കരിപ്പൂര്‍ വിമാനത്താവളം: വികസനത്തിന് സ്ഥലം വിട്ടുനല്‍കി ഭൂവുടമകള്‍

നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളിലായി 80 ഭൂവുടമകളില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്

Update: 2023-09-25 07:55 GMT

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ മുഴുവന്‍ ഉടമകളും രേഖകള്‍ കൈമാറി. ശനിയാഴ്ച നെടിയിരുപ്പ് പാലക്കപ്പറമ്പ് അങ്കണവാടിയില്‍ നടന്ന പ്രത്യേക ക്യാംപില്‍ 37 പേര്‍ രേഖകള്‍ നല്‍കി. ഒരാള്‍ വിമാനത്താവളത്തിലെ ഓഫീസിലെത്തിയും രേഖകള്‍ കൈമാറി. നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ നാലു സംഘമായി ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചു. ഹാജരാക്കിയ രേഖകളിലെ പോരായ്മകള്‍ ഉദ്യോഗസ്ഥര്‍ ഭൂവുടമകളെ അറിയിച്ചു. ഇവ ശരിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു.

നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും

നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളിലായി 80 ഭൂവുടമകളില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. ആധാരം, നികുതി രസീത്, കുടിക്കട സര്‍ട്ടിഫിക്കറ്റ്, പട്ടയം, കൈവശ സര്‍ട്ടിഫിക്കറ്റ്, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവയുടെ പകര്‍പ്പുകളാണ് സ്വീകരിച്ചത്. രേഖകളുടെ വിശദമായ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാരത്തുക നിജപ്പെടുത്തും. തുടര്‍ന്ന് യഥാര്‍ഥ പ്രമാണങ്ങള്‍ ഏറ്റുവാങ്ങി തുക കൈമാറും. 30നകം നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ കണക്കാക്കിയ നഷ്ടപരിഹാരത്തുക ഭൂവുടമകളെ റവന്യൂ ഉദ്യോഗസ്ഥര്‍ ബോധിപ്പിച്ചിട്ടുണ്ട്. നെടിയിരുപ്പില്‍ 24, പള്ളിക്കലില്‍ 12 എന്നിങ്ങനെ 36 വീടുകളാണ് ഏറ്റെടുക്കുന്ന ഭൂമിയിലുള്ളത്. ഇതു കൂടാതെ, പള്ളിക്കലില്‍ രണ്ടു ക്വാര്‍ട്ടേഴ്സുകളും മൂന്ന് കെട്ടിടങ്ങളും വേറേയുമുണ്ട്. നെടിയിരുപ്പില്‍ ഒരു ടര്‍ഫ് ഗ്രൗണ്ടും കെട്ടിടവും ഉള്‍പ്പെടും. നഷ്ടപ്പെടുന്ന ഭൂമിക്ക് പുറമെ മരങ്ങള്‍, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കണക്കാക്കിയ തുക ഉദ്യോഗസ്ഥര്‍ ഭൂവുടമകളെ അറിയിച്ചു. പള്ളിക്കല്‍ പഞ്ചായത്തില്‍ പട്ടയമില്ലാത്ത ഭൂമിയില്‍ താമസിക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തുക ലഭിക്കും.

Tags:    

Similar News