റിട്ടേണ്‍ ഫയല്‍ ചെയ്തില്ലങ്കില്‍ എന്തു സംഭവിക്കും, അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍
നഷ്ടങ്ങളുണ്ട്, പല വിധത്തില്‍
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബാക്കിയുള്ള സമയപരിധി ഇനി രണ്ടു ദിവസം മാത്രം. ജൂലൈ 31നകം റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും? ഗുരുതരമായ അനന്തര ഫലങ്ങള്‍ അറിഞ്ഞിരിക്കണം.
യഥാസമയം റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഡിസംബര്‍ 31 വരെ അതിനു സാവകാശം അനുവദിക്കും. പക്ഷേ, പുതിയ നികുതി സമ്പ്രദായത്തിലേക്ക് സ്വമേധയാ മാറും. പഴയ നികുതി സമ്പ്രദായം തെരഞ്ഞെടുക്കാനുള്ള അവസരം നഷ്ടപ്പെടും.
ജൂലൈ 31ന് ശേഷം ആദായ നികുതി നിയമത്തിലെ 234എഫ് വകുപ്പുപ്രകാരം പിന്നീടും റിട്ടേണ്‍ നല്‍കാം. എന്നാല്‍ 5,000 രൂപ വരെ പിഴ ഈടാക്കാം. വാര്‍ഷിക വരുമാനം അഞ്ചു ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഇത് 1,000 രൂപയാണ്.
പ്രതിമാസം ഒരു ശതമാനം പലിശ
റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള നിശ്ചയിച്ച തീയതി മുതല്‍ പ്രതിമാസം ഒരു ശതമാനമെന്ന നിരക്കില്‍ ബാക്കി നില്‍ക്കുന്ന നികുതി സംഖ്യക്ക് പലിശ ഈടാക്കും. എന്നാല്‍ നികുതി കുടിശികയേക്കാള്‍ വലിയ പിഴ ചുമത്താന്‍ അനുവാദമില്ല.
യഥാസമയം റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് വേറെയുമുണ്ട് നഷ്ടം. മൂലധന നിക്ഷേപത്തിന്മേലുള്ള നഷ്ടം അടുത്ത വര്‍ഷങ്ങളിലേക്ക് 'കാരി ഫോര്‍വേഡ്' ചെയ്ത് നികുതി ലാഭിക്കാനുള്ള അവസരം നഷ്ടപ്പെടും. അടുത്തവര്‍ഷം ലാഭം കിട്ടുന്നതില്‍ നിന്ന് മുന്‍വര്‍ഷത്തെ നഷ്ടം തട്ടിക്കിഴിക്കാനുള്ള അവകാശമാണ് ഇല്ലാതാകുന്നത്.