കെ-സ്മാര്‍ട്ട് എത്തി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനവും ഒറ്റ ആപ്പില്‍
2024 ജനുവരി ഒന്ന് മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ ലഭ്യമാകും
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും 2024 ജനുവരി ഒന്ന് മുതല്‍ ഒറ്റ മൊബൈല്‍ ആപ്പില്‍ ലഭ്യമാകും. കെ-സ്മാര്‍ട്ട് എന്ന് അറിയപ്പെടുന്ന ഈ ഓണ്‍ലൈന്‍ സംവിധാനം തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് വികസിപ്പിച്ചത്. ആദ്യം നഗരസഭകളിലും തുടര്‍ന്ന് പഞ്ചായത്തുകളിലും ഈ സംവിധാനം നടപ്പിലാക്കും.
സ്ഥലത്തെ കുറിച്ചറിയാം
സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കുക മാത്രമല്ല ഒരു സ്ഥലത്തിനെ സംബന്ധിക്കുന്ന പൂര്‍ണ വിവരങ്ങളും ഈ ആപ്പില്‍ ലഭിക്കും. സ്ഥലം തീര പരിപാലന നിയമ പരിധി, എയര്‍പോര്‍ട്ട്, റെയില്‍വേ സോണുകളില്‍ ഉള്‍പ്പെട്ടതാണോ എന്നറിയാന്‍ സാധിക്കും. അത്തരം സ്ഥലങ്ങളില്‍ കെട്ടിടം എത്ര ഉയരത്തില്‍ പണിയാം, സെറ്റ് ബാക്ക് എത്ര മീറ്റര്‍ വേണം തുടങ്ങിയ വിവരങ്ങളും ലഭിക്കും.
ഈ സേവനങ്ങള്‍ ലഭിക്കും
ബ്ലോക്ക് ചെയിന്‍, വിര്‍ച്വല്‍ റിയാലിറ്റി, നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ആപ്പ് വികസിപ്പിച്ചത്. അപേക്ഷ ഫീസുകള്‍, നികുതി, മറ്റു ഫീസുകള്‍ ഓണ്‍ലൈനായി അടക്കാന്‍ സൗകര്യമുണ്ടാകും. ആദ്യ ഘട്ടത്തില്‍ വിവാഹ, ജനന, മരണ രജിസ്ട്രേഷന്‍, വാണിജ്യ ലൈസന്‍സുകള്‍, വസ്തു നികുതി, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളാണ് കെ-സ്മാര്‍ട്ട് വഴി ലഭിക്കുന്നത്.