ജിയോയുടെ ഫ്യൂസ് പോയോ; സേവനങ്ങള്‍ രാജ്യവ്യാപകമായി തടസപ്പെട്ടെന്ന് റിപ്പോര്‍ട്ട്
ഡാറ്റ സെന്ററിലുണ്ടായ തീപിടുത്തമാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും പരിഹരിച്ചെന്നും കമ്പനി
റിലയന്‍സ് ഗ്രൂപ്പിന്റെ ജിയോ മൊബൈല്‍ നെറ്റ്‌വര്‍ക്ക് രാജ്യവ്യാപകമായി പണിമുടക്കിയെന്ന് റിപ്പോര്‍ട്ട്. പലയിടത്തും നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉപയോക്താക്കള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരാതിപ്പെട്ടു. ഓണ്‍ലൈന്‍ സേവനങ്ങളുടെ പ്രകടനം അളക്കുന്ന ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാണ്ട് 10,000 കേസുകളെങ്കിലും രാവിലെ 10 മണിക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ കണക്കുകള്‍ പറയുന്നത്. ജിയോയുടെ ഡാറ്റ സെന്ററിലുണ്ടായ തീപിടുത്തമാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നുമാണ് ഇതുസംബന്ധിച്ച് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
ഏതാണ്ട് 70 ശതമാനത്തോളം പേരും തങ്ങളുടെ മൊബൈലില്‍ നോ സിഗ്നല്‍ എന്ന് കാണിക്കുന്നതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മറ്റ് കേസുകള്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ജിയോ ഫൈബര്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. കോള്‍ വിളിക്കാന്‍ പറ്റുന്നില്ല, ഇന്റര്‍നെറ്റ് കിട്ടുന്നില്ല, മെസേജുകള്‍ വരുന്നില്ല, റീച്ചാര്‍ജ് ചെയ്യാന്‍ പോലും പറ്റുന്നില്ലെന്നും ചിലര്‍ പരാതിപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ ജിയോ ഡൗണ്‍ (#jiodown) എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗാകുന്നുണ്ട്. മറ്റ് മൊബൈല്‍ നെറ്റ്‌വര്‍ക്കുകളായ എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, ബി.എസ്.എന്‍.എല്‍ എന്നിവ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുമുണ്ട്.