അമ്മാവന് കൈവിട്ടു പോയ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് മരുമകന്‍; ആരാണ് പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന? അടിയന്തരാവസ്ഥ കണക്ഷന്‍
ഡി.വൈ ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയുടെ 51-ാമത്തെ ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. ഡി.വൈ ചന്ദ്രചൂഡ് കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ. സീനിയോറിട്ടി പ്രകാരം ചീഫ് ജസ്റ്റിസായി നിയമിതനായ സഞ്ജീവ് ഖന്നക്ക് ആറു മാസമാണ് പുതിയ പദവിയില്‍ പ്രവര്‍ത്തന കാലാവധി.
ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ 1983ല്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്ത് നിയമമേഖലയിലേക്ക് കടന്നു വന്ന സഞ്ജീവ് ഖന്നയുടെ പിതാവ് ദേവ്‌രാജ് ഖന്ന ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. അമ്മാവന്‍ ഹന്‍സ്‌രാജ് ഖന്ന സുപ്രീംകോടതി ജഡ്ജിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് സീനിയോറിട്ടിയില്‍ തന്നെ മറികടന്ന് ചീഫ് ജസ്റ്റിസ് നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജി വെക്കുകയായിരുന്നു.
ശ്രദ്ധേയമാണ് അമ്മാവന്‍ ഹന്‍സ്‌രാജ് ഖന്നക്ക് മുമ്പ് ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിക്കപ്പെട്ട സംഭവ വികാസം. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, അതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ എത്തി. അടിയന്തരാവസ്ഥ വഴി മൗലികാവകാശ ലംഘനം ഇല്ലാതാക്കിയതിനെ ശരിവെക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിക്കുകയാണ് അദ്ദേഹം ചെയ്തത്. അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമായ നീക്കമാണെന്ന് ജസ്റ്റിസ് ഹന്‍സ്‌രാജ് ഖന്ന നിരീക്ഷിച്ചു. ഈ വിയോജന വിധിയാണ് യഥാര്‍ഥത്തില്‍ അദ്ദേഹത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടപ്പെടുത്തിയത്. സീനിയോറിട്ടി അടിസ്ഥാനത്തില്‍ അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കുന്ന കീഴ്‌വഴക്കം മറികടന്ന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് എം.എച്ച് ബേഗിനെ അടുത്ത ചീഫ് ജസ്റ്റിസാക്കി. പ്രതിഷേധിച്ച് ഹന്‍സ്‌രാജ് ഖന്ന രാജി വെച്ചു.
ഭരണഘടനയില്‍ വിശാലമായ പാണ്ഡിത്യം
സഞ്ജീവ് ഖന്നക്ക് ഭരണഘടന, നികുതി, വാണിജ്യം, പരിസ്ഥിതി വിഷയങ്ങളില്‍ വിശാലമായ അനുഭവ സമ്പത്തുണ്ട്. നേരത്തെ ആദായ നികുതി വകുപ്പിന്റെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായത്. 2006ല്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരി 18ന് സുപ്രീംകോടതി ജഡ്ജിയായി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം നല്‍കിയതടക്കം സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചു. ഇടക്കാല ജാമ്യമാണ് ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് പ്രചാരണം നടത്താന്‍ കെജ്‌രിവാളിന് സഹായകമായത്. ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയതടക്കം സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചില്‍ അംഗമായിരുന്നു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിപ്പോന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച ബെഞ്ചിലും അംഗമായി. 2025 മാര്‍ച്ച് 13 വരെയാണ് പുതിയ ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തന കാലാവധി.