ഭക്ഷ്യക്കിറ്റും സൗജന്യങ്ങളും; ജനങ്ങള്‍ക്ക് നേട്ടമോ ബാധ്യതയോ ?
സൗജന്യങ്ങളും സബ്സിഡികളും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്തതാണ്. യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ വരുത്തുന്ന വീഴ്ച ഈ ആനുകൂല്യങ്ങളെയും ഫ്രീബീസ് ആക്കുകയാണ്. സൗജന്യങ്ങളിലൂടെയും സബ്സിഡികളിലൂടെയും വിപണിയുടെ യഥാര്‍ത്ഥ ശേഷിയും ജനങ്ങളുടെ ആവശ്യങ്ങളും പലപ്പോഴും അട്ടിമറിക്കപ്പെടുകയാണ്
തമിഴ്‌നാട്ടിലെ ഭരണകക്ഷി ആയിരുന്ന ഡിഎംകെ 2006ല്‍ ആണ് സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി കളര്‍ ടിവി വിതരണം ചെയ്തത്. വോട്ടര്‍മാരെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പദ്ധതി, Freebies (ഫ്രീബീസ്) അഥവ സര്‍ക്കാരിന്റെ സൗജന്യം നല്‍കലിന് ഒരു ക്ലാസിക്കല്‍ ഉദാഹരണമാണ്. പദ്ധതിക്കായി കോടികള്‍ മുടക്കിയ സര്‍ക്കാര്‍, ഈ ടിവികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വീടുകളില്‍ വൈദ്യുതി വേണമെന്ന കാര്യം മറന്നുപോയി. സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നത് ഒരു നയമായി സ്വീകരിച്ച പാര്‍ട്ടിയാണ് ആംആത്മി.
2014ല്‍ സുബ്രഹ്‌മണ്യം ബാലാജി V/S ഗവണ്‍മെന്റ് ഓഫ് തമിഴ്‌നാട് കേസിലെ വിധിയെ തുടര്‍ന്ന് പ്രകടന പത്രികയിലെ സൗജന്യ പ്രഖ്യാപനങ്ങള്‍ ചോദ്യം ചെയ്യാനുള്ള വ്യവസ്ഥ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊണ്ടുവന്നതാണ്. ഇലക്ഷന്‍ മുന്‍നിര്‍ത്തി യുക്തിരഹിതമായ സൗജന്യങ്ങള്‍ (irrational freebies.) പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏതാനും നാള്‍ മുമ്പ് മുന്‍ ബിജെപി വക്താവ് അഡ്വ. അശ്വിനി കുമാര്‍ ഉപാദ്യായ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സബ്‌സിഡി മുതല്‍ ഭക്ഷ്യക്കിറ്റുവരെ
സൗജന്യങ്ങളും സബ്സിഡികളും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്തതാണ്. താഴേക്കിടയിലുള്ള വിഭാഗത്തിന്റെ ഉന്നമനത്തിനും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാരുകള്‍ നല്‍കുന്ന സബ്സിഡികളും സഹായങ്ങളും ആവശ്യമാണ്. എന്നാല്‍ യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ വരുത്തുന്ന വീഴ്ച ഈ ആനുകൂല്യങ്ങളെയും ഫ്രീബീസ് ആക്കുകയാണ്. എല്ലാ വര്‍ഷവും 6000 രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പ്രധാന്‍ മന്ത്രി കര്‍ഷക സമ്മാന്‍ നിധി പദ്ധതിയില്‍, ഒരു പയര്‍ വിത്തുപോലും കുഴിച്ചുവയ്ക്കാത്ത അനര്‍ഹരായ ആളുകളും കടന്നുകൂടിയതായി ആരോപണം ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ പിന്നെ ആര് നല്‍കാന്‍ ആണ് എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ ഭരണകക്ഷികള്‍ക്കുണ്ടാകുന്ന രാഷ്ട്രീയ നേട്ടങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഈ സൗജന്യങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന revdi culture (revdi, a sweet, used as a metaphor for freebies) രാഷ്ട്രീയത്തില്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടത് കഴിഞ്ഞ ജൂലൈയില്‍ ആണ്. അതേ സമയം സെപ്റ്റംബറില്‍ അവസാനിക്കാനിരുന്ന കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി (PMGKAY) കേന്ദ്രം നീട്ടുകയും ചെയ്തു.
ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്ര ക്യാബിനറ്റ് പദ്ധതി നീട്ടിയത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സൗജന്യം തുടരുന്നത്, പദ്ധതി എല്ലാക്കാലവും ഉണ്ടാവും എന്ന ധാരണ ജനങ്ങളില്‍ ഉണ്ടാക്കുമെന്നും പിന്നീട് അവസാനിപ്പിക്കാന്‍ പ്രയാസമായിരിക്കും എന്നുമാണ് ധനമന്ത്രാലയം പറഞ്ഞത്. പദ്ധതി നീട്ടിയാല്‍ ഉണ്ടാവുന്ന 44,762 കോടി രൂപയുടെ അധികച്ചെലവായിരുന്നു ധനമന്ത്രാലയത്തിന്റെ എതിര്‍പ്പിന് പിന്നിലെ പ്രധാന കാരണം. 28 മാസമായി തുടരുന്ന പദ്ധതിക്കായി ഇതുവരെ 3.91 ട്രില്യണ്‍ രൂപയാണ് കേന്ദ്രം നീക്കിവെച്ചത്. ബജറ്റില്‍ കണക്കാക്കിയ 2.07 ട്രില്യണ്‍ രൂപയുടെ സ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷം ഭക്ഷ്യ സബ്സിഡി ഇനത്തില്‍ 3.32 ട്രില്യണ്‍ രൂപ ചെലവാകും എന്നാണ് വിലയിരുത്തല്‍. വള സബ്സിഡിക്കായി 1.05 ട്രില്യണ്‍ രൂപ കണക്കാക്കിയ സ്ഥാനത്ത് ചെലവ് 2.5 ട്രില്യണായി ഉയര്‍ന്നേക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ക്ക് ഭക്ഷ്യ-വള സബ്‌സിഡികള്‍ വലിയ തിരിച്ചടിയാവും.
ധന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ വരെയുള്ള മൊത്തം പ്രത്യക്ഷ നികുതി വരുമാനം (gross direct tax collection) 8.98 ലക്ഷം കോടിയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 24 ശതമാനം അധികമാണിത്. ഈ സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി വരുമാനം 2.5 ശതമാനം ഉയര്‍ന്ന് 14.2 ലക്ഷം കോടിയില്‍ എത്തുമെന്നായിരുന്നു കേന്ദ്ര ബജറ്റിലെ വിലയിരുത്തല്‍. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍, വരുമാനം ഇതിലും മുകളിലായിരിക്കാനാണ് സാധ്യത. നികുതി വരുമാനം ഉയരുന്ന സാഹചര്യത്തില്‍ പോലും വിവിധ മേഖലകളിലെ ചെലവുകള്‍ കുറച്ചുകൊണ്ട് ബജറ്റ് കമ്മി നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ബജറ്റ് കമ്മി, ജിഡിപിയുടെ 6.4 ശതമാനം ആയി ചുരുക്കുകയാണ് ലക്ഷ്യം. സബ്‌സിഡി ഭാരം ഒരു സര്‍ക്കാരിന്റെ ചെലവഴിക്കല്‍ രീതികളെ എങ്ങനെയാണ് സ്വാധീനിക്കുക എന്നകാര്യം ഇതിലൂടെ വ്യക്തമാണ്.
ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുന്നതിലൂടെ അതിദാരിദ്യവും പോഷകാഹാരക്കുറവും അനുഭവിക്കുന്നവരെ അതില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ അനര്‍ഹരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സൗജന്യങ്ങളിലൂടെയും സബ്സിഡികളിലൂടെയും വിപണിയുടെ യഥാര്‍ത്ഥ ശേഷിയെയും ജനങ്ങളുടെ ആവശ്യങ്ങളെയും അട്ടിമറിക്കുകയാണ് പലപ്പോഴും സര്‍ക്കാരുകള്‍. കോവിഡ് കാലത്ത് കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ തുടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ് കഴിഞ്ഞ ഓണക്കാലത്തും വിതരണം ചെയ്തിരുന്നു. ചെറിയൊരു വിഭാഗത്തിന് ഇത് ആശ്വാസമായി എന്ന കാര്യം നിലനില്‍ക്കെ തന്നെ പരോക്ഷമായി ഓണ വിപണിയിലെ സാധനങ്ങളുടെ ഡിമാന്‍ഡിനെ ഇത് സ്വാധിനിച്ചിരിക്കാം.
ഓണക്കാലത്തു ക്ഷേമ പെന്‍ഷനും ബോണസിനുമായി 3000 കോടി കടം എടുത്ത സര്‍ക്കാരാണ് കോവിഡിന്റെ ആഘാതം കുറഞ്ഞ ശേഷവും ഓണക്കിറ്റിനായി 425 കോടി ചെലവഴിച്ചത്. ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് നയങ്ങള്‍ രൂപീകരിക്കാതെ നേരിട്ട് പണം നല്‍കുന്ന പദ്ധതികള്‍ക്ക് പിന്നില്‍ പലപ്പോഴും രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. പിഎം കര്‍ഷക സമ്മാന്‍ നിധി അതിന് ഉദാഹരണമാണ്. വിവിധ മേഖലകളില്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടുകൊണ്ട് പുരോഗതി ഉറപ്പുവരുത്തുന്നതിന് പകരം ഇത്തരം പദ്ധതികളിലൂടെ ജനങ്ങളുടെ പ്രീതിപിടിച്ചുപറ്റാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. തുടര്‍ ഭരണം ലക്ഷ്യമിട്ട് പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യവും ഇതുതന്നെയാണ്.