ദിവസം വെറും 1 രൂപയ്ക്ക് ജിയോസിനിമ പ്ലാന്‍; നെറ്റ്ഫ്‌ളിക്‌സിനെയും ആമസോണിനെയും ഞെട്ടിച്ച് അംബാനി
ഈ പ്ലാന്‍ ഉപയോഗിച്ച് ഒരേസമയം 4 ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോസിനിമ പ്രീമിയം സര്‍വീസുകളുടെ നിരക്ക് വെട്ടിക്കുറച്ചു. 99 രൂപയുടെ പ്രതിമാസ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ 29 രൂപയായിട്ടാണ് കുറച്ചത്. ദിവസം വെറും ഒരു രൂപയില്‍ താഴെയുള്ള പാക്കേജ് അവതരിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സിനും ആമസോണ്‍ പ്രൈമിനും വെല്ലുവിളി ഉയര്‍ത്തുകയാണ് ജിയോസിനിമയുടെ ലക്ഷ്യം.
നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് ഇവന്റുകള്‍ സൗജന്യമായിട്ടാണ് ജിയോസിനിമയില്‍ ലഭിക്കുന്നത്. പരസ്യമില്ലാത്ത പ്രീമിയം ഉള്ളടക്കങ്ങള്‍ക്കും നിരക്ക് കുറച്ചതോടെ കൂടുതല്‍ പ്രീമിയം ഉപയോക്താക്കളെ കണ്ടെത്താമെന്നാണ് ജിയോസിനിമയുടെ കണക്കുകൂട്ടല്‍. ജിയോസിനിമയുടെ വരവോടെ ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു. ഇപ്പോള്‍ പുതിയ നിരക്ക് യുദ്ധത്തിലൂടെ അംബാനി തന്ത്രം മാറ്റിയതോടെ നെറ്റ്ഫ്‌ളിക്‌സും ആമസോണും സമ്മര്‍ദത്തിലാകും.
കുടുംബപ്രേക്ഷകരെ ലക്ഷ്യം
ജിയോസിനിമയുടെ ഫാമിലി പ്ലാന്‍ 89 രൂപയായി കുറച്ചിട്ടുണ്ട്. ഈ പ്ലാന്‍ ഉപയോഗിച്ച് ഒരേസമയം 4 ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. പരസ്യമില്ലാതെ പരിപാടികള്‍ കാണാനും സാധിക്കും. നേരത്തെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന് 99 രൂപയായിരുന്നു പ്രതിമാസം ഈടാക്കിയിരുന്നത്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ കൂടുതല്‍ കണ്ടന്റുകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ജിയോസിനിമാസ്.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം
ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാതെയും പരിപാടികള്‍ ആസ്വദിക്കാനുള്ള സൗകര്യവും ഇനിമുതല്‍ ലഭ്യമാണ്. ഹോളിവുഡ് സിനിമകളും സീരിയസുകളും 4കെ ദൃശ്യമികവില്‍ 5 ഇന്ത്യന്‍ ഭാഷകളില്‍ കാണാന്‍ സാധിക്കുമെന്ന് വിയാകോം18 ഡിജിറ്റല്‍ വിഭാഗം സി.ഇ.ഒ കിരണ്‍ മണി വ്യക്തമാക്കി. ഗ്രാമീണ, ഇടത്തരം ഉപയോക്താക്കളെ കൂടുതലായി ജിയോസിനിമാസിലേക്ക് എത്തിക്കാനാണ് പുതിയ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഡിജിറ്റല്‍ സംപ്രേക്ഷണത്തിലൂടെ വലിയതോതില്‍ വരുമാനം നേടാന്‍ ജിയോസിനിമാസിന് സാധിക്കുന്നുണ്ട്. ഫ്രീയായി ഐപിഎല്‍ കാണിച്ച് പരസ്യത്തിലൂടെ വരുമാനം കണ്ടെത്തുകയാണ് ജിയോസിനിമയുടെ ബിസിനസ് തന്ത്രം.