യു.എസ് സ്‌ട്രൈക്ക് ഗ്രൂപ്പുകള്‍ മിഡില്‍ ഈസ്റ്റിലേക്ക്, ഇറാന്റെ ആക്രമണം ഉറപ്പിച്ച് ഇസ്രായേല്‍ ചാരസംഘടന
ഇറാന്റെ ആക്രമണം ആഗസ്റ്റ് 15ന് മുമ്പുണ്ടാകുമെന്ന് സൂചന
ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയുടെ കൊലപാതകത്തിന് അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ പ്രതികാരം ചെയ്യുമെന്നുറപ്പിച്ച് ഇസ്രായേല്‍ ചാരസംഘടന. പാലസ്തീന്‍-ഇസ്രായേല്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്ന ആഗസ്റ്റ് 15ന് മുമ്പ് ആക്രമണമുണ്ടാവാനാണ് സാധ്യത.
അതേസമയം, അന്താരാഷ്ട്ര സമൂഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇറാന്‍ ആക്രമണത്തില്‍ നിന്ന് പിന്മാറുമെന്ന നിരീക്ഷണം മാറ്റിയ ഇസ്രായേല്‍, പൗരന്മാര്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം തുടരുമെന്നും അറിയിച്ചു. ഇതിന് പിന്നാലെ മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക. ഗൈഡഡ് മിസൈലുകള്‍ അടങ്ങിയ മുങ്ങിക്കപ്പലുകളെയും എയര്‍ ക്രാഫ്റ്റ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പുകളെയും മേഖലയില്‍ വിന്യസിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.
യു.എസ് നീക്കം പതിവില്ലാത്തത്
ആണവ പോര്‍മുനയുള്ള മുങ്ങിക്കപ്പലുകള്‍ എവിടെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് സാധാരണ ഒരു രാജ്യവും വെളിപ്പെടുത്താറില്ല. മാത്രവുമല്ല, ലോയ്ഡ് ഓസ്റ്റിന്‍ പ്രതിപാദിച്ച യു.എസ്.എസ് ജോര്‍ജിയ എന്ന ആണവ മുങ്ങിക്കപ്പല്‍ ജൂലൈ മുതല്‍ മെഡിറ്ററേനിയന്‍ കടലിലുണ്ട് താനും. എന്നിട്ടും സേനാ വിന്യാസം അമേരിക്ക പരസ്യമാക്കിയത് എന്തിനെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ഉത്തരവാദി ഇറാന്‍
ഇസ്രായേലിനെ ആക്രമിക്കുന്നതിലൂടെ മേഖലയിലെ സംഘര്‍ഷം വ്യാപിക്കുന്നതിന് ഉത്തരവാദി ഇറാന്‍ മാത്രമായിരിക്കുമെന്ന് യു.കെ, ഫ്രാന്‍സ്, ജര്‍മനി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിറുത്തലിനും ബന്ദികളെ പരസ്പരം കൈമാറുന്നതിലുമാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇറാന് രണ്ട് മനസ്?
നേരത്തെ ആക്രമണത്തെച്ചൊല്ലി ഇറാനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സൈന്യവും തമ്മില്‍ തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇസ്രായേലിനെ ആക്രമിക്കുന്നത് വലിയ യുദ്ധത്തിലേക്ക് പോകരുതെന്നാണ് പ്രസിഡന്റിന്റെ നിലപാട്. എന്നാല്‍ ഇസ്രായേലിന് കടുത്ത മറുപടി നല്‍കണമെന്നും ഇത് മേഖലയെ യുദ്ധത്തിലേക്ക് തള്ളിയിട്ടാലും പ്രശ്‌നമില്ലെന്ന അഭിപ്രായത്തിലാണ് രാജ്യത്തെ ഒരു വിഭാഗം തീവ്രനിലപാടുകാര്‍.
ഇറാന്റെ ആക്രമണം ആഗസ്റ്റ് 15ന് മുമ്പുണ്ടാകുമെന്ന് സൂചന
ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്നതിന് പകരം ഇസ്രയേലിന് പുറത്തുള്ള അവരുടെ ഏതെങ്കിലും കേന്ദ്രം ആക്രമിക്കുന്നതാണ് ഉചിതമെന്നും ഇത് മേഖലയെ വലിയ യുദ്ധത്തിലേക്ക് തള്ളിവിടില്ലെന്നുമാണ് പെസ്ഷ്‌കിയാന്റെ നിലപാട്. എന്നാല്‍ ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ട് വലിയ ആക്രമണം നടത്താനാണ് സൈന്യത്തിന്റെ പദ്ധതി. ഇസ്രയേലിനെ ശിക്ഷിക്കണമെന്ന ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ ഉത്തരവ് നടപ്പിലാക്കുമെന്ന് ഐ.ആര്‍.ജി.സി കമാന്‍ഡര്‍ പറഞ്ഞു. എന്നാല്‍ ഇറാന്റെ പ്രതികരണം ഏത് തരത്തിലുള്ളതാണെന്ന് ഇനിയും വ്യക്തമല്ല.