2023ന് ശേഷം ഹൃദയാഘാതം വന്ന് മരിച്ചത് 12 ഐ.റ്റി ജീവനക്കാര്‍! പിന്നില്‍ ജോലി സമ്മര്‍ദ്ദം? ഇടപെടല്‍ ആവശ്യപ്പെട്ട് സംഘടനകള്‍

മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍ അകാല മരണത്തിന് ഇരയാകുന്നത് ഞെട്ടിക്കുന്നത്

Update:2024-11-08 09:50 IST

image credit : canva

2023ന് ശേഷം ഹൃദയാഘാതം മൂലം മരിച്ചത് കേരളത്തിലെ ഐ.റ്റി സെക്ടറില്‍ ജോലിയെടുക്കുന്ന പന്ത്രണ്ടോളം പേര്‍, അതും മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍. ഇവരുടെ ജീവനെടുത്ത വില്ലന്‍ ജോലി സമ്മര്‍ദ്ദമോ? ഉറപ്പിച്ചു പറയാന്‍ കഴിയില്ല താനും. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ ഐ.റ്റി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.
അടുത്തിടെയുണ്ടായ അന്ന സെബാസ്റ്റ്യന്റെ മരണത്തിന് ശേഷമാണ് തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. അന്ന സെബാസ്റ്റ്യന്റെ അനുഭവം ഒറ്റപ്പെട്ടതല്ലെന്നും സമാനമായ സംഭവങ്ങള്‍ കേരളത്തിലും വ്യാപകമാണെന്നും പ്രതിധ്വനിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചാല്‍ മതിയാകും. കൊല്ലം സ്വദേശി രാഹുല്‍ വി.എസ് (40), തമിഴ്‌നാട് സ്വദേശി കനിവാലന്‍ രമേശ് (41), കണ്ണൂര്‍ സ്വദേശിനി ജീന ബി(30), തൊടുപുഴ സ്വദേശിനി ദിവ്യ സുന്ദരം (40), കൊച്ചി സ്വദേശി ജയന്‍ (49), പോത്തന്‍കോട് സ്വദേശി ശ്രുതി ശങ്കര്‍ (32) ... ഇങ്ങനെ തുടരുന്നു കഴിഞ്ഞ മാസങ്ങളില്‍ ഹൃദയാഘാതം മൂലം മരിച്ച ഐ.റ്റി ജീവനക്കാരുടെ പട്ടിക. ഇവരെല്ലാം 30 മുതല്‍ 50 വയസ് വരെയുള്ളവരാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ പറയാം. കേരളത്തിലെ ഐ.റ്റി കമ്പനികളില്‍ ജോലി ചെയ്തിരുന്നവരോ സംസ്ഥാനത്തിന് പുറത്തെ കമ്പനികളില്‍ പണിയെടുത്തിരുന്ന മലയാളികളോ ആണ് ഇവരെല്ലാം. ഇക്കാര്യത്തില്‍ കൃത്യമായ പഠനം നടത്തിയിട്ടില്ലാത്തതിനാല്‍ പട്ടിക ഇനിയും വര്‍ധിക്കാമെന്നാണ് പ്രതിധ്വനിയുടെ ഭാരവാഹികള്‍ പറയുന്നത്. കൃത്യമായ പഠനങ്ങളില്ലാത്തതിനാല്‍ ജോലി സമ്മര്‍ദ്ദമാണ് ഇവരുടെ ജീവനെടുത്തതെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല.

ജീവനെടുക്കുന്ന ഡെഡ് ലൈന്‍

മിക്ക ഐ.റ്റി കമ്പനികളുടെയും മാനേജര്‍മാര്‍ ടീം അംഗങ്ങള്‍ക്ക് നല്‍കുന്ന ഡെഡ് ലൈന്‍ ( ജോലി ചെയ്തു തീര്‍ക്കേണ്ട അവസാന തീയതി) പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നാണ് ജീവനക്കാരുടെ പരാതി. ചെറിയ കാര്യങ്ങള്‍ക്ക് പോലും കടുംപിടുത്തം പിടിക്കുന്ന 'മൈക്രോ മാനേജ്‌മെന്റ്' രീതിയാണ് വില്ലന്‍. പലപ്പോഴും മാനേജര്‍മാര്‍ നല്‍കുന്ന ഡെഡ് ലൈനിനുള്ളില്‍ പണി തീര്‍ക്കാന്‍ പറ്റിയെന്ന് വരില്ല. അതോടെ അധിക സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകും. ഇത് മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കുമെന്നാണ് പരാതി. അധിക സമയം ജോലിയെടുപ്പിക്കുന്നതില്‍ നേരത്തെ മിക്ക കമ്പനികള്‍ക്കും കൃത്യമായ നയങ്ങളുണ്ടായിരുന്നു. ഒരു ജീവനക്കാരനെ അധിക സമയം ജോലിയെടുപ്പിക്കാന്‍ മുതിര്‍ന്ന മാനേജര്‍മാരുടെ അനുമതി അത്യാവശ്യമായിരുന്നു. മിക്ക കമ്പനികളും ഇക്കാര്യം ഇപ്പോള്‍ പാലിക്കുന്നില്ലെന്നാണ് പരാതി. ജോലി സമയം കഴിഞ്ഞും ജീവനക്കാര്‍ക്ക് ഓഫീസ് കാര്യങ്ങള്‍ക്കായി ഫോണ്‍ കോളുകള്‍ വരാറുണ്ട്.

വര്‍ക്ക് ഫ്രം ഹോമും വില്ലന്‍

കൊവിഡ് കാലത്താണ് ഭൂരിഭാഗം കമ്പനികളും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയത്. ഇതോടെ ജീവനക്കാര്‍ വീട്ടിനുള്ളില്‍ തന്നെ തളച്ചിടപ്പെട്ടു. ഓഫീസിലെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ഫോണിലൂടെ മാത്രമായത് പല വിധ മാനസിക-ശാരീരിക പ്രശ്‌നങ്ങളിലേക്ക് വഴിവച്ചു. വര്‍ക്ക് ഫ്രം ഹോം എടുക്കുന്ന ജീവനക്കാര്‍ 24 മണിക്കൂറും അവൈലബിള്‍ ആയിരിക്കണമെന്നാണ് ചില കമ്പനികള്‍ പ്രതീക്ഷിക്കുന്നതെന്നും പ്രതിധ്വനിയുടെ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് യൂണിറ്റ് സെക്രട്ടറി വിനീത് ചന്ദ്രന്‍ പറയുന്നു. ഓഫീസിലും വീട്ടിലും ജോലി ചെയ്യാമെന്ന ഹൈബ്രിഡ് മോഡിലേക്ക് കമ്പനികള്‍ മാറിയത് ഗുണവും അതിനൊപ്പം ദോഷവുമാണെന്നും അദ്ദേഹം പറയുന്നു. പല കമ്പനികളും ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണമെന്ന നിബന്ധന വച്ചത് ഇക്കാര്യം കണക്കിലെടുത്താണ്.

എന്താണ് പരിഹാരം

ഐ.റ്റി ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴിലിടം സാധ്യമാക്കുന്നതിന് നിരവധി നിര്‍ദ്ദേശങ്ങളും പ്രതിധ്വനി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, പരാതി പരിഹാര സംവിധാനം, തൊഴില്‍ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കമ്മിറ്റി രൂപീകരിക്കുക, ഐ.റ്റി ജീവനക്കാര്‍ക്കായി മാനസിക ആരോഗ്യ ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സില്‍ മാനസിക രോഗങ്ങളും ഉള്‍പ്പെടുത്തുക, 2017ലെ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ടിലെ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതിലുള്ളത്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുഭാവപൂര്‍ണമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയതായും വിനീത് ചന്ദ്രന്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനായി സെമിനാറുകളും ഡിസ്‌ക്കൗണ്ട് നിരക്കില്‍ മെഡിക്കല്‍ ക്യാംപുകളും പ്രതിധ്വനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്.

ആരോഗ്യ കാര്യത്തില്‍ അലസത പാടില്ല

താന്‍ ചത്ത് മീന്‍ പിടിച്ചിട്ട് കാര്യമില്ലെന്ന് പണ്ടുള്ളവര്‍ പറയും. ജോലിക്കാര്യത്തിലും ഇക്കാര്യം ബാധകമാണ്. ജോലിക്കിടയില്‍ ഇടക്ക് ഇടവേളകള്‍ എടുക്കുന്നത് നല്ലതാണ്. യാത്രകള്‍ പോകാനും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും അവസരം കണ്ടെത്തണം. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ യോഗ പോലുള്ള മെഡിറ്റേഷന്‍ രീതികള്‍ ശീലമാക്കണം. ഇരുന്ന് ജോലി ചെയ്യുന്നവരായതിനാല്‍ കൃത്യമായ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതുകൂടാതെ നല്ല ഭക്ഷണം കഴിക്കുകയും നന്നായി ഉറങ്ങുകയും വേണം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മറ്റുള്ളവരുമായി പങ്കുവക്കാനും മറക്കരുത്. ആരും ഈ ഭൂമിയില്‍ ഒറ്റക്കല്ല.
Tags:    

Similar News