ഇറാനെ മുച്ചൂടും മുടിക്കാന്‍ ഇസ്രയേല്‍ പ്ലാന്‍, വേദനിപ്പിക്കുന്ന തിരിച്ചടിക്ക് ഇറാന്‍; മിഡില്‍ ഈസ്റ്റില്‍ വീണ്ടും യുദ്ധഭീഷണി
ഇറാന്റെ സൈനിക കേന്ദ്രങ്ങളിലായിരിക്കും ഇസ്രയേല്‍ ആക്രമണം
ഒക്ടോബര്‍ ഒന്നിലെ മിസൈലാക്രമണത്തില്‍ ഇറാന് തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിന് മുമ്പ് ഇതുണ്ടാകാനാണ് സാധ്യത. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് പശ്ചിമേഷ്യയെ വലിയ യുദ്ധത്തിലേക്ക് തള്ളിവിടാനുള്ള സാധ്യതയുള്ളതിനാല്‍ സൈനിക കേന്ദ്രങ്ങളിലായിരിക്കും ഇസ്രയേല്‍ ആക്രമണം നടത്തുക. അതേസമയം, ഇസ്രയേല്‍ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാനുള്ള പടയൊരുക്കവുമായി ഇറാനും രംഗത്തുണ്ട്. ഇസ്രയേല്‍ ആക്രമണത്തിന് വേദനിപ്പിക്കുന്ന തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന്‍ സലാമി പറഞ്ഞു. അതിനിടെ ലെബനനിലും സിറിയയിലും ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഇറാന് പിന്തുണയുമായി സഖ്യകക്ഷികള്‍
ഇസ്രയേല്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെ ഇറാന് പിന്തുണയുമായി സഖ്യകക്ഷികളും രംഗത്തുവന്നിട്ടുണ്ട്. ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി വിഭാഗം, ഇറാഖിലെ വിവിധ ഷിയ സംഘടനകള്‍, പലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നിവര്‍ ഇറാനൊപ്പമാണ്. ഇസ്രയേലുമായി സംഘര്‍ഷം പതിവാക്കിയ ഇവര്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ളയുടെ മരണത്തിന് ശേഷം ആക്രമണം കടുപ്പിച്ചതായാണ് രേഖകള്‍. പിന്തുണ തേടി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ സമീപിച്ച ഇറാന്‍ ഇസ്രയേല്‍ ആക്രമണത്തിന് സഹായം നല്‍കരുതെന്നും ആവശ്യപ്പെട്ടിരുന്നു.
ലെബനനില്‍ മുന്‍സിപ്പല്‍ മേയര്‍ കൊല്ലപ്പെട്ടു
തെക്കന്‍ ലെബനനിലെ നബാത്തിയ നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുന്‍സിപ്പല്‍ മേയര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തര മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ലെബനീസ് പ്രധാനമന്ത്രി നജീബ് മീക്കാത്തി ആരോപിച്ചു. ഇതാദ്യമായാണ് ലെബനീസ് സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഇസ്രയേലിന്റെ കരയുദ്ധത്തില്‍ ഇതുവരെ 2,350 ലെബനീസുകാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതേകാലയളവില്‍ 50 ഇസ്രയേലികളും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യവും പറയുന്നു.
മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീഷണി
അതേസമയം, പ്രധാന എണ്ണയുത്പാദക രാജ്യമായ ഇറാനെ ആക്രമിക്കുന്നത് മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനും ഇസ്രയേലും തമ്മില്‍ 1,200 കിലോമീറ്ററിലധികം ദൂരമുണ്ട്. കരവഴിയുള്ള യുദ്ധം ഇസ്രയേലിന് അതിനാല്‍ സാധ്യവുമല്ല. മറ്റേതെങ്കിലും അറബ് രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിച്ചോ അല്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള യു.എസ് സൈനിക കേന്ദ്രങ്ങളില്‍ നിന്നോ ഇറാനെ ആക്രമിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ഇസ്രയേലിനെ സഹായിക്കുന്ന അറബ് രാജ്യങ്ങളെയും ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. മിഡില്‍ ഈസ്റ്റിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്നത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കും വന്‍ തിരിച്ചടിയാണ്. ഇരുരാജ്യങ്ങളെയും അനുനയിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നുണ്ട്.