മൊബൈല്‍ ഫോണുകളും ഉപേക്ഷിക്കുന്നു, സര്‍പ്രൈസുകള്‍ ബാക്കിയെന്ന് ഇസ്രയേല്‍ സൈന്യം; ലോകത്തിന് പുതിയ ആശങ്ക
വിതരണ ശൃംഖലയിലുണ്ടായ സുരക്ഷാ പിഴവാണ് സ്‌ഫോടനത്തിന് കാരണമായതെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ ആശങ്കയ്ക്ക് തുടക്കമിട്ടത്
രാജ്യത്തെ മുഴുവന്‍ നടുക്കിയ പേജര്‍, വാക്കി ടോക്കി സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ മൊബൈല്‍ ഫോണുകള്‍ പോലും ഉപയോഗിക്കാന്‍ ലെബനനില്‍ ആളുകള്‍ക്ക് പേടിയെന്ന് റിപ്പോര്‍ട്ടുകള്‍. പലരും ബാറ്ററിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ആരോപിച്ച ലെബനന്‍ ശക്തമായി തിരിച്ചടിക്കുമെന്നും പ്രതികരിച്ചു. എന്നാല്‍ ലെബനനില്‍ ശക്തമായ ബോംബാക്രമണം നടത്തിയാണ് ഇസ്രയേല്‍ ഇതിന് മറുപടി നല്‍കിയത്. ലെബനന്‍ സായുധ സംഘമായ ഹിസ്ബുള്ളയുടെ നൂറിലധികം റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ലെബനന്റെ ആക്രമണത്തില്‍ വടക്കന്‍ അതിര്‍ത്തിയില്‍ രണ്ട് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
വാക്കി ടോക്കികള്‍ നിര്‍മിച്ചത് ഇസ്രയേല്‍?
കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച വാക്കിടോക്കികളും പേജറുകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം നിറുത്തിയതാണെന്ന് കമ്പനികള്‍ അറിയിച്ചത് കൂടുതല്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പ്രമുഖ കമ്പനികളുടെ പേരില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ യൂണിറ്റ് 8200 ആണ് ഇവ നിര്‍മിച്ച് വിതരണം ചെയ്തതെന്ന് ഗൂഢസിദ്ധാന്തക്കാര്‍ (conspiracy theory) വാദിക്കുന്നു. ഫെബ്രുവരിയില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് പേജറുകളിലേക്ക് മാറാനുള്ള ഹിസ്ബുള്ളയുടെ തീരുമാനം ഇസ്രയേല്‍ ചാരസംഘടനകള്‍ മണത്തറിഞ്ഞിരുന്നു. ഇതിന് പിന്നാലെ ജപ്പാന്‍, തായ്‌വാന്‍ കമ്പനികളുടെ പ്രതിനിധികള്‍ ചമഞ്ഞ് ഹിസ്ബുള്ള നേതാക്കളില്‍ നിന്ന് ഓര്‍ഡര്‍ വാങ്ങിയതും ഇസ്രയേല്‍ ചാരന്മാരായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ നിര്‍മിച്ച ഉപകരണങ്ങള്‍ ഹിസ്ബുള്ളയുടെ കൈകളിലെത്തിയ ശേഷവും പറ്റിയ സമയത്തിനായി ഇസ്രയേല്‍ കാത്തിരുന്നുവെന്നും ഇവര്‍ വാദിക്കുന്നു.
വാക്കിടോക്കിയില്‍ ബോംബ് സ്ഥാപിക്കുന്നത് എളുപ്പമല്ലെന്നാണ് നിര്‍മാണ കമ്പനിയായ ഐകോമിന്റെ പ്രതികരണം. ലെബനനില്‍ പൊട്ടിത്തെറിച്ച മോഡലുകള്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം നിറുത്തിയവയാണ്. ലെബനനില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഇസ്രയേല്‍ ചാരസംഘടനകളോ അവരുമായി ബന്ധമുള്ള ഏതെങ്കിലും കമ്പനികളോ ആണ് സംഭവത്തിന് പിന്നിലെന്നും ഗൂഢസിദ്ധാന്തക്കാര്‍ പറയുന്നു. പേജറുകള്‍ നിര്‍മിച്ച ബി.എ.സി എന്ന കമ്പനിക്ക് ഇസ്രയേലി ബന്ധമുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭയം നിറഞ്ഞ് ലെബനന്‍
തുടരെയുണ്ടായ ആക്രമണങ്ങളില്‍ പകച്ചിരിക്കുകയാണ് ലെബനന്‍. സായുധ സംഘമായ ഹിസ്ബുള്ളയുടെ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും പൊതുവേദികളില്‍ നിന്നും അപ്രത്യക്ഷരായി. എങ്ങനെയാണ് ആക്രമണമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ലെബനന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇനിയും സര്‍പ്രൈസുകളുണ്ടെന്ന തരത്തില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ പ്രസ്താവന ലെബനനിലെ സാധാരണക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപുകള്‍, സോളാര്‍ സെല്ലുകള്‍, റേഡിയോ തുടങ്ങിയവയെല്ലാം പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വാക്കി ടോക്കി പോലുള്ള ആശയ വിനിമയ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നവരെല്ലാം ഇതൊഴിവാക്കിയിട്ടുണ്ട്.
വിതരണ ശൃംഖലയുടെ സുരക്ഷയില്‍ ആശങ്ക
അതേസമയം, ലെബനനിലുണ്ടായ സ്‌ഫോടന പരമ്പര ആഗോള തലത്തില്‍ പുതിയൊരു ആശങ്കയ്ക്കും തുടക്കമിട്ടു. വിതരണ ശൃംഖലയിലുണ്ടായ (supply chain) സുരക്ഷാ പിഴവാണ് സ്‌ഫോടനത്തിന് കാരണമായതെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് ആധാരം. സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകള്‍ പോലും യുദ്ധോപകരണങ്ങള്‍ ആക്കുന്നതിനെതിരെ പ്രതിരോധ വിദഗ്ധരും രംഗത്തുവന്നിട്ടുണ്ട്. പുതിയ സംഭവങ്ങളുടെ വെളിച്ചത്തില്‍ ടെക് കമ്പനികള്‍ തങ്ങളുടെ വിതരണ ശൃംഖലയിലെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പൊതുജനങ്ങള്‍ക്ക് ഇത്തരം സാങ്കേതിക വിദ്യയിലുണ്ടായിരുന്ന വിശ്വാസം പോലും നഷ്ടപ്പെടുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
പല കമ്പനികളും ഇത്തരം ഭീഷണികള്‍ നേരിടാന്‍ സജ്ജമല്ലെന്നാണ് വിദഗ്ര്‍ പറയുന്നത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ആന്‍ഡ്ര്യൂ മൈനാര്‍ഡ് പറയുന്നു. കുറ്റവാളികള്‍ക്ക് ഇസ്രയേല്‍ തുറന്നുകൊടുത്തത് പുതിയൊരു സാധ്യതയാണെന്നും ഒരു ബിസിനസ് സാമ്രാജ്യം തന്നെ തകര്‍ക്കാന്‍ വിതരണ ശൃംഖലയിലെ അട്ടിമറി കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
സമാധാനത്തിന് ആഹ്വാനം ചെയ്ത് ലോകം
അതേസമയം, ലെബനനും ഇസ്രയേലും പരസ്പരം പോര്‍വിളികളുമായി രംഗത്തുവന്നതോടെ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ലോകരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ വഷളാകുന്നത് ഹമാസ്-ഇസ്രയേല്‍ വെടിനിറുത്തല്‍ കരാര്‍ നടപ്പിലാക്കുന്നത് വൈകിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ലെബനന്‍ കൂടുതല്‍ സംയമനം പാലിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഇസ്രയേലും ലെബനനും സംയമനം പാലിക്കണമെന്ന് വിവിധ രാഷ്ട്രതലവന്മാരും ആവശ്യപ്പെട്ടിട്ടുണ്ട്.