ജപ്പാനിലെ ലഹരിക്കേസ്: നെസ് വാഡിയക്ക് ബ്രിട്ടാനിയ ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ടേക്കും

Update:2019-05-03 13:35 IST

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീം ഉടമകളിലൊരാളും ബിസിനസുകാരനുമായ നെസ്സ് വാഡിയക്ക് ജപ്പാന്‍ കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് അദ്ദേഹത്തിൻറെ ഡയറക്ടർ സ്ഥാനം സംബന്ധിച്ച് നിയോമോപദേശം തേടിയിരിക്കുകയാണ്.

മാർച്ചിൽ ജപ്പാനിലെ ന്യൂ ചിറ്റോസ് വിമാനത്താവളത്തില്‍ വച്ചാണ് 25 ഗ്രാം കഞ്ചാവുമായി വാഡിയ അറസ്റ്റിലാകുന്നത്. എന്നാൽ അഞ്ചു വർഷത്തേക്ക് വിധി സസ്‌പെൻഡ് ചെയ്തിരിക്കുന്നതിനാൽ, വാഡിയക്ക് ഇന്ത്യയിൽ തങ്ങാം.

വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ് ബ്രിട്ടാനിയ. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂറിനോടാണ് കമ്പനി ബോർഡ് നിയമോപദേശം തേടിയിരിക്കുന്നത്. സ്വതന്ത്ര ഡയറക്ടർമാരാണ് നെസ് വാഡിയ തുടരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചത്.

അതേസമയം, നെസ് വാഡിയയുടെ പിതാവും ഗ്രൂപ്പ് ചെയർമാനുമായ നുസ്ലി വാഡിയ മകനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മുതിർന്ന അഭിഭാഷകനായ ഫാലി എസ്. നരിമാന്റെ അഭിപ്രായം എടുത്തുകൊണ്ടാണ് അദ്ദേഹം നെസ് വാഡിയക്ക് തുടരാമെന്ന നിലപാടെടുത്തത്. എന്നാൽ രണ്ടാമതൊരു അഭിപ്രായം തേടുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചില്ല.

ബോംബെ ബർമയുടെ മാനേജിങ് ഡയറക്ടറായ നെസ് വാഡിയ ബോംബെ ഡയിങ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, നാഷണൽ പെറോക്സൈഡ് എന്നിവയുടെ ഡയറക്ടറും കൂടിയാണ്.

വാഡിയയുടെ അറസ്റ്റിനെക്കുറിച്ചുള്ള വാർത്തയ്ക്ക് പിന്നാലെ ഏപ്രിൽ 30 ന് വാഡിയ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Similar News