അരാംകോയ്ക്കു നേരെ ആക്രമണം നടത്തിയത് ഇറാനെന്ന് റിപ്പോര്‍ട്ട്

Update: 2019-11-26 06:38 GMT

സെപ്റ്റംബറില്‍ സൗദി അരാംകോയുടെ രണ്ട് എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആയിരുന്നെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇതിന് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയതായുള്ള വിവരം ഇറാനിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് ശേഖരിച്ചതെന്ന് റോയിട്ടേഴ്‌സ് പറയുന്നു.

2015 ലെ ആണവ കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയ യുഎസായിരുന്നു ആദ്യ ലക്ഷ്യം.ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഉള്‍പ്പെട്ട നിരവധി രഹസ്യ യോഗങ്ങള്‍ ഇതിനായി ചേര്‍ന്നു. ജൂണില്‍ തന്നെ ആക്രമണത്തിന് ഇറാന്‍ ലക്ഷ്യമിട്ടിരുന്നു.എന്നാല്‍ നേരിട്ടുള്ള ആക്രമണം വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനാല്‍ യുഎസ് പൗരന്മാരെയും കേന്ദ്രങ്ങളേയും ഒഴിവാക്കി അവരുമായി മികച്ച ബന്ധമുള്ള സൗദിയെ ലക്ഷ്യം വെച്ചു.റിപ്പോര്‍ട്ടിനെ കുറിച്ച് ഇറാനും സൗദിയും പ്രതികരിച്ചിട്ടില്ല.

സെപ്റ്റംബര്‍ 14-നായിരുന്നു എണ്ണഭീമനും ദേശീയ എണ്ണക്കമ്പനിയുമായ സൗദി അരാംകോയ്ക്ക് നേരെ ആക്രമണം നടന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായ അബ്‌ഖൈഖിലും ഖുറൈസിലുമായി 18 ഡ്രോണുകളും മൂന്ന് മിസൈലുകളും പതിച്ചത്. 17 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി സഖ്യസേന ഡ്രോണുകള്‍ പരിശോധിച്ച ശേഷം സ്ഥിരീകരിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടെന്ന് സൗദി പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. അരാംകോ ആക്രമണത്തിന് പിന്നാലെ മൂവായിരത്തോളം യുഎസ് സൈനികരും പടക്കോപ്പുകളും സൗദിയിലെത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News