കിലോഗ്രാമിന് 600 കടന്ന് കാന്താരി! കൂടുതൽ പ്രിയം പ്രവാസികൾക്ക്

കാന്താരിക്ക് പ്രിയം കൂടാൻ കാരണം പലത്

Update:2024-09-21 11:26 IST
കാന്താരി മുളകിന് വില കിലോഗ്രാമിന് 600 രൂപ കടന്നു. പ്രവാസികൾക്ക് കാന്താരിയോട് പ്രിയം കൂടുന്നതിനിടയിലാണിത്. കാന്താരിയാകട്ടെ, ആവശ്യത്തിന് കിട്ടാനുമില്ല. മഴക്കാലം കാന്താരി മുളകിന്റെ വിളവെടുപ്പ് മോശമാക്കിയിരുന്നു.
മൂന്നു മാസം മുമ്പ് കാന്താരിക്ക് വില 1,000 രൂപ കവിഞ്ഞിരുന്നു. നാട്ടിലേക്കുള്ള പ്രവാസി വരവ് വർധിക്കുന്ന അവധിക്കാലം കഴിഞ്ഞതോടെയാണ് വില താഴ്ന്നത്. കാന്താരി ഉണങ്ങിയതും ഉപ്പു ചേർത്ത് ഉണക്കിയതും പ്രവാസികളുടെ മടക്കയാത്രയിലെ ഒരിനമാണ്. രാസവസ്തുക്കൾ ചേർത്തിട്ടില്ല, മരുന്നും വളപ്രയോഗവും കുറവാണ്, കൊളസ്ട്രോൾ ഉള്ളവർക്ക് നല്ല ഔഷധമാണെന്ന പ്രചാരണം എന്നിവയൊക്കെയാണ് പ്രവാസികളെ കാന്താരിയോട് അടുപ്പിക്കുന്നത്.
കാന്താരി ചീനി കൃഷി ചെയ്യാൻ ചെലവു വളരെ കുറവാണ്. നല്ല മണ്ണിൽ സമൃദ്ധമായി കായ്ക്കും. വളപ്രയോഗം വേണ്ട. ഇതൊക്കെ കണക്കിലെടുത്ത് കാന്താരി വെച്ചുപിടിപ്പിക്കുന്ന കർഷകരുടെ എണ്ണം കൂടിയിട്ടുണ്ട്. പച്ച കാന്താരിക്കാണ് തൂക്കം കൂടുതലുള്ള വെള്ള കാന്താരിയേക്കാൾ പ്രിയം. ഇടക്ക് താഴെപ്പോയ വില വീണ്ടും കയറിയതോടെ കർഷകരുടെ കാന്താരി പ്രേമം കൂടിയിട്ടുണ്ട്.
Tags:    

Similar News