട്ടില്ല. സിറിയയിലെ കാര്യാലയ ആക്രമണത്തിന് പ്രതികാരമായി നടത്തിയ മിസൈൽ ആക്രമണത്തിന് മുമ്പ് ഇറാൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നതായാണ് റിപ്പോർട്ട്. ഇറാന്റെ ഏപ്രിലിലെ ആക്രമണത്തെ പ്രതിരോധിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ യു.കെ, ഫ്രാൻസ്, ഇസ്രയേൽ , ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ചേർന്ന് സംവിധാനമൊരുക്കിയിരുന്നു. എന്നാൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തെ തുടർന്ന് ജോർദാൻ, സൗദി അറേബ്യ തുടങ്ങിയ അറബ് രാജ്യങ്ങളുടെ പിന്തുണ ഇനിയുണ്ടാകില്ലെന്നാണ് യു.എസ് കരുതുന്നത്.
പശ്ചിമേഷ്യ ബഹുമുഖ യുദ്ധത്തിലേക്ക്
ഇറാൻ ഇസ്രയേലിൽ നടത്തുന്ന ആക്രമണം പശ്ചിമേഷ്യയെ ബഹുമുഖ യുദ്ധത്തിലേക്ക് നയിക്കുമെന്ന് വിദഗ്‌ധർ ആശങ്ക പ്രകടിപ്പിച്ചു. ഇസ്രയേലിനെ അമേരിക്ക സഹായിച്ചാൽ മിഡിൽ ഈസ്റ്റിലെ യു.എസ്. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തർ, ബഹറിൻ, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം യു എസ് സെന്യത്തിന്റെ സാന്നിധ്യമുണ്ട്. ഇസ്രയേലിന് വ്യോമ പാത തുറന്നു നൽകുന്ന രാജ്യങ്ങളെയും ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്. അതേസമയം, പ്രശ്ന പരിഹരത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പ്രവാസികള്‍ക്കും തിരിച്ചടി
പശ്ചിമേഷ്യ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുന്നത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കും തിരിച്ചടിയാണ്. സംഘര്‍ഷം രൂക്ഷമായാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മാണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കും. തൊഴില്‍-വരുമാന നഷ്ടത്തിനും ഇടയാക്കും. ഇത് നാട്ടിലേക്കുള്ള പണമയപ്പ് കുറയ്ക്കും. സംഘര്‍ഷ മേഖലയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. വിദേശത്ത് നിന്നുള്ള വരുമാനം കുറയുന്നത് ഇതിനോടകം പ്രതിസന്ധിയിലായ കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ കൂടുതല്‍ മോശമാക്കും. മലയാളികൾ ഏറെയുള്ള , ബഹറിൻ, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്നത് പ്രവാസ ലോകത്തിനും ഭീഷണിയാണ്.
ക്രൂഡ് ഓയിൽ താഴേക്ക്
പശ്ചിമേഷ്യൻ സംഘർഷഭീതി നിലനിൽക്കുകയാണെങ്കിലും ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം വെള്ളിയാഴ്ച 77.28 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 77.06 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 73.66 ഉം യുഎഇയുടെ മർബൻ ക്രൂഡ് 75.99 ഉം ഡോളറിലാണ്.